താൻ പഠിപ്പിൽ മിടുക്കനാണെന്ന് ബോധ്യപ്പെടുത്താനായി മകൻ സ്വന്തമായി നിർമിച്ച പ്രോഗ്രസ് കാർഡ് വീട്ടിൽ കൊണ്ടുവന്ന് ഒപ്പുവാങ്ങുന്നു. പിന്നാലെ കാർഡിന്റെ ഉൽപത്തി രഹസ്യം വീട്ടിലറിയുന്നു. പിന്നെ എന്തു സംഭവിക്കും? ഒരുവിധപ്പെട്ട രക്ഷിതാക്കളൊക്കെ വീട്ടിൽ പട്ടാളനിയമം പ്രഖ്യാപിച്ചുകളയും. അടുത്ത പരീക്ഷക്കും ചെക്കൻ അതേ തരവഴിത്തരം ആവർത്തിച്ചാലോ? വീട്ടിലെ ക്രമവും സമാധാനവും തകരും; തന്തവൈബ് എന്താണെന്ന് ചെക്കൻ ശരിക്കറിയും. എന്നാൽ, ഇതേ ചെയ്ത്ത് സാക്ഷാൽ...
താൻ പഠിപ്പിൽ മിടുക്കനാണെന്ന് ബോധ്യപ്പെടുത്താനായി മകൻ സ്വന്തമായി നിർമിച്ച പ്രോഗ്രസ് കാർഡ് വീട്ടിൽ കൊണ്ടുവന്ന് ഒപ്പുവാങ്ങുന്നു. പിന്നാലെ കാർഡിന്റെ ഉൽപത്തി രഹസ്യം വീട്ടിലറിയുന്നു. പിന്നെ എന്തു സംഭവിക്കും?
ഒരുവിധപ്പെട്ട രക്ഷിതാക്കളൊക്കെ വീട്ടിൽ പട്ടാളനിയമം പ്രഖ്യാപിച്ചുകളയും. അടുത്ത പരീക്ഷക്കും ചെക്കൻ അതേ തരവഴിത്തരം ആവർത്തിച്ചാലോ?
വീട്ടിലെ ക്രമവും സമാധാനവും തകരും; തന്തവൈബ് എന്താണെന്ന് ചെക്കൻ ശരിക്കറിയും.
എന്നാൽ, ഇതേ ചെയ്ത്ത് സാക്ഷാൽ പിണറായി വിജയൻ ചെയ്താലോ? സ്വന്തം സർക്കാറിന്റെ പ്രവർത്തനം അതിഗംഭീരമാണെന്ന് ബോധ്യപ്പെടുത്താനായി തന്നത്താൻ തയാറാക്കിയ പ്രോഗ്രസ് കാർഡുമായി വന്നാലോ?
വന്നാലെന്താ! നമ്മൾ കൈയടിച്ചുകൊടുക്കും. പറ്റാവുന്നവരെല്ലാം പുത്തരിക്കണ്ടം മൈതാനത്തുപോയി തിക്കിത്തിരക്കി മുഖ്യമന്ത്രിയെ നോക്കി കൈവീശിക്കാണിക്കും.
അതായത്, താൻ വമ്പനാണെന്ന് നമ്മളെ ബോധ്യപ്പെടുത്താനായി സ്വന്തമായി ഉണ്ടാക്കിയ പ്രോഗ്രസ് കാർഡുമായി വന്ന മകനോടു പെരുമാറുന്നതുപോലെയല്ല, സ്വന്തമായി ഉണ്ടാക്കിയ പ്രോഗ്രസ് കാർഡുമായി വരുന്ന മുഖ്യമന്ത്രിയോട് പെരുമാറുക. എന്തുകൊണ്ടാണത്? നമുക്ക് കണ്ടുപിടിക്കാം.
ജനാധിപത്യ സംവിധാനത്തോടുള്ള ബഹുമാനവും ആദരവും ഒക്കെ കൂടിച്ചേർന്നുണ്ടാകുന്ന ഒരു അന്തരീക്ഷമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഒരു മുഖ്യമന്ത്രി അങ്ങനെ ചെയ്യില്ല എന്ന് നമ്മൾ കഠിനമായി വിശ്വസിക്കും.
എന്നാൽ സത്യമെന്താണ്? ഈ മന്ത്രിസഭ അധികാരത്തിലേറിയ ശേഷം നാലു വാർഷികത്തിനും പിണറായി വിജയൻ ഇതുതന്നെയാണ് ചെയ്തത്. സ്വന്തം ഭരണത്തെ സ്വന്തമായി വിലയിരുത്തി പ്രോഗ്രസ് റിപ്പോർട്ടുകൾ ഇറക്കി.
