ഗുജറാത്തിൽ ദുരഭിമാനക്കൊല; ലിവിങ് റിലേഷൻഷിപ്പിലായതിന് മകളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛനും അമ്മാവനും

അഹമ്മദാബാദ്: ഗുജറാത്തിൽ യുവതിയെ കഴുത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛനും അമ്മാവനും. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് ചന്ദ്രിക ചൗദരി(18) എന്ന യുവതിയെ കൊലപ്പെടുത്തിയത്. പെൺകുട്ടി തന്‍റെ പങ്കാളിയോടൊപ്പം ലിവിങ് റിലേഷനിൽ താമസിക്കാൻ തീരുമാനിച്ചതിനാലാണ് കുടുംബം യുവതിയെ കൊലപ്പെടുത്തിയത്. ജൂൺ 25നാണ് സംഭവം.

പങ്കാളിയുടെ പരാതിയിൽ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയിൽ 478 മാർക്ക് നേടിയതോടെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശനത്തിന് യുവതി യോഗ്യത നേടിയിരുന്നു. തുടർ പഠനത്തിനും സ്വതന്ത്രമായി ജീവിക്കാനുമുള്ള യുവതിയുടെ തീരുമാനത്തെ കുടുംബം എതിർക്കുകയായിരുന്നു.

ചന്ദ്രിക ചൗധരിക്ക് പിതാവ് സെന്ദ മയക്കുമരുന്ന് കലർത്തിയ പാൽ നൽകുകയും തുടർന്ന് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം പിതാവും അമ്മാവൻ ശിവ്റാമും ചേർന്ന് മൃതദേഹം സംസ്കരിക്കുകയും ചെയ്തു. ചന്ദ്രികയുടെ മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രദേശവാസികളോട് പിതാവ് പറഞ്ഞതെന്ന് പൊലിസ് പറയുന്നു. സംഭവത്തിൽ ശിവ്‌റാമിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെന്ദയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

'ശിവറാം ചില കോളേജുകൾ സന്ദർശിച്ചിരുന്നു. അവിടെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് പഠിക്കുന്നത് കണ്ടിരുന്നു. ആൺകുട്ടിയുമായി പ്രണയത്തിലാകാനും വിവാഹം കഴിക്കാനും സാധ്യതയുള്ളതിനാൽ അവളെ അവിടെ അയക്കരുതെന്ന് അയാൾ അവളുടെ അച്ഛനോട് പറഞ്ഞു. അവർ അവളുടെ ഫോൺ വാങ്ങിവെക്കുകയും സോഷ്യൽ മീഡിയയിൽനിന്ന് അക്കൗണ്ട് നീക്കം ചെയ്യുകയും ചെ്തു. വീട്ടുജോലികൾ ചെയ്യാൻ നിർബന്ധിച്ചു.' ചന്ദ്രികയുടെ പങ്കാളിയായ ഹരേഷ് ചൗധരി പറഞ്ഞു.

ഗുജറാത്ത് ഹൈകോടതിയിൽ ഹരേഷ് സമർപിച്ച ഹേബിയസ് കോർപ്പസ് ഹർജി പരിഗണിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ചന്ദ്രിക കൊല്ലപ്പെട്ടത്. പാല് കുടിച്ച് നന്നായി വിശ്രമിക്കൂ, നന്നായി ഉറങ്ങു' എന്നാണ് അവസാനമായി അച്ഛന്‍ ചന്ദ്രികയോട് പറഞ്ഞതെന്ന് എഫ്‌.ഐ.ആറില്‍ പറയുന്നു.

ഈ വർഷം ഫെബ്രുവരിയിലാണ് ചന്ദ്രികയും ഹരേഷും തമ്മിൽ പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ചന്ദ്രിക കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് ലിവ്-ഇൻ റിലേഷൻഷിപ് എഗ്രിമെന്‍റിൽ ഒപ്പിട്ടത്. 'അവൾക്ക് മെഡിസിൻ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞങ്ങൾ ആരെയും ഉപദ്രവിച്ചിരുന്നില്ല. സമാധാനപരമായി ജീവിക്കാൻ മാത്രമാണ് ഞങ്ങൾ ആഗ്രഹിച്ചത്.' ഹരേഷ് പറഞ്ഞു

Tags:    
News Summary - Gujarat teen living with boyfriend killed over family honour by father uncle days before HC hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.