ആറന്മുളയെക്കുറിച്ച് ലഭിക്കുന്ന ചരിത്രരേഖകളിൽ പഴക്കം ചെന്ന ഒന്ന് കിളിമാനൂർ രേഖയാണ്. തിരുപ്പാൽക്കടൽ ക്ഷേത്രത്തിലെ ഊരാൺമക്കാരിൽ ഒരാൾ ആറന്മുള ബ്രാഹ്മണ സെറ്റിൽമെന്റിൽപ്പെട്ടയാളാണ്. ഇതല്ലാതെ ആറന്മുളയെക്കുറിച്ച് കിട്ടുന്ന പ്രാചീന രേഖകളൊക്കെ കാവ്യരേഖകളാണ്. പതിമൂന്നാം നൂറ്റാണ്ടോടടുപ്പിച്ച് രചിക്കപ്പെട്ട തിരുനിഴൽമാല ആറന്മുള ഗ്രാമത്തെക്കുറിച്ചും ക്ഷേത്രത്തെ കുറിച്ചും ഒട്ടേറെ വിവരങ്ങൾ നൽകുന്നു. ആറന്മുള ഗ്രാമത്തിന്റെ ഭൂമിശാസ്ത്രം തിരുനിഴൽമാല വിടർത്തിയിടുന്നുണ്ട്.
ആറന്മുള ക്ഷേത്രത്തെയും പരിസരത്തെയും ദീർഘമായി വർണിക്കുന്നുണ്ട്. ക്ഷേ ത്രത്തിൽ മലയർ നടത്തുന്ന അനുഷ്ഠാനകർമങ്ങളോരോന്നും കണ്ണാടിയിൽ എന്ന പോലെ കവി തെളിച്ചുകാട്ടുന്നു. തിരുനിഴൽമാല ആത്യന്തികമായി പാട്ടുകൃതിയാണെങ്കിലും അതിൽ നിഴലിക്കുന്ന സാമൂഹ്യചരിത്രത്തെ അങ്ങനെയങ്ങ് അ വഗണിക്കാനാകില്ല.
മറ്റു ചരിത്രരേഖകളുടെ മതിയായ ആഭാവത്തിൽ തിരുനിഴൽമാല ആറന്മുളയുടെ ചരിത്രത്തെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത നിധിയാണ്. തുളുനാട്ടിലും കേരളത്തിലുമായുയുണ്ടായിരുന്ന 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ പ്രാചീനവും ഐശ്വര്യമുള്ളതുമായ ഒന്നായിരുന്നു ആറന്മുള. തിരുനിഴൽമാലയിൽ വിവരിക്കുന്ന ആറന്മുള ക്ഷേത്രത്തെ ചൂഴ്ന്നുള്ള പത്ത് ചേരികളും ഇന്നും അതുപോലെ ഇവിടെയുണ്ട്. ബ്രാഹ്മണ സെറ്റിൽമെന്റുകൾ നദീതീരത്ത് രൂപംകൊണ്ട കാർഷിക സെറ്റിൽമെന്റുകളാണ് .
പമ്പാനദി ആറന്മുള ഗ്രാമ ത്തെ വിളഭൂമിയാക്കി മാറ്റുന്നു. നെല്ലും തെങ്ങും കമുകും മുളകും വാഴയും കരിമ്പും സമൃദ്ധമായി ഇവിടെ വിളയുന്നു. ക്ഷേത്രത്തിൽ മലയർ നടത്തിയ വാമാചാര സ്വഭാവമുള്ള പൂജകൾ ഇന്ന് ഈ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്നില്ല. എന്നാൽ ഇതിനു ചുറ്റുമുള്ള ഭഗവതിക്കാവുകളിൽ നടക്കുന്ന പടയണിയിൽ കാണുന്ന അനുഷ്ഠാനങ്ങൾക്ക് തിരുനിഴൽമാലയിലെ അനുഷ്ഠാനങ്ങളോട് വലിയ സാദ്യശ്യം കാണുന്നു. കാലം വരുത്തിയ മാറ്റങ്ങളാകാം ഇങ്ങനെ വരാൻ കാരണം.
