ഇന്നീ കേരളത്തിൽ ഏറ്റവുമധികം ഹൃദയവേദന അനുഭവിക്കുന്ന മനുഷ്യൻ പിണറായി വിജയനാണ്. രാഷ്ട്രീയ ബാഹ്യമായ നിസ്സഹായത കൊളുത്തിവലിക്കുകയാണാ പാവം മനുഷ്യനെ. ഇന്നദ്ദേഹം കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും സഭാനേതാവുമാണ്. ആ പദവികളിലിരുന്ന് പിണറായി വിജയൻ അനുഭവിക്കുന്ന ആത്മനിന്ദയെ ഒരളവുകോലുകൊണ്ടും തിട്ടപ്പെടുത്തുക സാധ്യമല്ല. പഴയൊരു നിയമസഭാ രേഖകൊണ്ട് വേണമെങ്കിൽ ശ്രമിക്കാമെന്നുമാത്രം. പിണറായി വിജയനെന്ന പൊതുപ്രവർത്തകന്റെ രക്തം നിയമസഭാ രേഖകളിൽ കിടന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയോട് നിലവിളിക്കുകയാണ്.
1977 മാർച്ച് 30ന് ബജറ്റ് ചർച്ചയിലെ പ്രസംഗമാണത്. അതിന്റെ ആദ്യത്തെ 11 വരി, അതായത് 132 അക്ഷരങ്ങൾ മാത്രമാണ് ബജറ്റിനെക്കുറിച്ചുള്ളത്. ‘സാർ, ഞാൻ ഈ വോട്ട് ഓൺ അക്കൗണ്ടിനെ എതിർക്കുകയാണ്, എന്ന് പറഞ്ഞുകൊണ്ടു തുടങ്ങിയ പ്രസംഗത്തിന്റെ ആ ഭാഗം പൊടുന്നനെ അവസാനിച്ചു. പിന്നീടുള്ളത് കേരള നിയമസഭ കേട്ട ഏറ്റവും ആത്മാർഥമായ വാക്കുകളാണ്. അതിൽനിന്നുള്ള ചില ഭാഗങ്ങൾ കേൾക്കാം. ‘‘1975 സെപ്റ്റംബർ 28നുശേഷം ഈ സഭയിൽ ആദ്യമായി സംസാരിക്കുന്ന ഒരാളെന്നുള്ള നിലയിൽ, മറ്റുചില കാര്യങ്ങൾ ഈ സഭയുടെ മുമ്പാകെ എനിക്കു പറയാനുണ്ട്’’. എന്നാണ് പറഞ്ഞുതുടങ്ങിയത്. ’75 സെപ്റ്റംബർ 28നു രാത്രിയിലാണ് എം.എൽ.എയായ പിണറായി വിജയനെ പൊലീസ് അറസ്റ്റ്ചെയ്ത് കൊണ്ടുപോയത്. സ്റ്റേഷനിലെത്തിയ ശേഷമുള്ള അനുഭവങ്ങൾ: ‘‘ലോക്കപ്പിനുപുറത്തെ ലൈറ്റ് ഓഫാക്കി. രണ്ടു ചെറുപ്പക്കാർ അകത്തുകയറി. ഒരാൾ വന്നുചോദിച്ചു: എന്താടോ പേര്?
‘‘വിജയൻ’’.
‘‘ഏത് വിജയൻ?’’.
‘‘പിണറായി വിജയൻ’’.
