ഡോ. കരീമ ശൂമലി
നിഴലുകളിലും വെളിച്ചത്തിലും ചെറിയ വ്യത്യാസങ്ങളോടെ, നിറത്തിന്റെയും ആകൃതിയുടെയും ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരുസവിശേഷ സാങ്കേതിക വിദ്യയാണ് ഡോ. കരീമ ശൂമലിയുടെ മാന്ത്രികത
ഡോ. കരീമ അൽ ശൂമലിയുടെ ചിത്രങ്ങൾ ഇമാറാത്തി വരപ്രസാദങ്ങളുടെ വർണകുടമാറ്റമാണ്. പൗരാണിക ഇമാറാത്തി ജീവിതത്തിന്റെ പാതകളെ നിറങ്ങളിലും ഇമേജുകളിലും നിറച്ചു വെച്ച് ആധുനിക ലോകത്തെ അദ്ഭുതപ്പെടുത്തുന്ന തന്ത്രം ശ്രദ്ധേയമാണ്. നിധികൾ സൂക്ഷിക്കുന്ന സഹ്ഹാര മുതൽ മുഖാവരണങ്ങൾ വരെ പറഞ്ഞുതരുന്നുണ്ട് ഉമ്മുന്നാർ നാഗരികത കടന്നുവന്ന ഇമാറാത്തി ചരിത്രം. മണലുകരിഞ്ഞ പാതകളിലൂടെ സഞ്ചരിക്കുമ്പോൾ ചരിത്രങ്ങൾ പേകുമ്മാട്ടികളായി സൂര്യനെ നോക്കി ചിരിക്കുന്നത് കാണാം. ഈ വഴികളിലൂടെ കടന്നുപോകുമ്പോൾ നാം സിന്ധുനദീതടത്തിൽ എത്തുന്നു. യൂഫ്രട്ടിസും ടൈഗ്രിസും നമ്മുടെ കാലുകളിൽ വെള്ളി കൊലുസണിയിക്കുന്നു. പൈതൃകങ്ങളെ നിറങ്ങളിൽ ചാലിച്ച് ലോകത്തിന്റെ മനം കവർന്നെടുക്കുന്ന വർണ മാന്ത്രികതയാണ് കരീമയുടെ രചനകളുടെ ചാരുത.
നിശബ്ദമായ വാക്കുകളെയും പറയാത്ത ഭാഷയെയും കുറിച്ചാണ് അവരുടെ ഇമേജുകൾ സംസാരിക്കുന്നത്. ശാരീരികമായി ഒന്നും പറയാതെയും കേൾക്കാതെയും സംസാരിക്കുന്നവരുടെ ഭാഷയാണിത്. നമ്മൾ ജീവിക്കുന്ന ഈ ലോകത്ത്, കേൾക്കാൻ കഴിയാത്ത, ആരും ശ്രദ്ധിക്കാത്ത നിരവധി പേർ നമുക്കിടയിലുണ്ട്. പലപ്പോഴും ഈ നിശബ്ദരായ ആളുകൾ വലിയ വേദന അനുഭവിക്കുന്നു. അവർക്കായിട്ടാണ് കരീമ തന്റെ ക്രിയാത്മകത പാകപ്പെടുത്തുന്നത്. സമാകലിക ലോകത്തിന്റെ പേടിപ്പിക്കുന്ന പ്രയാണത്തെയും മൗനത്തെയും സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകൾ ചിത്രങ്ങളിലൂടെ നൽകുന്നുണ്ട് അവർ. ഭൂഗോളത്തിന്റെ വലിപ്പം കുറയുകയും നമ്മൾ പരസ്പരം കൂടുതൽ കൂടുതൽ അറിയുകയും ചെയ്യുമ്പോൾ, പലരും പരസ്പരം കൂടുതൽ ഭയപ്പെടുകയും അവർക്കിടയിൽ വലിയ സംരക്ഷണ മതിലുകൾ നിർമ്മിക്കുകയും ചെയ്യുന്നു. തൽഫലമായി, യഥാർഥ വികാരവും ധാരണയും എത്തിച്ചേരാനാകാത്ത ദൂരത്താണ് ഇന്ന് എത്തി നിൽക്കുന്നതെന്ന് ചിത്രങ്ങൾ, ഇരുട്ടിൽ നിന്ന് വെളിച്ചത്തിന്റെ ഭാഷയിൽ നിലവിളിക്കുന്നു.