അഞ്ചുവർഷക്കാലത്തേക്ക് തന്നെയും തന്റെ പാർട്ടിയെയും അധികാരത്തിലേറ്റിയാൽ ഇന്നാലിന്ന 900 കാര്യങ്ങൾ ചെയ്തുതരാം എന്ന് രേഖപ്പെടുത്തിയ പ്രകടനപത്രിക നമ്മളെ കാണിച്ചാണ് മത്സരിച്ചത്. അത് ബോധ്യപ്പെട്ട നമ്മൾ വോട്ടുചെയ്തുകൊടുത്തു. ഭരണത്തിലെത്തി ആദ്യവർഷംതന്നെ 900 വാഗ്ദാനങ്ങളിൽ 758 എണ്ണം നടപ്പാക്കിത്തുടങ്ങി എന്നാണ് ഒന്നാം കാർഡിൽ പറഞ്ഞിരുന്നത്. 809 എണ്ണം നടപ്പാക്കിത്തുടങ്ങി എന്ന് രണ്ടാം റിപ്പോർട്ടിൽ. മൂന്നാം റിപ്പോർട്ടിൽ അങ്ങനെ എണ്ണം പറഞ്ഞിട്ടില്ല. പക്ഷേ, സാമൂഹിക പെൻഷൻ കൃത്യമായി വിതരണം ചെയ്യാൻ നടപടിയെടുത്തതായി പറയുന്നുണ്ട്. അങ്ങനെ പുതിയ നിറത്തിലും പുതിയ ഡിസൈനിലും പുതിയ കാർഡ് വന്നു. നമ്മൾ കൈയടിച്ചുകൊടുത്തു. രണ്ടാംവർഷംതന്നെ 809 വാഗ്ദാനങ്ങൾ നടപ്പാക്കിത്തുടങ്ങിയെങ്കിൽ നാലാംവർഷമായപ്പോൾ 900 എണ്ണവും പൂർത്തീകരണത്തോളം എത്തിയിരിക്കണമല്ലോ എന്ന് നമ്മൾ ചോദിച്ചില്ല. പ്രോഗ്രസ് റിപ്പോർട്ടും യാഥാർഥ്യവും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് നമ്മൾ ചോദിച്ചില്ല, ചോദിക്കില്ല. എന്തെന്നാൽ, പിണറായി വിജയൻ നമ്മുടെ ഭരണാധികാരിയാണ്. ഭരണാധികാരി ജനങ്ങളെ പറ്റിക്കില്ല എന്നാണ് ജനാധിപത്യ വ്യവസ്ഥിതിയിലെ തത്ത്വം.
ഒരു ഉത്സവപ്പറമ്പിലെ അന്തരീക്ഷമാണ് ആ വ്യവസ്ഥിതിക്കുള്ളത്. അതിൽ ലയിച്ച് നമ്മൾ നിൽക്കുമ്പോൾ മുച്ചീട്ടുകളിക്കാരൻ മുന്നിൽ വന്ന് ചീട്ടുകൾ നിരത്തുന്നു. ഈ തട്ടിപ്പുകളിയിൽ നമ്മൾക്ക് നഷ്ടം പറ്റുമെന്നും അയാളേ ജയിക്കൂ എന്നും നമുക്കറിയാം. എന്നാലും അയാളുടെ മുന്നിലെ ശീട്ടിൽ പണംവെക്കുന്ന നിമിഷം പണം പോകാനുള്ള സാധ്യത നമ്മൾ ഓർക്കുന്നേയില്ല. വെച്ചതിന്റെ ഇരട്ടി അടിക്കാനുള്ള സാധ്യത മാത്രമാണ് മനസ്സിൽ ഉണർന്നുനിൽക്കുക. അതേ വിശ്വാസം മുതലെടുത്താണ് ഭരണാധികാരി ഒരേ പ്രോഗ്രസ് കാർഡ് വീണ്ടും വീണ്ടും ഇറക്കി കളിക്കുന്നത്.
അതേസമയം, ഉത്സവപ്പറമ്പിൽനിന്ന് മടങ്ങി വീണ്ടുവിചാരത്തോടെ ഇരുന്നാലോചിച്ചാൽ കാര്യങ്ങൾ വ്യക്തമായി കാണാം.