ആറന്മുളയിൽ രണ്ടു മഹാവിഷ്ണു വിഗ്രഹങ്ങൾ ഉള്ളതായി തിരുനിഴൽമാലയിലുണ്ട്. ഇന്നും അങ്ങനെതന്നെ. മേൽതൃക്കോവിലിൽ പാർത്ഥസാരഥിയായ ശ്രീകൃഷ്ണനും കീഴ് തൃക്കോവിലിൽ ബലഭദ്രരാമനും എന്നാണ് സങ്കൽപം. കടീഹസ്തമുൾപ്പെടെ ചാതുർബാഹുവായ മഹാ വിഷ്ണുവിന്റെ വിഗ്രഹമാണ് മേൽതൃക്കോവിലിൽ അതുല്യമായ തേജസ്സ് ചൊരിഞ്ഞ് നിലകൊള്ളുന്നത്. മഹാവിഷ്ണുവിന്റെ തിരുന്നാൾ ചിങ്ങത്തിലെ തിരുവോണമാണ്. കേരളത്തിലെ പ്രശസ്തമായ പ്രാചീന വിഷ്ണുക്ഷേത്രങ്ങളിലെല്ലാം ചിങ്ങത്തിരുവോണം ഏറ്റവും പ്രധാനപ്പെട്ട ആട്ടവിശേഷമാണ്.
തിരുവല്ല ചെപ്പേടുകളിൽ തിരുവല്ല ക്ഷേത്രത്തിൽ ഓണത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആറന്മുളയിലും ചിങ്ങത്തിരുവോണം ഏറ്റവും പ്രധാനപ്പെട്ട ആട്ടനാളാണ്. തിരുനിഴൽമാലയിൽ ചിങ്ങത്തിരുവോണത്തിലെ വഴിപാടുകളെക്കുറിച്ചും അഭിഷേകത്തെക്കുറിച്ചും ശീവേലിയെക്കുറിച്ചുമുള്ള വർണനകൾ ഇന്നത്തെപ്പോലെതന്നെ തിരുവോണനാളിലെ നേദ്യച്ചോറിന്റെ ധാരാളിത്തത്തെക്കുറിച്ചും കവി രേഖപ്പെടുത്തുന്നു.
ആറന്മുള ക്ഷേത്രത്തിലെ ദേവസ്വം പടിത്തരം പരിശോധിച്ചാലും ചിങ്ങ ഓണത്തിന്റെ പ്രാധാന്യം വ്യക്തമാകും. തിരുവോണം മുതൽ അഞ്ചുനാൾ ഉത്രട്ടാതി വരെ ആട്ട വിശേഷനാളുകളാണ്. മകര ഉത്രട്ടാതിയിലാണ് ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്നതെന്ന് പ്രസിദ്ധ ജ്യോതിഷിയും കവിയുമായിരുന്ന നെടുമ്പയിൽ ആശാൻ തന്റെ ആറന്മുളവിലാസം ഹംസപ്പാട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചിങ്ങ ഉത്രട്ടാതി ആട്ടവിശേഷമാകുമ്പോൾ എല്ലാ മാസത്തെയും ഉത്രട്ടാതി നാളുകൾ മാസവിശേഷദിനങ്ങളാണ്. ഈ ദിവസങ്ങളിൽ ഗരുഡവാഹനം എഴുന്നള്ളിപ്പ് ഉൾപ്പെടെ ശേഷപൂജകൾ പടിത്തരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുനിഴൽമാലയിലെ തിരുവോണച്ചെലവും പുറഞ്ചേരിത്തഴപ്പും തിരുവോണത്തോണി വരവിന്റെ വർണനയാണെന്ന് നിസ്സംശയം പറയാം. ഏറ്റവും കിഴക്കേ പുറഞ്ചേരിക ചെറുകോയിലിൽനിന്നും ആയിരൂരിൽനിന്നും നാരങ്ങാനത്തുനിന്നും ആറന്മുള ക്ഷേത്രത്തിലേക്ക് ബ്രാഹ്മണ ഗ്രാമങ്ങളിലെ ഭരണസിരാകേന്ദ്രം അവിടുത്തെ പ്രധാന ക്ഷേത്രമാണ്.