നിഴലുകളിലും വെളിച്ചത്തിലും ചെറിയ വ്യത്യാസങ്ങളോടെ, നിറത്തിന്റെയും ആകൃതിയുടെയും ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സവിശേഷ സാങ്കേതിക വിദ്യയാണ് ഡോ. കരീമ ശൂമലിയുടെ മാന്ത്രികത. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കമ്പ്യൂട്ടിങിന്റെയും സഹായത്തോടെ സങ്കീർണമായ വികാരങ്ങൾ എപ്പോഴും പ്രകടിപ്പിക്കാൻ കഴിവുള്ള ഫോട്ടോഗ്രാഫിക്ക് ഇപ്പോൾ യാഥാർഥ്യത്തെക്കുറിച്ച സങ്കീർണമായ ആശയങ്ങൾ തന്നെ ആശയവിനിമയം ചെയ്യാൻ കഴിയും. ഒരു യഥാർഥവും ആധികാരികവുമായ ചിത്രം പിന്നീട് കലാകാരന് പരിഷ്കരിക്കാനും കൈകാര്യം ചെയ്യാനും അലങ്കരിക്കാനും കഴിയും, ഇത് ഒരു സൃഷ്ടിയുടെ ദൃശ്യശക്തി വർധിപ്പിക്കുന്നതിനും, സൃഷ്ടിയുടെ യാഥാർഥ്യത്തെക്കുറിച്ചുള്ള കാഴ്ചക്കാരന്റെ പ്രതീക്ഷകളെ വെല്ലുവിളിക്കുന്നതിനും, ചിത്രത്തിന്റെ യഥാർഥ പാരാമീറ്ററുകൾക്കപ്പുറം ആശയങ്ങൾ ആശയവിനിമയം നടത്താൻ ആ സൃഷ്ടിയെ അനുവദിക്കുന്നതിനും സഹായിക്കുന്നു. ഒരു ദൃശ്യചിത്രത്തിന് പ്രാരംഭ രചനയെയോ വിഷയത്തെയോ മറികടക്കുന്നതും സങ്കീർണമാക്കുന്നതും വിരുദ്ധവുമായ നിരവധി അർഥങ്ങൾ നൽകാൻ കഴിയും.
ഉദാഹരണത്തിന്, മനുഷ്യജീവിതത്തിന്റെ യാഥാർഥ്യ ബോധമുള്ളതും കൃത്യവും നിർമ്മിതമല്ലാത്തതുമായ ഒരു വീക്ഷണം ചിത്രീകരിക്കാനും രേഖപ്പെടുത്താനുമുള്ള കഴിവ് കാരണം ഫോട്ടോഗ്രാഫിയെ ഏറ്റവും നേരിട്ടുള്ളതും ആധികാരികവുമായ ഒരു ദൃശ്യ മാധ്യമമായി കാണാൻ കഴിയും. എന്നിരുന്നാലും, എല്ലാ ചിത്രങ്ങളെയും പോലെ, ഇത്രയും വ്യാപകമായ ദൃശ്യ ആശയവിനിമയ രൂപമായ ഫോട്ടോഗ്രാഫുകളും കാഴ്ചക്കാരനും ഫോട്ടോഗ്രാഫർക്കും വ്യാഖ്യാനത്തിന് വിധേയമാണ്. യഥാർഥ ചിത്രത്തിൽ ഇല്ലാത്ത നിരവധി ആശയങ്ങളും മറ്റ് അനുബന്ധ ഇമേജറികളും ഒരു ഫോട്ടോഗ്രാഫിന് ഉണർത്താൻ കഴിയും. കരീമയുടെ ചിത്രങ്ങളിൽ പ്രകടമാകുന്നതും ഇത്തരത്തിലുള്ള വിസ്മയങ്ങളുടെ നിറഭേദങ്ങളാണ്. ‘ആൻ ഇന്റേണൽ ഡയലോഗ്’ എന്ന് പേരിട്ടിരിക്കുന്ന അവരുടെ ഫോട്ടോഗ്രാഫുകൾ, ഈ ആശയങ്ങൾ ഉപയോഗിച്ച് ചിത്രത്തിനും കാഴ്ചക്കാരനും ഇടയിലുള്ള സംഭാഷണത്തെ വ്യക്തമായ ഒരു ദിശയിലേക്ക് നയിക്കാൻ ശ്രമിക്കുന്നു.
കരീമ ഷാർജയിലാണ് ജനിച്ചത്. അൽഐനിലെ യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും അക്കൗണ്ടിങിലും ബി.എ ബിരുദവും; ഷാർജ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഫ്.എയും; ചെൽസി കോളേജ് ഓഫ് ആർട്സ് ആൻഡ് ഡിസൈനിലെ യൂനിവേഴ്സിറ്റി ഓഫ് ആർട്സ് ലണ്ടനിൽനിന്ന് എം.എഫ്.എയും നേടി. ലണ്ടനിലെ കിംഗ്സ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫൈൻ ആർട്സിൽ പി.എച്ച്ഡി പൂർത്തിയാക്കി. ഷാർജ യൂനിവേഴ്സിറ്റി, ഫൈൻ ആർട്സ് കോളേജ് ആൻഡ് ഡിസൈൻ എന്നിവിടങ്ങളിൽ അസി. പ്രൊഫസറായി ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.