മറ്റു ജലോത്സവങ്ങളിൽ മത്സരമാണ് പ്രധാനമെങ്കിൽ ആറന്മുള ജലമേള ഭക്തിയിൽ അധിഷ്ഠിതമാണ്. പാട്ടുകാരും തുഴച്ചിൽക്കാരുമായ നാലായിരത്തിൽപരം കലാകായികതാരങ്ങൾ ഒരുദിവസം ഒരേസമയം പങ്കെടുക്കുന്ന ഭക്തിനിർഭരമായ മഹാമേളയാണ് ആറന്മുള ഉത്രട്ടാതി ജലമേള. ഭക്തിക്കും താളത്തിനുമൊപ്പം ഒരുമയാണ് ആറന്മുള ജലമേളയുടെ മറ്റൊരു പ്രത്യേകത
ഭക്തിയിലും ആവേശത്തിലും ആറന്മുള നിറച്ചാർത്തണിഞ്ഞ് നിൽക്കെ, പൈതൃകനദിയുടെ നെട്ടായത്തിൽ ഇന്ന് പള്ളിയോടപ്പൂരം. പമ്പാനദിയുടെ ഓളപ്പരപ്പിൽ റാന്നി-ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള പാർഥസാരഥിയുടെ കരകളിലെ 52 പള്ളിയോടങ്ങൾ അണിനിരക്കും. ആദ്യം ജലഘോഷയാത്രയിൽ അണിനിരക്കുന്ന ഇവ പിന്നീട് മത്സരത്തിന്റെ ആവേശം തീർക്കും. ഇതിനൊപ്പം കരകളിലും ആവേശത്തിമിർപ്പ് അലയടിക്കും. കരക്കാരുടെ നേതൃത്വത്തിൽ നടന്ന ഒരുക്കങ്ങളുടെയും ആവേശത്തിന്റെയും മാറ്റുരക്കൽ കൂടിയായി ജലമാമാങ്കം മാറും.
ആറന്മുള മല്ലപ്പുഴശ്ശേരി പരപ്പുഴ കടവിലെ സ്റ്റാർട്ടിങ് പോയന്റിൽനിന്ന് ആറന്മുള സത്രക്കടവിലെ ഫിനിഷിങ് പോയന്റ് വരെയുള്ള ഭാഗത്താണ് ജലോത്സവം. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പത്തനംതിട്ട കലക്ടർ എസ്. പ്രേംകൃഷ്ണൻ സത്രത്തിലെ പവിലിയനു സമീപം തയാറാക്കിയ കൊടിമരത്തിൽ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ഇതോടെ ആറന്മുള ജലപ്പോരിൽ അലിയും. ഉച്ചക്ക് 1.15നാണ് ഉദ്ഘാടനം.
ആടയാഭരണങ്ങൾ അണിഞ്ഞ് മുത്തുക്കുട ചൂടി, പൂമാലയും കൊടിയും ചാർത്തി വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാകും പള്ളിയോടങ്ങൾ ആറന്മുളയിലെത്തുക. ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തി ദർശനം നടത്തി പ്രസാദവും സ്വീകരിച്ചശേഷം ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാകും കരക്കാർ തങ്ങളുടെ പള്ളിയോടങ്ങളുമായി ജലഘോഷയാത്രക്കും മത്സര വള്ളംകളിക്കുമായി അണിനിരക്കുക. ജലഘോഷയാത്രയിൽ തിരുവോണത്തോണിക്ക് അകമ്പടിയായിട്ടാകും പള്ളിയോടങ്ങൾ സഞ്ചരിക്കുക.
പരമ്പരാഗത വേഷമണിഞ്ഞ തുഴക്കാരുമായി ഭക്തിസാന്ദ്രമായി വഞ്ചിപ്പാട്ട് പാടി തുഴഞ്ഞുനീങ്ങുന്ന കാഴ്ച കാണാൻ മല്ലപ്പുഴശ്ശേരി പരപ്പുഴകടവ് മുതൽ ആറന്മുള സത്രക്കടവുവരെയുള്ള പമ്പയുടെ ഇരുകരകളിൽ ആയിരങ്ങൾ അണിനിരക്കും. മറ്റു ജലോത്സവങ്ങളിൽ മത്സരമാണ് പ്രധാനമെങ്കിൽ ആറന്മുള ജലമേള ഭക്തിയിൽ അധിഷ്ഠിതമാണ്. പാട്ടുകാരും തുഴച്ചിൽക്കാരുമായ നാലായിരത്തിൽപരം കലാകായികതാരങ്ങൾ ഒരുദിവസം ഒരേസമയം പങ്കെടുക്കുന്ന ഭക്തിനിർഭരമായ കലാകായിക മഹാമേളയാണ് ആറന്മുള ഉത്രട്ടാതി ജലമേള. ഭക്തിക്കും താളത്തിനുമൊപ്പം ഒരുമയാണ് ആറന്മുള ജലമേളയുടെ മറ്റൊരു പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.