വിളവെടുപ്പുകാലമായ ഓണത്തിന് പമ്പയിലൂടെ വള്ളങ്ങളിൽ കൊണ്ടുവരുന്ന കാർഷിക വിഭവങ്ങളെയാണ് ഗോവിന്ദകവി തിരുവോണച്ചെലവിലൂടെയും പുറഞ്ചേരിത്തഴപ്പിലൂടെയും പരാമർശിക്കുന്നത്. കാവ്യഭാഷ ചരിത്രരചനയിൽനിന്ന് വ്യത്യസ്തമാണ്. നിരവധി കെട്ടുവള്ളങ്ങളിൽ വരുന്ന ഓണവിഭവങ്ങളെക്കുറിച്ച് ഐതിഹ്യമാല വിവരിക്കുന്നു. ആറന്മുള ഗ്രാമത്തിന്റെ കിഴക്കേ അതിരാണ് ചെറുകോൽച്ചേരിയുടെ ഭാഗമായിരുന്ന കാട്ടൂർ പ്രദേശം. അയിരൂർ പുറഞ്ചേരികളുടെ കേന്ദ്രവും. കാട്ടൂരിൽനിന്ന് അനുഷ്ഠാനപൂർവം ആറന്മുളയിലേക്ക് യാത്രതിരിക്കുന്ന തിരുവോണത്തോണി ഇന്നും അയിരൂർ മഠത്തിൽ അടുപ്പിച്ച് വിശ്രമിക്കുന്നു. അത്താഴസദ്യയുൾപ്പെടെ നിരവധി അനുഷ്ഠാനങ്ങൾ തോണിയുമായി ബന്ധപ്പെട്ട് അവിടെയും നടക്കുന്നു.
കാട്ടൂരിൽ അധിവസിച്ചിരുന്ന മങ്ങാട്ടില്ലത്തെ ഭട്ടതിരിപ്പാടിന്റെ സ്വപ്നദർശനമനുസരിച്ചാണ് തിരുവോണത്തോണി യാത്ര എന്നാണ് ഐതിഹ്യം. തിരുവാറന്മുളയപ്പൻ മങ്ങാട്ടു ഭട്ടതിരിയുടെ മുന്നിൽ പ്രത്യക്ഷനായത്രേ. ഈ ഐതിഹ്യം പരിശോധിച്ചാലറിയാം അത് അതിപ്രാചീനമാണെന്ന്. മങ്ങാട്ട് ഭട്ടതിരിമാർ ഇപ്പോൾ കുമാരനല്ലൂരിലാണ് താമസിക്കുന്നത്. ആചാരമഹിമയോടെ മങ്ങാട്ടില്ലത്തെ മുതിർന്ന പുരുഷൻ ഇന്നും കാട്ടൂരിലെത്തി തിരുവോണത്തോണിയുടെ അതിനായകനാകുന്നു. ഒപ്പം കാട്ടൂരിലെ 18 നായർ കുടുംബങ്ങളിലെ അംഗങ്ങളും. പഴയ ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ബ്രാഹ്മണസെറ്റിൽമെന്റിന്റെ മുദ്രകൾ തോണിയാത്രയിൽ ഇന്നും നിഴൽപോലെ കാണാം. കാർഷിക വിഭവങ്ങളുടെ സമാഹരണവും മറ്റും ഇന്നും നിലനിൽക്കുന്നു.
തിരുവോണത്തോണിയിൽ കൊണ്ടുവരുന്ന കെടാവിളക്ക് ഈ തോണിയാത്രയെ ദൈവിക പരി വേഷമുള്ളതാക്കുന്നു. ഈ പൊലിയാ വിളക്കിൽനിന്ന് പകരുന്ന അഗ്നിയാണ് ആറന്മുള ക്ഷേത്രത്തിൽ ആണ്ടടക്കം കത്തിനിൽക്കുന്നത്. തിരുവോണത്തോണിയെ ഒരിക്കൽ കോവിലൻമാർ എന്നറിയപ്പെടുന്ന പ്രഭുക്കൻമാർ ആക്രമിക്കാൻ മുതിർന്നെന്നും ഇതു മനസ്സിലാക്കിയ കരക്കൂട്ടായ്മകൾ അതിനെ പ്രതിരോധിച്ചെന്നും ഐതിഹ്യമുണ്ട്. അങ്കത്തിൽ മാരാർ എന്ന ക്ഷേത്രത്തിലെ ശംഖുവിളി അവകാശമുണ്ടായിരുന്ന ആൾ വേഷപ്രച്ഛന്നനായി ചെന്ന് ശംഖ് വിളിച്ചാണ് പടയാളികളായിരുന്ന കരക്കാരെ വിളിച്ചുകൂട്ടിയത്.
