താനെ: നാല് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവിനെ അറസ്റ്റ് ചെയ്തു. ഒരുവർഷം മുമ്പാണ് സംഭവം നടക്കുന്നത്. യുവാവിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ട കുട്ടിയെ ചാക്കിലാക്കി ഭാര്യയുമായി ചേർന്ന് റായ്ഗഡ് ജില്ലയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി മാതൃസഹോദരി അപർണ പ്രതമേഷ് നൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ചയാണ് കുട്ടിയുടെ മാതൃസഹോദരിയെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ തലയോട്ടി മാത്രമേ വീണ്ടെടുക്കാൻ കഴിഞ്ഞുള്ളൂവെന്ന് താനെ പൊലീസ് അറിയിച്ചു. കുട്ടിയുടെ പിതാവ് രാഹുൽ ഗാഡ്ഗെ കഴിഞ്ഞ വർഷം ജയിലിലായിരുന്നു. കുട്ടിയെ പരിപാലിക്കാൻ ആരുമില്ലാത്തതിനാൽ റായ്ഗഡിൽ താമസിക്കുന്ന കുട്ടിയുടെ മാതൃസഹോദരി അപർണ പ്രതമേഷ് കാംബ്രി (22), ഭർത്താവ് പ്രതമേഷ് പ്രവീൺ കാംബ്രി (23) എന്നിവർ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഇരുവരിൽ നിന്നും ക്രൂര പീഡനങ്ങൾ കുട്ടി അനുഭവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടി തെറ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് അടിക്കുകയും പരിക്കേൽപിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ചോദ്യം ചെയ്യലിൽ ദമ്പതികൾ കൊലപാതകം ചെയ്തതായി സമ്മതിച്ചു. ഫോറൻസിക് പരിശോധനക്ക് കുട്ടിയുടെ തലയോട്ടി അയച്ചിട്ടുണ്ട്. അന്വേഷണംപുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.