ശ്രീപാർവതിയും മകൾ ഇന്ദുവും - ഫോട്ടോ: രതീഷ് ഭാസ്കർ
ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ പ്രായം ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുകയാണ് പാലക്കാട് എലപ്പുള്ളി വേങ്ങോടി സ്വദേശി ശ്രീപാര്‍വതി എന്ന ‘ചെറുപ്പക്കാരി’. 2025 മാര്‍ച്ച് 28ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ഒന്നേകാല്‍ മണിക്കൂറോളം മോഹിനിയാട്ടം അരങ്ങേറിയപ്പോൾ 70 വര്‍ഷവും എട്ട് ദിവസവുമായിരുന്നു ശ്രീപാര്‍വതിയുടെ പ്രായം. കലയോടുള്ള താല്പര്യവും എല്ലാ ദിവസവും മുടങ്ങാതെയുള്ള പരിശീലനവുമാണ് ശാരീരിക, മാനസിക അവശതകളില്ലാതെ മുന്നോട്ടു പോകാന്‍ ഈ എഴുപതുകാരിയെ സഹായിക്കുന്നത്. ഒന്നും സാധിക്കില്ലെന്ന മാനസികാവസ്ഥ മാറ്റിെവച്ച് പറ്റുന്ന രീതിയില്‍ നമുക്ക് ആഗ്രഹമുള്ളത് ചെയ്താല്‍ എന്തും സാധ്യമാകും എന്നാണ് തന്റെ ജീവിതാനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ പറയുന്നത്.
35 വയസ്സുകാരിയായ മകള്‍ ഇന്ദു ജേക്കബിനൊപ്പമാണ് ശ്രീപാര്‍വതിയുടെ മോഹിനിയാട്ട പഠനം. കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെയും കലാമണ്ഡലം കൃഷ്ണന് നായരുടെയും മക്കളായ ശ്രീദേവി രാജന്റെയും കലാ വിജയന്റെയും കീഴില്‍ ഇവര്‍ മോഹിനിയാട്ടം പഠിച്ചിട്ടുണ്ട്. നിലവില്‍ കൊച്ചി പള്ളിമുക്കിലുള്ള ‘നൃത്യക്ഷേത്ര’ എന്ന കലാലയത്തില്‍ ശ്രീദേവി രാജന്റെ മകളായ സന്ധ്യ രാജന്റെ ശിക്ഷണത്തിലാണ് ഇരുവരും നൃത്തം അഭ്യസിക്കുന്നത്.
മോഹിനിയാട്ടത്തില്‍ കാലാനുസൃതമായി നിരവധി മാറ്റങ്ങള്‍ വന്നെങ്കിലും ഇപ്പോഴും പരമ്പരാഗത ശൈലിയിലാണ് ഇവിടെ മോഹിനിയാട്ടം അഭ്യസിപ്പിക്കുന്നത്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രോഗ്രാമുകള്‍ ഇവര്‍ ചെയ്യും. അവസാനമായി തന്റെ 70ാം പിറന്നാളിനോട് അനുബന്ധിച്ചാണ് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ ശ്രീപാര്‍വതി മകളുമായി ചേര്‍ന്ന് നടനമാടിയത്. മക്കളും മരുമക്കളും നല്കുന്ന പ്രോത്സാഹനം തന്നെയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്ന് പാര്‍വതി പറയുന്നു.