രണ്ടാളും അപ്പുറവും ഇപ്പുറവും നിൽക്കുകയാണ്. ‘‘ഓഹ്.. പിണറായി വിജയൻ...’’ എന്നു പറയുകയും അടി വീഴുകയും ചെയ്തു. രണ്ടുപേർ ആദ്യറൗണ്ട് അടിച്ചു. പോരെന്ന് അവർക്ക് തോന്നിയിട്ടായിരിക്കാം, സി.ഐ അടക്കം അഞ്ചു പൊലീസുകാർ പിന്നിൽ വന്നു. തല്ലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലല്ലോ. ഏതാണ്ട് കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകൾ ഇട്ട് തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പലഘട്ടങ്ങളിലായിട്ട്, പലപ്രാവശ്യമായിട്ട്. ഞാൻ വീഴുന്നുണ്ട്, എഴുന്നേൽക്കുന്നുണ്ട്. അവർ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്: ‘‘നീ ആഫീസർമാർക്കെതിരെ പറയുന്നുണ്ട്, മന്ത്രിമാർക്കെതിരെ പറയുന്നുണ്ട്; അല്ലേടാ? -എന്നൊക്കെ. പലപ്രാവശ്യം വീണു. എഴുന്നേൽക്കാൻ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയായതോടെ അവരെല്ലാം മാറിമാറി പുറത്തു ചവിട്ടി. എത്രമാത്രം ചവിട്ടാമോ അത്രമാത്രം ചവിട്ടി. ഞാൻ പിറ്റേദിവസം അങ്ങനെ കിടന്നു. അതിനിടെ ഷർട്ട് പോയിട്ടുണ്ട്. ബനിയൻ പോയിട്ടുണ്ട്. മുണ്ടുപോയിട്ടുണ്ട്. ട്രൗസർ മാത്രം അവശേഷിച്ചു. അതാണ് ലോക്കപ്പിൽവെച്ച് എനിക്കുണ്ടായത്. പിറ്റേദിവസം കണ്ണൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ എടുത്താണ് ജീപ്പിൽ കയറ്റിയത്. ഇറക്കിയ ശേഷം പിടിച്ച് താങ്ങിനിർത്തുകയായിരുന്നു. അർധരാത്രി കണ്ണൂർ സെൻട്രൽ ജയിലിൽ. ശരീരത്തിലെ മുറിവുകൾ കാണിച്ചുകൊടുത്തിട്ടും ഡെപ്യൂട്ടി ജയിലർ രേഖപ്പെടുത്തിയില്ല. ജയിലിൽ ഉണ്ടായിരുന്ന മറ്റ് എം.എൽ.എമാർ എടുത്താണ് ബ്ലോക്കിലേക്ക് കൊണ്ടുപോയത്. ആറാഴ്ചക്കാലം കാലിൽ പ്ലാസ്റ്ററുമായി കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. (അന്ന് സ്പീക്കറില്ല) മറുപടിയില്ല. പിന്നീട് റിട്ട്പെറ്റീഷൻ കൊടുത്തതും ‘ഇത് വളരെ ഗുരുതരമാണ്. ഈ സംഭവത്തെപ്പറ്റി ഗവൺമെന്റ് ആവശ്യമായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്’ എന്ന് ഹൈകോടതി പറഞ്ഞതും വിവരിച്ച ശേഷം പിണറായി തുടരുന്നു: ‘‘പിന്നെ ഞാൻ കേട്ടത് ഒരു അന്വേഷണം ഇതിൽ നടന്നു എന്നാണ്. എന്നോട് ആരും ഇതേവരെ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. റവന്യൂ ബോർഡ് മെംബറെ അന്വേഷിക്കാൻ നിയോഗിച്ചെന്നുകേട്ടു. ഒരു വ്യക്തിയും ഇതേവരെ, ഈ തീയതിവരെ എന്നോട് ചോദിക്കാൻ തയാറായിട്ടില്ല’’. (ഡെപ്യൂട്ടി സ്പീക്കർ ആർ.എസ്. ഉണ്ണിക്ക് കത്ത് കിട്ടിയതും അത് വായിച്ച് ആ ആർ.എസ്.പി നേതാവ് കരഞ്ഞതുമെല്ലാം അന്നത്തെ നിയമസഭാ സെക്രട്ടറി ആർ. പ്രസന്നൻ ‘അടിയന്തരാവസ്ഥയുടെ അലയൊലികൾ’ എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പിണറായി വിജയനെ പോയി കണ്ടാലോ എന്ന് ആർ.എസ്. ഉണ്ണി ചോദിച്ചപ്പോൾ, ഫലമുണ്ടാവില്ല എന്നു താനാണ് പറഞ്ഞതെന്നും പ്രസന്നൻ എഴുതിയിട്ടുണ്ട്).