കരക്കൂട്ടായ്മകളുടെ നാഥൻ തോട്ടാവള്ളിൽ കുറുപ്പായിരുന്നു. പിറ്റേവർഷം മുതൽ തോണിക്ക് സംരക്ഷണം നൽകാനായി കൂറ്റൻ വള്ളങ്ങൾ പണിതിറക്കി കരക്കാർ തോണിയെ അനുഗമിച്ചു. അവയാണ് പള്ളിയോടങ്ങൾ. തിരുവോണവെളുപ്പിന് എത്തുന്ന പള്ളിയോടങ്ങൾ ഉത്രട്ടാതിനാൾ ഉച്ചതിരിഞ്ഞ് മേളാങ്കത്തോടെ കാണികൾക്ക് ഉത്സാഹം പകർന്ന് കൂട്ടമായി വള്ളംകളിച്ചു തുടങ്ങി. ഉത്രട്ടാതി ജലമേള അങ്ങനെ ഉണ്ടായി എന്നാണ് ഐതിഹ്യം.
വള്ളംകളിയുടെ ജീവൻ കുടികൊള്ളുന്നത് വഞ്ചിപ്പാട്ടുകളിലാണ്. പുരാണകഥകളെ ഉപജീവിച്ചെഴുതിയ വഞ്ചിപ്പാട്ടിന്റെ താളത്തിലാണ് തുഴകൾ വീഴുന്നത്. നതോന്നത, ഉന്നത എന്നീ വൃത്തങ്ങളിലുള്ള പാട്ടുകൾക്കു പുറമേ വെച്ചുപാട്ട് എന്ന പേരിൽ മറ്റൊരു താളമുള്ള വള്ളപ്പാട്ടുകളുമുണ്ട്. കാകളി വൃത്തത്തിലുള്ളവയാണ് വെച്ചുപാട്ടുകൾ.
ഈ വഞ്ചിപ്പാട്ടുകളും വെച്ചുപാട്ടുകളും സമഗ്രമായി പരിശോധിച്ചുനോക്കിയപ്പോഴാണ് വള്ളംകളിയുടെ പഴമ തെളിഞ്ഞു കൃത്യമായി വന്നത്. ആറന്മുളയിലെ കിഴക്കൻ പള്ളിയോടക്കരകൾ ധാരാളമായി പാടുന്ന (അവിടുന്നാണ് തോണിവരുന്നതെന്നോർക്കണം) രാമായണം വഞ്ചിപ്പാട്ട് മുണ്ടക്കയത്തിന് അപ്പുറം ഹൈറേഞ്ചുകളിലും കരിമലക്കാടുകളിലും വസിക്കുന്ന മലയരയ സമുദായക്കാർ അവരുടെ അനുഷ്ഠാനകലയായ ഐവർകളിയിലെ കോൽകളിയിൽ പാടുന്നു. എന്നുമാ ത്രമല്ല തിരുവാറന്മുളയപ്പനെയും അയിരൂർ പുതിയകാവിലമ്മയെയും പള്ളിയോടക്കാർ സ്തുതിക്കുന്ന അതേ പാട്ടുപയോഗിച്ചു സ്തുതിക്കുന്നു.
