തളരാത്ത സ്ത്രീ സമൂഹത്തിന്‍റെ പ്രതീകങ്ങൾ; പുഷ്പവതിക്ക് പിന്തുണ, ഉർവശി, സാന്ദ്ര, ശ്വേത എന്നിവരെ അഭിനന്ദിച്ച് ഡബ്യൂ.സി.സി

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശം പുരുഷാധിപത്യ ദലിത് വിരുദ്ധ നിലപാടുകള്‍ തുറന്നുകാണിച്ചിരിക്കുകയാണെന്ന് ഡബ്യൂ.സി.സി. പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയ അടൂരിന്‍റെ പ്രസ്താവനകളെ അപലപിക്കുകയും പുഷ്പവതിയെ പൂർണമായും പിന്തുണക്കുന്നതായും ഡബ്യൂ.സി.സി ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും നിര്‍മാതാവ് സാന്ദ്ര തോമസിനെയും ഡബ്യൂ.സി.സി അഭിനന്ദിച്ചു. ഉര്‍വശി ഏറ്റുമുട്ടുന്നത് കേന്ദ്രത്തിന്റെ സിനിമ അവാര്‍ഡ് നിര്‍ണയ തീരുമാനത്തിനെതിരെയാണെന്നും സാന്ദ്രാ തോമസ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പോരാടുന്നുവെന്നും ഡബ്യൂ.സി.സി. കൂട്ടിച്ചേര്‍ത്തു.

ശ്വേതാ മേനോന്‍ അടക്കം സിനിമ സംഘടനകളുടെ മുന്‍നിരയിലേക്ക് വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള നിലപാടുകളെയും ഡബ്യൂ.സി.സി അപലപിച്ചു. കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകങ്ങളായ ഇവരെ അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

മാറ്റം ‘നാളെ’യല്ല, ‘ഇന്ന്’ നമുക്കിടയിൽ എത്തിയിരിക്കുന്നു.

കേരള ഫിലിം പോളിസി കോൺക്ലേവിലും അതിനു ശേഷമുള്ള ദിവസങ്ങളിലും, മലയാള സിനിമയിലെ പുതിയ സ്ത്രീ- ദളിത് സംവിധായകരുടെ സിനിമപരിചയത്തെ സൂചിപ്പിച്ച് നടത്തിയ അഭിപ്രായ പ്രകടനങ്ങളിലൂടെ അടൂര്‍ ഗോപാലകൃഷ്ണൻ, തന്റെ സവർണ്ണ- ജാതീയ- ലിംഗഭേദ വീക്ഷണം ജനമദ്ധ്യത്തിൽ വീണ്ടും തുറന്ന് കാണിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനിടയിൽ അതിനെതിരെ പ്രതികരിച്ച സംഗീത നാടക അക്കാദമിയുടെ വൈസ് ചെയർപേഴ്സൺ കൂടിയായ പ്രശസ്ത ഗായിക പുഷ്പവതിയെക്കുറിച്ച് അപമാനകരമായ പ്രസ്താവനകൾ നടത്തിയതിലൂടെ തന്റെ പുരുഷാധിപത്യ -ദളിത്‌വിരുദ്ധ നിലപാടുകൾ അടൂർ സംശയലേശമെന്യേ ഉറപ്പിച്ചിരിക്കുകയാണ്. അടൂരിന്റെ ഈ സമീപനത്തെയും നിലപാടിനെയും WCC അതിശക്തമായി അപലപിക്കുന്നു. സ്ത്രീകളെയും അരികുകളിൽ ജീവിക്കുന്നവരെയും പുറം തള്ളുന്ന വരേണ്യ ആണധികാരത്തിനെതിരെ നിർഭയമായി ശബ്ദമുയർത്തിയ പുഷ്പവതിയെ പൂർണ്ണമായി പിന്തുണക്കുന്നു.

ഒപ്പം മലയാള സിനിമയിൽ സ്വന്തമായ അഭിപ്രായങ്ങളുമായി തല ഉയർത്തി നിൽക്കുന്ന ഉർവശിയെയും, സാന്ദ്ര തോമസിനെയും അഭിനന്ദിക്കുന്നു; മലയാള സിനിമാലോകത്തിനു അഭിപ്രായവ്യത്യാസങ്ങൾ പറയുന്ന ഈ സ്ത്രീ ശബ്ദങ്ങൾ അന്യമാണ്! പ്രഗത്ഭ നടി ഉർവശി ഏറ്റുമുട്ടുന്നത് കേന്ദ്ര ഗവണ്മെന്റിന്റെ സിനിമ അവാർഡ് നിർണയ തീരുമാനത്തിനെതിരെയാണ്‌, സ്ത്രീകൾ അധികം കടന്നുവരാത്ത മേഖലയിൽ നിന്നു പ്രോഡ്യൂസറായി ശ്രദ്ധേയയായ സാന്ദ്രതോമസ് സംഘടനയുടെ സ്ത്രീ വിരുദ്ധ നിലപാടുകൾക്ക് എതിരെയാണ് പടപോരുതുന്നത്. ശ്വേത മേനോൻ അടക്കമുള്ള സിനിമസംഘടനകളുടെ മുൻ നിരയിലേക്ക് വരുന്ന സ്ത്രീകളോടും പുലർത്തിപ്പോ രുന്ന നിലപാടുകളെയും WCC അപലപിക്കുന്നു.

വ്യത്യസ്ത വെല്ലുവിളികളോട് അസാമാന്യ ധൈര്യത്തോടെ പ്രതികരിച്ചിരിക്കുന്ന സ്ത്രീകളാണ് ഇവർ.

തങ്ങളുടെ കരിയറിലും വ്യക്തിപരമായും നേരിടുന്ന പോരാട്ടങ്ങളിൽ നിശബ്‍ദരായി നിൽക്കാതെ ശക്തരായി മുന്നോട്ട് പോകുന്ന തളരാത്ത സ്ത്രീ സമൂഹത്തിന്റെ പ്രതീകമാവുകയാണ് ഇവരെല്ലാം.

ഈ പോരാട്ടങ്ങൾക്ക് WCC യുടെ അഭിവാദ്യങ്ങൾ!

#അവൾക്കൊപ്പം #Avalkoppam

Tags:    
News Summary - WCC supports Pushpavathi, congratulates Urvashi, Sandra and Shweta, symbols of the tireless women community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.