മൺകല നിർമാണത്തിൽ ഏർപ്പെട്ടവർ
തേക്കിന് കാടുകളുടെ പെരുമ പറഞ്ഞു തഴമ്പിച്ച ചരിത്രമാണ് നിലമ്പൂരിന്റേത്. ഒരുകാലത്ത് തങ്കനിറമുള്ള തേക്കിന് കാതലോളം പ്രചാരമുള്ളവയായിരുന്നു നിലമ്പൂര്‍ മൺപാത്രങ്ങളും. നിലമ്പൂരിനെ മണ്‍പാത്ര നിര്‍മാണ കേന്ദ്രമാക്കി മാറ്റിയത് അരുവാക്കോടും കുംഭാര നഗറുമാണ്. കളിമണ്ണിൽ കരവിരുത് തെളിയിക്കുന്ന കുംഭാരന്മാര് അതിജീവനത്തിനായി നിലമ്പൂരിലെത്തിയവരാണ്. കറിച്ചട്ടികൾ, കുടങ്ങൾ, കൂജകൾ തുടങ്ങി വിവിധതരം മൺപാത്രങ്ങൾ അവരുടെ ചുമലിലേറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു.
കുംഭാര സമുദായത്തിന്റെ ജീവിതവും ഈ വിപണികളിലൂടെ വളർന്നു. എന്നാല്‍, ഇന്ന് പഴയ മണ്‍പാത്ര നിര്മാണപ്പെരുമയുടെ പ്രൗഡിയിലല്ല അരുവാക്കോട്. അടുക്കളകളിൽനിന്ന് മണ്‍പാത്രങ്ങള്‍ കളംവിട്ടു. അതോടെ മണ്‍പാത്ര നിര്‍മാണം കുലത്തൊഴിലും ഉപജീവന മാര്‍ഗവുമായി കണ്ടിരുന്ന കുംഭാര സമുദായവും മറ്റു തൊഴിലുകൾ തേടി.
125ഓളം കുടുംബങ്ങള്‍ താമസിക്കുന്ന കുംഭാര നഗറില്‍ ഇന്ന് ചുരുക്കം ചിലര്‍ മാത്രമാണ് മണ്‍പാത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതാപകാലത്തിന്റെ അവശേഷിപ്പുകളായി ഇന്നും കുംഭാര നഗറിലെ വീടുകളിൽ മൺപാത്ര നിർമാണ സാമഗ്രികൾ കാണാനാകും.
നിലമ്പൂര്‍ കോവിലകത്തിന്റെ ആവശ്യപ്രകാരം മണ്‍പാത്ര നിര്‍മാണത്തിനായി ആന്ധ്രാപ്രദേശില്‍നിന്നും അരുവാക്കോട് എത്തിയവരാണ് കുംഭാര സമുദായക്കാരുടെ പൂര്‍വികര്‍. മണ്‍പാത്ര നിര്‍മാണത്തില്‍ അഗ്രഗണ്യരായ കുംഭാരന്മാരുടെ പ്രസിദ്ധിക്ക് 500 വര്‍ഷത്തോളം പഴക്കമുണ്ടെന്ന് ബ്രിട്ടീഷ് കാലത്തെ കലക്ടറായിരുന്ന വില്യം ലോഗന്റെ മലബാര്‍ മാന്വലിൽ പരാമർശിക്കുന്നുണ്ട്. തമിഴും തെലുഗുവും കലര്‍ന്ന ലിപിയില്ലാത്ത ഭാഷ കുംഭാര വിഭാഗത്തിന് സ്വന്തമായുണ്ട്. തലമുറകളായി ഇവര്‍ ഈ ഭാഷ കൈമാറി വരുന്നു.
കുലത്തൊഴിലില്നിന്നും കുംഭാര ഭാഷയില്‍നിന്നും പുതുതലമുറ അകന്നു. തലമുറകളായി ഭാഷ കൈമാറി വരുന്നുണ്ടെങ്കിലും ഉപയോഗിക്കുന്നവര്‍ ചുരുക്കമാണ്. കാലത്തിനൊത്ത് മാറുന്ന ഭക്ഷണരീതിയും മണ്‍പാത്രങ്ങളെ മാറ്റിനിര്‍ത്തുന്നതുമെല്ലാം ഈ മേഖലയുടെ ശോഷിപ്പിന് കാരണമായിട്ടുണ്ട്. അത് അരുവാക്കോട്ടെ മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നവരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി. മണ്‍പാത്രങ്ങള്‍ക്ക് വിപണി ലഭിക്കാത്തതുമൂലം കൂടുതല്‍ പേരും മറ്റ് തൊഴിലുകളിലേക്ക് മാറിത്തുടങ്ങി. കുലത്തൊഴില്‍ അന്യംനിന്നുപോകരുതെന്ന് ആഗ്രഹിക്കുമ്പോഴും സാമ്പത്തിക സ്ഥിതിയാണ് മറ്റു ജോലികള്‍ തേടാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നത്.