ഇരയുടെ അനുഭവമാണിത്രയും (വിശദാംശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്). രാഷ്ട്രീയ പ്രവർത്തകന്റെ സ്വരമാണ് ഇനി: ‘‘ഞാൻ ഈ സഭയിലെ എല്ലാ അംഗങ്ങളോടും പറയുകയാണ്. നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. നമ്മളെല്ലാം ചേരിതിരിഞ്ഞ് പലരീതിയിലും വാദിക്കുന്നവരാണ്. പക്ഷേ, ഒരു പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ലോക്കപ്പിലിട്ട് ഒരാളെ മൃഗീയമായി തല്ലാൻ നേതൃത്വം കൊടുക്കുകയെന്നു പറഞ്ഞാൽ അത് രാഷ്ട്രീയമാണോ? ഇതാണോ രാഷ്ട്രീയം? ഒരു പൊലീസ് ഇൻസ്പെക്ടർക്ക് മാത്രം, അല്ലെങ്കിൽ കണ്ണൂർ ഡി.എസ്.പി തോമസിനു മാത്രമായി തല്ലാനുള്ള ധൈര്യംകിട്ടി എന്നാണോ ഞാൻ വിശ്വസിക്കേണ്ടത്. അങ്ങനെയല്ല, അങ്ങനെയായിരുന്നെങ്കിൽ അവർക്കെതിരെ നടപടി വരുമായിരുന്നു. ഒരു നടപടിയുമില്ല. ഇന്ന് തലശ്ശേരി സർക്കിൾ ഇൻസ്പെക്ടറാണ് ആ ബലറാം. എന്റെ വീട് റെയ്ഡ് ചെയ്തപ്പോൾ ആ ഏരിയയിലല്ല. തല്ലിക്കഴിഞ്ഞപ്പോൾ, നീ പോയി തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ ആയിക്കോ എന്നുപറഞ്ഞ് തലശ്ശേരിയിലാക്കിയിരിക്കുകയാണ്. ഇത് മാന്യതയാണോ?.. അതുകൊണ്ട് ഈ സഭയിലെ അംഗങ്ങളോട് എനിക്ക് പറയാനുള്ളത്, നമ്മളെല്ലാം രാഷ്ട്രീയക്കാരാണ്. ചേരിതിരിഞ്ഞ് വാദിക്കുന്നവരാണ്. പക്ഷേ, രാഷ്ട്രീയമായി ഇങ്ങനെ എതിർക്കാൻ ശ്രമിക്കരുത്. ഇതാർക്കും ഭൂഷണമല്ല. നിങ്ങളാരും ഇത് അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല.
മി. കരുണാകരനോട് എനിക്ക് ഒന്നുമാത്രമേ പറയാനുള്ളൂ. നമ്മൾ വളരെ ശക്തമായി പലതും സംസാരിച്ചിട്ടുണ്ട്. ഇനിയും പലതും സംസാരിക്കും. ഞാൻ ശ്രീ അച്യുതമേനോന് എഴുതിയ കത്തിൽതന്നെ ഇക്കാര്യം പറഞ്ഞിരുന്നു. ഇതാർക്കും അടക്കിനിർത്താൻ കഴിയില്ല...(സംസാരിക്കുന്ന) അവരെയെല്ലാം പൊലീസ് ലോക്കപ്പിൽ നാല് പൊലീസുകാരെ എൽപിച്ച് ഒരു സർക്കിൾ ഇൻസ്പെക്ടറെയുംകൂടി നിർത്തി തല്ലി ശരിപ്പെടുത്തി ഒതുക്കിക്കളയാനാണെങ്കിൽ അപ്പോൾ ഒതുങ്ങും. പിന്നീട് കൂടുതൽ ശക്തിയോടുകൂടി രംഗത്തുവരും. ഇത് ഭൂഷണമല്ല. ഇത് അന്തസ്സിന് ചേർന്നതല്ല, നിങ്ങൾ മുഖ്യമന്ത്രിയാണ്. ഇനിയും ഇത് ആവർത്തിക്കാനാണോ ശ്രമം? ഇനിയും ഈ രീതിയിൽ സംഭവങ്ങളെ കൊണ്ടുപോകാനാണോ ശ്രമം? ഇനിയും പൊലീസിനെ ഈ രീതിയിൽ കയറൂരി വിടാനാണോ ഭാവം?.. അങ്ങനെയുള്ള സർക്കിൾ ഇൻസ്പെക്ടർക്ക് താങ്ങും തണലുമായി ഇവിടെ ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നു അക്കാലത്ത്. ആ ആഭ്യന്തര മന്ത്രിതന്നെ ഇന്ന് മുഖ്യമന്ത്രിയായിരിക്കുകയാണ്. ആ പാരമ്പര്യം നിങ്ങൾ തുടരരുത്. ആ പാരമ്പര്യം അതേ രീതിയിൽ നിങ്ങൾ നടപ്പാക്കരുത്...ഇത്തരം പൊലീസ് മന്ത്രിമാർക്ക്, പൊലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകൾക്ക് ഈ നാട്ടിൽ എന്തുസംഭവിച്ചു, കേരളത്തിൽ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരൻ ഓർക്കണം. അതനുസരിച്ച് ഭരണം നടത്തണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ’’- ഈ പ്രസംഗം മുഴുവനായി ഇന്നും നിയമസഭാ രേഖയിലുണ്ട്. എന്നുമുണ്ടാവും.