കഥകളിയിൽ തുടക്കം
പത്താം വയസ്സില്‍ കഥകളിയിലൂടെയാണ് ശ്രീപാര്‍വതിയുടെ കലാരംഗത്തേക്കുള്ള കാല്‍വെപ്പ്. തൃശൂര്‍ നടന നികേതനം കലാകേന്ദ്രത്തില്‍ അശമന്നൂര്‍ ബാലകൃഷ്ണ കുറുപ്പിന്റെ ശിക്ഷണത്തിലാണ് കഥകളി പരിശീലനം ആരംഭിക്കുന്നത്. ശേഷം വേങ്ങൂര്‍ രാമകൃഷ്ണന് ആശാന്റെ കീഴിലും പിന്നീട് കലാമണ്ഡലം പ്രിന്‍സിപ്പലായിരുന്ന പത്മനാഭന് ആശാന്റെ കീഴിലും പഠനം തുടര്‍ന്നു. 1970കളില്‍ കഥകളിയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി കാലിക്കറ്റ് യൂനിവേഴ്സിറ്റി കലോത്സവത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
21ാം വയസ്സില്‍ കല്യാണ ശേഷം ഭര്‍ത്താവ് ജേക്കബ് ജോര്‍ജിനൊപ്പം എറണാകുളത്തേക്ക് താമസം മാറേണ്ടി വന്ന പാര്‍വതിക്ക് തന്റെ ആഗ്രഹത്തെ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 36 വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് 57ാം വയസ്സില്‍ ശ്രീ പാര്‍വതി മകളോടൊപ്പം തന്റെ ആഗ്രഹം മോഹിനിയാട്ട പഠനത്തിലൂടെ പുനരാരംഭിക്കുന്നത്. കലയോടുള്ള അമ്മയുടെ ആഗ്രഹം തിരിച്ചറിഞ്ഞ ഇന്ദു തനിക്കൊപ്പം അമ്മയും മോഹിനിയാട്ടം പഠിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു.
തുടക്കത്തില്‍ ശാരീരികമായി ചെറിയ ബുദ്ധിമുട്ടുകളുണ്ടായെങ്കിലും എല്ലാ ദിവസവുമുള്ള പ്രാക്ടിസിലൂടെ ആ പ്രയാസം അവര്‍ മറികടന്നു. മുദ്രകളിലും താളത്തിലും മോഹിനിയാട്ടവും കഥകളിയും തമ്മില്‍ സാമ്യമുള്ളതിനാല്‍ കഥകളി അടിസ്ഥാനമുള്ള ശ്രീപാര്‍വതിക്ക് മോഹിനിയാട്ടം പെെട്ടന്ന് പഠിച്ചെടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ തുടക്കത്തിലേക്കാള്‍ ഊര്‍ജസ്വലമായി തനിക്ക് നൃത്തം ചെയ്യാന്‍ സാധിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ആഗസ്റ്റ് രണ്ടിന് ഗുരുവായൂരില്‍ മകളുടെയും ഗുരു സന്ധ്യ രാജന്റെയും കൂടെയുള്ള അടുത്ത പരിപാടിയുടെ തയാറെടുപ്പിലാണ് ശ്രീപാര്‍വതി ഇപ്പോള്‍.
57ാം വയസ്സില്‍ മോഹിനിയാട്ടത്തിന് പുറമെ ഡ്രൈവിങ്ങും ശ്രീപാര്‍വതി ഹൃദിസ്ഥമാക്കി. മകന്റെ സഹായത്തോടെയാണ് ഡ്രൈവിങ് പഠിച്ചത്. ഇപ്പോള്‍ പാലക്കാടുവരെ തനിയെ വണ്ടി ഓടിച്ചു പോകും. കീബോര്‍ഡും പഠിക്കുന്നുണ്ട്. കൊച്ചുമകനാണ് കീബോര്‍ഡ് പഠനത്തില്‍ ശ്രീപാര്‍വതിയുടെ കൂട്ട്. ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു.
രണ്ട് മക്കളാണ് ശ്രീപാര്‍വതിക്ക്. മകള്‍ ഇന്ദു ജേക്കബ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി ജീവനക്കാരിയാണ്. മകന് അർജുന് ജേക്കബ് കുസാറ്റില്‍ നിന്ന് ഷിപ്ടെക്നോളജി പഠനം പൂര്‍ത്തിയാക്കിയതിനുശേഷം ജപ്പാനില്‍ ജോലിചെയ്യുന്നു. ദുബൈയില്‍ മെക്കാനിക്കല്‍ എൻജിനീയര്‍ ആയിരുന്ന ഭര്‍ത്താവ് ജേക്കബ് ജോര്‍ജ് നാല് വര്‍ഷം മുമ്പ് നിര്യാതനായി. മഞ്ചുന്‍, അഞ്ജന എന്നിവരാണ് മരുമക്കള്‍. നിലവില്‍ കൊച്ചി തേവരയിലാണ് ശ്രീപാര്‍വതിയുടെ താമസം.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.