ബാണയുദ്ധം എന്ന പാട്ടിൽ ഇത് വഞ്ചിപ്പാട്ടാണെന്നും ഒരു വഞ്ചി, രാജന്റെ മന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വഞ്ചിതുഴയാൻ ഉണ്ടാക്കിയതാണെന്നും പാടുന്നു. പടേനിയിലും കോൽകളിയുണ്ട്. ആ കോൽകളിപ്പാട്ടുകൾ വഞ്ചിപ്പാട്ടു വൃത്തത്തിൽതന്നെ. പാടുന്ന രീതി വ്യത്യസ്തം. താളം മുടിയടന്തയിലും. കണ്ണൂർ, കാസർകോട് ഭാഗത്ത് യെയ്യം കെട്ടിയും കണ്ണേറുമന്ത്രവാദം നടത്തിയും കഴിഞ്ഞുകൂടുന്ന മലയരയരുടെ നിഴൽകുത്ത് പാട്ടിലും ഇതേ വൃത്തംതന്നെ. തിരുനിഴൽമാലയിലും ഈ വൃത്തം ധാരാളമായി കാണാം.
വള്ളോൻമാർ വള്ളമൂന്നുകാരായ പുലയ സമുദായത്തിൽപ്പെട്ടവരാണ്. വള്ളുവനാടും വള്ളുവരുമായി ബന്ധമുണ്ടെന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വള്ളുവനാട്ടിൽ മലയരാജാവുണ്ട്. അദ്ദേഹം പാണസമുദായത്തിൽപ്പെട്ടയാളാണ്. പാണർ, പുലയർ, വേലർ, ഗണകർ തുടങ്ങി വിവിധ ജാതിസമൂഹങ്ങളുടെ സാന്നിദ്ധ്യം പ്രാചീനകാലത്തും വള്ളംകളിയിൽ ഉണ്ടായിരുന്നു. ആലപ്പുഴയിലെ കളിവള്ളങ്ങളും ആറന്മുളയിലെ പള്ളിയോടങ്ങളും ആദികാലത്ത് ഒരേപോലെയുള്ളതായിരുന്നു. പിൽക്കാലത്ത് രണ്ടുശൈലികളായി വഴിപിരിഞ്ഞുപോയി.
തിരുനിഴൽമാലതൊട്ട് ഇന്നുവരെയുള്ള ആറന്മുള പ്രദേശത്തെ ആരാധനാരീതികൾ നോക്കിയാൽ അവിടെ ശൈവ-വൈഷ്ണവ-ശക്തേയ സമന്വയം കാണാം. വള്ളകളിയിൽ ദേവീസ്തുതികളുള്ള പാട്ടുകൾ കാണാം. കിരാതവും ദക്ഷയാഗവും വള്ളപ്പാട്ടുകളായുണ്ട്.
പടേനിയിൽ പുലവൃത്തത്തിലും കോൽകളിയിലും പക്ഷിക്കോലത്തിലും മറ്റും വൈഷ്ണവ ഇതിവൃത്തങ്ങൾ പാട്ടുകളായി പാടുന്നു. പള്ളിയോടങ്ങളുടെ ശില്പപരമായ പ്രത്യേകതകളും അവയുടെ അനുഷ്ഠാനങ്ങളും നോക്കിയാലും ഈ സമന്വയം കാണാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ പ്രാചീനകേരളത്തിലുടനീളം, വെള്ളപ്പറ്റുള്ളിടങ്ങളിലെല്ലാം വ്യാപിച്ചു കിടന്നിരുന്ന ഒരു സംസ്കൃതിയുടെ തിരുശേഷിപ്പാണ് ആറന്മുള വള്ളംകളിയിൽ ദർശിക്കപ്പെടുന്നത്. അത് അടിത്തട്ടു മനുഷ്യരിൽനിന്ന് ഉരുവം കൊണ്ടതാണ്.
അതിപുരാതന ക്ഷേത്രമാണ് ആറന്മുള പാർഥസാരഥി ക്ഷേത്രം. ക്ഷേത്ര ഉത്ഭവത്തെക്കുറിച്ച് ചരിത്ര രേഖകളോ അറിവുകളോ ഇല്ല. നമ്മാഴ്വാരുടെ തിരുവാമൊഴിയിലാണ് ആറന്മുള ക്ഷേത്രത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. നമ്മാഴ്വാരുടെ കാലം എട്ടാം നൂറ്റാണ്ട് ആയിരിക്കാമെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. അതുകൊണ്ടുതന്നെ എട്ടാം നൂറ്റാണ്ടിനു മുമ്പുതന്നെ ഈ ക്ഷേത്രം ഉണ്ടായിരുന്നതായാണ് അനുമാനം.