പുറത്തുവന്ന നാലു റിപ്പോർട്ടുകളിലും അടുത്തടുത്ത അക്കങ്ങളിലായി വിവരിക്കുന്ന കാര്യങ്ങളാണ് പൊതുജനാരോഗ്യം, മെഡിക്കൽ കോളജ്, ആയുഷ് എന്നിവ. സേവനരംഗം ലോകോത്തര നിലവാരത്തിലാക്കാൻ നടപടിയെടുത്തു എന്ന് വിശദീകരിക്കാനാണ് ഇത്. എന്നിട്ടും മെഡിക്കൽ കോളജ് ആശുപത്രികളിൽനിന്ന് പൊതുജനങ്ങൾക്കുണ്ടാവുന്ന അനുഭവങ്ങൾ മറ്റൊരുതരത്തിലാണ്. നാലാം റിപ്പോർട്ട് വരുന്നതിന് രണ്ടു ദിവസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് കൊല്ലം കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയുടെ രണ്ടു മക്കൾ മഞ്ഞപ്പിത്തം മൂർച്ഛിച്ച് മരിച്ചത്. ചികിത്സ കിട്ടാഞ്ഞാണ് മക്കൾ മരിച്ചതെന്ന് അവരുടെ അച്ഛൻ കരഞ്ഞുപറഞ്ഞത് നമ്മൾ കേട്ടതാണ്. അതിന് രണ്ടാഴ്ച മുമ്പാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി പണിത കെട്ടിടത്തിൽ തീപടർന്ന് രോഗികൾ മരിച്ചത്. എങ്ങനെ തീപിടിത്തമുണ്ടായി എന്ന് പരിശോധിക്കുമ്പോഴും തീപിടിത്തമുണ്ടായി. മെഡിക്കൽ കോളജുകളിൽ കാണുന്നതിനേക്കാൾ ദയനീയവും ബീഭത്സവുമായ രംഗങ്ങളാണ് പൊലീസ് സ്റ്റേഷനുകളിൽ കാണുന്നത്.
പൊതുജനാരോഗ്യ രംഗം, ആഭ്യന്തരവകുപ്പ് എന്നൊക്കെ പറയുന്ന അടിത്തറയും പ്രോഗ്രസ് റിപ്പോർട്ട് എന്ന മേൽക്കൂരയും തമ്മിലുള്ള ബന്ധം ഇങ്ങനെയാണ് എന്ന് അടിത്തറയിൽ കഴിയുന്ന നമ്മൾ അറിഞ്ഞാൽ പോരാ. മേൽക്കൂര പണിയുന്ന മുഖ്യമന്ത്രി അറിയണം. അറിയില്ലെങ്കിൽ പാർട്ടി പറഞ്ഞുകൊടുക്കണം.
അങ്ങനെയൊരു സംവിധാനം പണ്ട് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. 1957ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വന്തം മന്ത്രിസഭ ഭരിച്ചപ്പോൾ യഥാർഥത്തിൽ ഭരണം നടത്തിയിരുന്നത് പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഷാഡോ മന്ത്രിസഭയാണ് എന്നൊരു ചരിത്ര രേഖയുണ്ട്. എം.എൻ. ഗോവിന്ദൻ നായർ, സി. ഉണ്ണിരാജ, ശർമാജി എന്നിവരടങ്ങുന്ന ഷാഡോ കാബിനറ്റ് എടുക്കുന്ന തീരുമാനങ്ങളാണ് ഇ.എം.എസ് മന്ത്രിസഭയുടെ തീരുമാനങ്ങളായി പുറത്തുവന്നിരുന്നത് എന്നാണ് അതിൽ പറയുന്നത്.
1957ലെ ഇ.എം.എസ് മന്ത്രിസഭയുടെ തുടർച്ചതന്നെയാണ് പിന്നീട് വന്നിട്ടുള്ള എൽ.ഡി.എഫ് മന്ത്രിസഭകളെല്ലാം എന്ന് സി.പി.എം നേതാക്കൾ ആവർത്തിച്ച് പറയാറുള്ളതാണ്. അതിന്റെ ചില ലക്ഷണങ്ങളൊക്കെ ഇടക്കാലത്ത് കണ്ടിട്ടുണ്ട്. 2006 മുതൽ 2011 വരെ ഭരിച്ചിരുന്നത് വി.എസ്. അച്യുതാനന്ദന്റെ മന്ത്രിസഭയാണ്. അക്കാലത്ത് എല്ലാ ദിവസവും വൈകുന്നേരം സെക്രട്ടേറിയറ്റിൽനിന്ന് പ്രധാനപ്പെട്ട ഫയലുകളൊക്കെ സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നു. അന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. അങ്ങനെവരുമ്പോൾ, ഭരണത്തെ പാർട്ടി വിലയിരുത്തുന്നതിൽ ഇപ്പോഴത്തെ മുഖ്യമന്ത്രിക്ക് ഇടച്ചിലൊന്നും ഉണ്ടാകാൻ വഴിയില്ല. ആ പണി പാർട്ടി ചെയ്യുന്നുണ്ടോ എന്നതാണ് അറിയേണ്ടത്.
ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ പാർട്ടി പറഞ്ഞത് ഓർമയില്ലേ? സർക്കാറിന്റെ ക്ഷേമപ്രവർത്തനങ്ങളും സർക്കാർ ചെയ്യുന്ന കാര്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ച പറ്റി എന്ന്. പുതിയൊരു ബസ് വാങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും താലൂക്കുതോറും ചെന്ന് ജനങ്ങളെ വിളിച്ചുകൂട്ടി എല്ലാം വിശദീകരിച്ചുകൊടുത്തിട്ടാണ് പാർട്ടി ഇങ്ങനെ പറഞ്ഞത്. ഒന്നോർത്താൽ പാർട്ടി പറഞ്ഞതിൽ കാര്യമുണ്ട്.
ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ അറിയുന്നത് അവർ അത് അനുഭവിക്കുമ്പോഴാണ്. അത് ഉണ്ടായിട്ടില്ലല്ലോ.
എന്തായാലും പ്രോഗ്രസ് കാർഡിറക്കി മുച്ചീട്ടുകളിച്ചതുകൊണ്ട് കാര്യമില്ല എന്ന് നാഷനൽ ഹൈവേ കൈവിട്ടുപോയ ഈ ഘട്ടത്തിലെങ്കിലും മുഖ്യമന്ത്രിക്ക് മനസ്സിലാകേണ്ടതാണ്. നാലാം പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നത് കേന്ദ്രസർക്കാർ ഉപേക്ഷിച്ചുപോവുകയായിരുന്ന ദേശീയപാത നമ്മൾ പിടിച്ചപിടിയാലെ കൊണ്ടുവന്നു എന്നാണ്. സ്ഥലം ഏറ്റെടുക്കാൻ 25 ശതമാനം പണം നമ്മൾ കൊടുക്കുന്നു എന്നതാണ്. അങ്ങനെ പാത നമ്മുടേതാണ് എന്നു പറയാൻ ധാരാളം ന്യായങ്ങൾ റിപ്പോർട്ടിലുണ്ട്. പറഞ്ഞിട്ടുമുണ്ട്. കൂരിയാട് വയലിൽ അഞ്ഞൂറു മീറ്റർ നീളത്തിൽ ഒരു വിള്ളൽ വീഴും വരെ പറഞ്ഞിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രിയും പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. സെക്രട്ടറി പറഞ്ഞിട്ടുണ്ട്. പാർട്ടിക്കാരൊക്കെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഈ വിള്ളൽ കണ്ടതോടെ ആ പറച്ചിൽ നിന്നു. പിന്നെ പൊതുമരാമത്ത് മന്ത്രി പറഞ്ഞത് കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞപോലെ എന്നുമാത്രമാണ്. മുഖ്യമന്ത്രി പറഞ്ഞത്, സ്ഥലം എടുക്കാൻ പൈസ കൊടുത്തു എന്നല്ലാതെ ദേശീയപാത പണിയുന്നതുമായി സംസ്ഥാന സർക്കാറിന് ഒരു ബന്ധവുമില്ല എന്ന്. എന്നുവെച്ചാൽ, ഭരണത്തുടർച്ചക്കായി ഒരുക്കിവെച്ചിരുന്ന ഏറ്റവും നല്ല പ്രചാരണസാമഗ്രിയാണ് ബി.ജെ.പിക്ക് എറിഞ്ഞുകൊടുക്കുന്നത്!
580 കിലോമീറ്റർ നീളത്തിൽ പണിതുവരുന്ന പാതയിൽ 500 മീറ്റർ നീളത്തിൽ ഒരു വിള്ളൽ കണ്ടപ്പോഴേക്ക് അത് മൊത്തത്തിൽ കൈവിടാൻ എന്തായിരിക്കും കാരണം? രണ്ട് കാര്യങ്ങളുടെ കുറവാണത്. പ്രാപ്തിയുടെയും ആർജവത്തിന്റെയും.
‘‘വലിയൊരു പദ്ധതിയാണ്. നമ്മളിത്ര ബൃഹത് പദ്ധതികൾ ഏറ്റെടുത്തുതുടങ്ങിയതല്ലേ ഉള്ളൂ. പാളിച്ചപറ്റി. മാറ്റിപ്പണിയാം’’ എന്നു പറഞ്ഞ് അവിടന്നങ്ങ് പണിയാൻ മനക്കരുത്ത് വേണം.
മുച്ചീട്ടുകളിക്കാർക്ക് അതുണ്ടാകില്ല. ചുറ്റും കൂടിനിൽക്കുന്നവരോട് വാചകമടിക്കുമ്പഴേ കാണൂ അരുടെ ഹീറോയിസം. വേറൊരു ശബ്ദം കേൾക്കുന്നതായി തോന്നിയാൽ അവർ പടം മടക്കി ഓടും. അതാണവരുടെ രീതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.