കുഴിച്ചെടുക്കുന്ന മൂന്നുതരം ഗുണമേന്മയുള്ള കളിമണ്ണ് ചേര്‍ത്താണ് പാത്രങ്ങള്‍ നിര്‍മിക്കുന്നത്. ഈ മണ്ണിലെ കല്ലുകൾ നീക്കി വെള്ളമുപയോഗിച്ച് അരച്ചെടുക്കും. പിന്നീട് യന്ത്ര സഹായത്തോടെ പാത്രങ്ങളാക്കി മാറ്റും. പണ്ടുകാലങ്ങളിൽ മണ്ണ് ചവിട്ടിക്കുഴച്ച് ഉരുളകളാക്കി പാകപ്പെടുത്തി തലച്ചുമടായി പണി സ്ഥലത്തെത്തിക്കും. ഈ മണ്ണുപയോഗിച്ച് പൂർണമായും കൈകൊണ്ടായിരുന്നു മൺപാത്രങ്ങൾ നിർമിച്ചിരുന്നത്. ഇത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പ്രവൃത്തിയായിരുന്നു. വാഹന സൗകര്യവും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം ഇന്ന് മണ്‍പാത്ര നിര്‍മാണത്തെ സുഗമമാക്കുന്നുണ്ട്.
മണ്ണ് അരക്കാനും ആകൃതി വരുത്താനുമെല്ലാം ഇന്ന് ഇലക്ട്രിക് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. വശങ്ങള് മണ്കലങ്ങളുടെ ആകൃതിയിലേക്ക് ആക്കിയെടുത്ത ശേഷം അടിഭാഗം പരമ്പരാഗത രീതിയില്‍ അടിച്ചുകൂട്ടി പാത്രങ്ങളാക്കിയെടുക്കും. ശേഷം ഉണക്കിയെടുത്ത മണ്‍പാത്രങ്ങള്‍ പുഴയിലെ കല്ലുപയോഗിച്ച് ഉരച്ച് മിനുക്കുകയും നിറത്തിനായി ചുവന്ന മണ്ണ് പുരട്ടുകയും ചെയ്യും.
നല്ല ഫിനിഷിങ് ലഭിക്കാനായാണ് ഇത്തരത്തിൽ കല്ലുപയോഗിച്ച് ഉരച്ചുമിനുക്കുന്നത്. ഉണങ്ങിയ പാത്രങ്ങള്‍ രണ്ടു ദിവസത്തോളം ചൂളയില്‍ വെച്ച് ഉറപ്പു വരുത്തും. മണ്‍ചട്ടികള്‍ക്കു പുറമേ കപ്പ്, കൂജ തുടങ്ങിയവയും ഇവിടെ നിര്‍മിക്കുന്നുണ്ട്. തുടക്ക കാലത്ത് മൺകലങ്ങളും ചട്ടികളും മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നതെങ്കിൽ ഇന്ന് മീൻ വറുക്കാനും പലവിധ കറികൾക്കും വ്യത്യസ്ത പാത്രങ്ങൾ തന്നെ നിർമിക്കുന്നുണ്ട്. കളിമണ്‍പാത്ര നിര്‍മാണത്തിനു പുറമേ മ്യൂറല്‍ വര്‍ക്കുകളും ഇവിടെ ചെയ്യുന്നുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് കുംഭാര സമുദായക്കാര്‍ ചൂഷണങ്ങള്‍ക്കിരയാവുകയും സമൂഹത്തില്‍നിന്നും മാറ്റിനിര്ത്തപ്പെട്ടവരാവുകയും ചെയ്തു. ഈ അരക്ഷിതാവസ്ഥയില്‍നിന്നും അരുവാക്കോടിന് മോചനമാകുന്നത് 1993ല്‍ കെ.ബി. ജിനന് എന്ന പാരമ്പര്യ കലാകാരൻ എത്തുന്നതോടുകൂടിയാണ്. ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹം അരുവാക്കോട് എത്തുന്നതും കുംഭം സൊസൈറ്റി, കുംഭം മ്യൂറല്‍സ് എന്നീ സംരംഭങ്ങള്‍ ആരംഭിക്കുന്നതും.
മുപ്പതോളം സ്ത്രീകള്‍ അന്ന് കുംഭം സൊസൈറ്റിയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ പരമ്പരാഗത രീതിയിലെ പാത്ര നിര്‍മാണത്തോടൊപ്പം ഏറ്റവും പുതിയ ഡിസൈനുകളും മ്യൂറല്വര്ക്കുകളെക്കുറിച്ചും പഠിപ്പിച്ചത് കെ.ബി. ജിനന് ആയിരുന്നു. വീട്ടുജോലികളില്‍ മാത്രം ഒതുങ്ങിയിരുന്ന സ്ത്രീകള്‍ക്ക് വരുമാനമാർഗം കണ്ടെത്താനും ജീവിതനിലവാരം മെച്ചപ്പെടുത്താനും കുംഭം സൊസൈറ്റി സഹായകരമായി. 2009ല്‍ കുംഭം സൊസൈറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ വീണ്ടും വീടുകളിലേക്ക് ഒതുങ്ങുകയായിരുന്നു.