19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രചിച്ച ആറന്മുള വിലാസം ഹംസപ്പാട്ട് എന്ന കാവ്യത്തിലാണ് ആറന്മുള ക്ഷേത്രത്തെക്കുറിച്ച ഐതിഹ്യങ്ങളുടെ ക്രോഡീകരണം രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, വാമൊഴിയായി ക്ഷേത്ര ഉൽപത്തിയെക്കുറിച്ച് പല ഘട്ടത്തിലും പല കഥകളും പ്രചാരത്തിലുണ്ടായിരുന്നു. മിക്കതും ഐതിഹ്യ സ്വഭാവമുള്ളതാണ്. ചെറുകോൽ സ്വദേശിയും തിരുവാറന്മുളയപ്പന്റെ പരമഭക്തനും ജ്യോതിഷ പണ്ഡിതനുമായിരുന്ന നെടുമ്പയിൽ കൊച്ചുകൃഷ്ണൻ ആശാനാണ് ആറന്മുളവിലാസം ഹംസപ്പാട്ട് രചിച്ചത്. അദ്ദേഹം കേരളത്തിൽ ജീവിച്ചിരുന്ന വലിയ ജ്യോതിഷ പരമ്പരയുടെ കണ്ണിയാണെന്ന് ആ കാവ്യത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
കൊച്ചുകൃഷ്ണൻ ആശാൻ ശ്രീകൃഷ്ണ ചരിതം ആസ്പദമാക്കി മഹാകാവ്യം എഴുതാനാണ് ഉദ്ദേശിച്ചത്. ശ്രീകൃഷ്ണ കഥാചരിതം എഴുതുന്നതിന്റെ ആമുഖമായി അദ്ദേഹം ആദ്യത്തെ മൂന്ന് പടലങ്ങളിൽ ആറന്മുള ക്ഷേത്ര ഉത്ഭവത്തെപ്പറ്റിയുള്ള ഐതിഹ്യവും മാഹാത്മ്യവും ചരിത്രവസ്തുതകളും സ്വാനുഭവങ്ങളും കൂട്ടിച്ചേർത്താണ് ഇവ തയാറാക്കിയത്. ഇതിന്റെ ആദ്യ ഭാഗങ്ങൾ ആശാന്റെ മരണശേഷം ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ് 20ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഏവുരിലെ ഒരു പ്രസിൽ അച്ചടിച്ചത്.
ആശാന് മധ്യതിരുവിതാംകൂറിൽ ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. ബ്രഹ്മചാരിയായി ജീവിതം നയിച്ച അദ്ദേഹം ശിഷ്യന്മാരുടെ വീടുകൾ സന്ദർശിക്കുക പതിവായിരുന്നു. അത്തരത്തിൽ ഒരു ശിഷ്യന്റെ കൈയിൽ ലഭിച്ച അപൂർണമായ താളിയോലയിൽ രേഖപ്പെടുത്തിയ കുറേ ഭാഗങ്ങളാണ് ആറന്മുളവിലാസം ഹംസപ്പാട്ട് എന്ന പേരിൽ നിലവിൽ ലഭിക്കുന്ന കാവ്യം. ഇതിൽ അവ്യക്തവും വിട്ടുപോയതുമായ ഭാഗങ്ങളും ഉണ്ട്.
കിട്ടിയ ഭാഗങ്ങളിൽ ആറന്മുള ക്ഷേത്രത്തിന്റെ ഉത്ഭവത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന വാമൊഴിക്കഥകളെ അടിസ്ഥാനമാക്കിയാകാം അദ്ദേഹം ഈ ഐതിഹ്യം കവിതയിലൂടെ ക്രോഡീകരിച്ചത്. ജ്യോതിഷ പണ്ഡിതനായിരുന്ന അദ്ദേഹം ആറന്മുള ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം മകരമാസത്തിലെ ഉത്രട്ടാതിയാണെന്ന് ഗണിക്കുകകൂടി ചെയ്യുന്നുണ്ട്. എന്നാൽ, ഏത് ആണ്ടിലാണെന്നോ ഏത് തീയതിയിലാണെന്നോ കാവ്യത്തിൽ വ്യക്തമാക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.