സ്വന്തം ചോരയിൽ ചാലിച്ച ഈ വാക്കുകൾ മാറ്റൊലി കൊള്ളുന്ന ആ സഭയിൽ ഇരിക്കുമ്പോൾ, കരുണാകരൻ ഇരുന്ന അതേ മുറിയിൽ മുഖ്യമന്ത്രിയായി ഇരുന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ, പിണറായി വിജയൻ എന്ന മനുഷ്യൻ എത്രമാത്രം ഹൃദയവേദന അനുഭവിക്കുന്നുണ്ടാവും? കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽ താൻ അനുഭവിച്ചതെല്ലാം കുന്നംകുളം പൊലീസ് സ്റ്റേഷനിൽ തന്റെ ഭരണകാലത്ത് അനുഭവിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വി.എസ്. സുജിത്തിന്റെയും താൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിൽവെച്ച് അപമാനിക്കപ്പെട്ട സി.പി.എം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവിന്റെയും മുഖങ്ങൾ ഓർക്കുമ്പോൾ പിണറായി വിജയൻ എന്ന രാഷ്ട്രീയ പ്രവർത്തകൻ എത്രമാത്രം ആത്മനിന്ദ അനുഭവിക്കുന്നുണ്ടാവും? അധികാരക്കസേരയിലിരിക്കാൻ ഇത്രത്തോളം വേദനസഹിച്ച ഒരു മനുഷ്യൻ കേരള ചരിത്രത്തിൽ വേറെ കാണില്ല.
അതിനാൽ പ്രതിപക്ഷമേ, ആ മനുഷ്യനെ ഇനിയും വേദനിപ്പിക്കരുത്. നിയമസഭാ രേഖയിൽ ഇങ്ങനെയൊരു പ്രസംഗമുണ്ട് എന്ന് ഓർമിപ്പിക്കുകമാത്രം ചെയ്യുക. തനിച്ചിരിക്കാൻ വിടുക. ആഭ്യന്തര മന്ത്രിയാവുക എന്നത് ഒരു രാഷ്ട്രീയക്കാരന്റെ ഏറ്റവും ദയനീയമായ വിധിയാണ് എന്ന് നിങ്ങളെല്ലാവരും ഓർക്കുക. കാരണം, പൊലീസ് എന്നത് വേറൊരു ജനുസ്സിൽപെട്ട ജന്തുവാണ്. പിണറായി വിജയൻ ആ ചോരപ്രസംഗത്തിൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ ‘‘കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്’’ എന്താണ് പൊലീസിന്റെ സ്വഭാവമെന്ന്. സിംഹത്തെ ഓമനിച്ച് വളർത്തുന്നതുപോലെയാണതിനെ കൈകാര്യം ചെയ്യുന്നത്. നിങ്ങളിൽ ഏറ്റവും ധാർഷ്ട്യമുള്ള രാഷ്ട്രീയക്കാരനുപോലും അതിനെ മെരുക്കാനാവില്ലെന്ന് ഇപ്പോഴെങ്കിലും പഠിക്കുക. പൊലീസിനെന്ത് പിണറായി വിജയൻ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.