കുലത്തൊഴിലിനെ ചേര്‍ത്തുവെച്ച് പതിനാറു വര്‍ഷത്തോളമായി മണ്‍പാത്ര നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകയാണ് വിജയകുമാരി. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട വിജയകുമാരിയുടെ ജീവിതം നിറംമങ്ങിയതായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാന്‍ വിജയകുമാരിക്ക് കഴിഞ്ഞില്ല. പതിനെട്ടാം വയസ്സില്‍ വിവാഹിതയായി അരുവാക്കോട് എത്തുമ്പോള്‍ മണ്‍പാത്ര നിര്‍മാണം ശോഷിപ്പിന്റെ ഘട്ടത്തിലായിരുന്നു. ഇക്കാലത്താണ് കെ.ബി. ജിനന് കുംഭം സൊസൈറ്റി ആരംഭിക്കുന്നത്.
പരമ്പരാഗത രീതിയിലെ പാത്രനിര്‍മാണം മാത്രം അറിയാമായിരുന്ന വിജയകുമാരി മ്യൂറല്വര്ക്കുകളെക്കുറിച്ചും പാത്രങ്ങളുടെ ഫിനിഷിങ്ങിനെക്കുറിച്ചും മനസ്സിലാക്കി. പിന്നീട് കുംഭം സൊസൈറ്റി അടച്ചുപൂട്ടിയപ്പോഴും തന്റെ പാഷനെ കൈവിടാന്‍ വിജയകുമാരി ഒരുക്കമായില്ല. ആദ്യം വീട്ടില്‍ മണ്‍പാത്ര നിര്‍മാണം തുടങ്ങുകയും പിന്നീട് അരുവാക്കോടിനടുത്ത കൊളക്കണ്ടത്തേക്ക് സ്ഥാപനം വികസിപ്പിക്കുകയും ചെയ്തു. ഇന്ന് ഹൈപ്പര്‍മാര്‍ക്കറ്റുകളും എക്സ്പോര്‍ട്ടിങ് കമ്പനികളുമായാണ് വിജയകുമാരി കച്ചവടമുറപ്പിക്കുന്നത്. കൂടാതെ സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കാനും വിജയകുമാരിക്ക് സാധിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ പൈതൃക ഗ്രാമം പദ്ധതിയില്‍ അരുവാക്കോടിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും അര്‍ഹിക്കുന്ന പരിഗണനയോ പൈതൃക സംരക്ഷണത്തിനായി കാര്യമായ പദ്ധതികളോ ഇല്ലെന്ന് വിജയകുമാരി പറയുന്നു. കൂടാതെ, സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്നവരായിട്ടും വിദ്യാഭ്യാസ-തൊഴിലിടങ്ങളിൽ അര്‍ഹിക്കുന്ന സംവരണവും ലഭിക്കുന്നില്ല. മുമ്പ് കുംഭം സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന കോസ്റ്റ്ഫോഡ് കുംഭം എന്ന കെട്ടിടം ഇന്ന് പഴയകാല പ്രതാപത്തിന്റ അവശേഷിപ്പായി കാടുമൂടി.
മുനിസിപ്പാലിറ്റിയുടെ കീഴിലെ പദ്ധതികള്‍ പ്രാരംഭഘട്ടത്തിലുമാണ്. ഈ പദ്ധതികൾ പൂർത്തീകരിച്ചാൽ ഇനിയും നിരവധി സ്ത്രീകൾക്ക് തൊഴിലിടത്തേക്ക് തിരിച്ചെത്താനാകും. വരും തലമുറയെ മാര്ക്കറ്റിങ്ങിനെക്കുറിച്ചും മണ്‍പാത്ര നിമാണത്തിലെ പുത്തൻരീതികളും പഠിപ്പിച്ചെങ്കിൽ മാത്രമേ ഈ മേഖലക്ക് തുടർച്ച സാധ്യമാകൂ.
വിജയകുമാരി
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനും ദേശീയ, അന്തർദേശീയ വിപണികൾ കണ്ടെത്താനുമായാൽ വലിയ സാധ്യതകൾ ആരുവക്കോട്ടേക്ക് വഴി തുറക്കും. കൂടാതെ, മൺപാത്ര നിർമാണ ഗ്രാമവും വിനോദ സഞ്ചാര മേഖലയും ബന്ധിപ്പിക്കുന്ന പദ്ധതികൾക്കും ആരുവാക്കോടിന്റെ മൺകലയെ സജീവ മക്കാനാകും. മൺകലയിൽനിന്ന് അകന്നുപോകുന്ന പുതിയ തലമുറക്ക് നൈപുണ്യ വികസനത്തിനായി തൊഴില്‍ പഠിപ്പിക്കണമെന്നാണ് വിജയകുമാരിയുടെ ആഗ്രഹം. പരമ്പരാഗത തൊഴില്‍ മേഖലയായ മണ്‍പാത്ര നിര്‍മാണത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ അരുവാക്കോട്ടേക്ക് എത്തേണ്ടതുണ്ടെന്നും ഇവർ പറയുന്നു.
ചിത്രങ്ങൾ: മുസ്തഫ അബൂബക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.