ആവണി രമേശു (ഇടത്ത്) സേതുലക്ഷ്മിയും മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ
മാഷിനൊപ്പം
ബംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് ഇത് അഭിമാന മുഹൂർത്തം. പ്രവാസികളായ മലയാളികളുടെ മക്കൾക്ക് അമ്മ മലയാളത്തെ പരിചയപ്പെടുത്താനും കേരളത്തിന്റെ സംസ്കാരം പകർന്നുനൽകാനും നടത്തിയ അശ്രാന്ത പരിശ്രമങ്ങൾ നിരവധി വിദ്യാർഥികൾക്കാണ് തുണയായത്. ഇപ്പോഴിതാ മലയാളം മിഷനിലൂടെ കോഴ്സുകൾ പൂർത്തിയാക്കിയ രണ്ടുപേർ അധ്യാപകരായും അരങ്ങിലേക്കെത്തുന്ന അപൂർവ നിമിഷത്തിന് സാക്ഷിയാവുകയാണ് മിഷൻ കുടുംബാംഗങ്ങൾ.
എറണാകുളം സ്വദേശിയും സി.ഡോട്ടിൽ ഉദ്യോഗസ്ഥനുമായ ശിവദാസിന്റെയും മലയാളം മിഷൻ അധ്യാപികകൂടിയായ അമ്പിളി ശിവദാസിന്റെയും മകളും ബി.ആർക്ക് വിദ്യാർഥിനിയുമായ സേതു ലക്ഷ്മി ദാസ്, കണ്ണൂർ സ്വദേശി ടി.എൽ.കെ.ഐ ഉദ്യോസ്ഥനായ രമേശിന്റെയും ആർ.വി.കെ സ്കൂൾ അധ്യാപികയും മലയാളം മിഷൻ അധ്യാപികയുമായ ജിഷ എം.പി യുടെയും മകളും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിദ്യാർഥിനിയുമായ ആവണി രമേശ് എന്നിവരാണ് കർണാടക മലയാളം മിഷന് പുതു ചരിതമെഴുതിയത്.
കൈരളി വെൽഫെയർ അസോസിയേഷൻ പഠന കേന്ദ്രത്തിലെ വിദ്യാർഥിനിയായിരുന്നു സേതുലക്ഷ്മി. രാജരാജേശ്വരി നഗർ മലയാളി സമാജം കേന്ദ്രത്തിൽനിന്ന് മലയാളം മിഷൻ നീലക്കുറിഞ്ഞി പരീക്ഷ എഴുതി 2025ൽ മലയാളം മിഷൻ പഠനം പൂർത്തിയാക്കിയയാളാണ് ആവണി രമേശ്. മലയാളം മിഷൻ ബംഗളൂരുവിൽ തുടങ്ങി 12 വർഷം പൂർത്തിയാക്കുന്ന അസുലഭ മുഹൂർത്തത്തിൽതന്നെ കുട്ടികൾ അധ്യാപകരാവുന്നു എന്ന അപൂർവതയും ഒത്തുചേരുകയാണ്.
ഒന്നിലധികം ഭാഷകൾ പഠിക്കുന്നത് പ്രയാസമെന്ന് പറഞ്ഞ് മലയാളഭാഷ പഠനത്തിൽനിന്ന് വിട്ടുനിൽക്കുന്ന പുതുതലമുറക്ക് പ്രചോദനവും ഊർജവുമാണ് സേതുവും ആവണിയും. മലയാളം മിഷന് ഇത് അഭിമാന നിമിഷമെന്ന് കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ മാഷ് പറഞ്ഞു.മലയാളം മിഷനിൽ ചേർന്ന് മലയാളഭാഷ പഠിച്ചതു മുതൽ മറ്റു ഭാഷകൾ പഠിക്കാൻ എളുപ്പം തോന്നിയതായി വിദ്യാർഥികൾ രണ്ടുപേരും ഏകസ്വരത്തിൽ പറഞ്ഞു. ഭാഷാ പ്രവർത്തനത്തിന്റെ ഭാഗമാവണമെന്ന തീവ്രമായ ആഗ്രഹവും അവർ പ്രകടിപ്പിച്ചു.
മലയാളം എഴുതാനും വായിക്കാനും പഠിപ്പിക്കുക എന്നതിൽനിന്ന് ഇങ്ങനെ ഒരു അധ്യാപക പരിശീലനത്തിൽ എത്തിയതിൽ വളരെയധികം സന്തോഷവും അഭിമാനം തോന്നുന്നതായും നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ തയാറായി കുട്ടികൾ മുന്നോട്ടുവന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും സേതുവിന്റെ അമ്മയും മലയാളം മിഷൻ അധ്യാപികയുമായ അമ്പിളി ടീച്ചർ പറഞ്ഞു. മലയാളം മിഷനിൽ വന്ന ശേഷം കട്ടികളുടെ എഴുത്തിലും വായനയിലും ഒരുപാട് മാറ്റങ്ങൾ വന്നതായി ആവണിയുടെ അമ്മയും മലയാളം മിഷൻ അധ്യാപികയുമായ ജിഷ ടീച്ചർ പറഞ്ഞു. കഴിവുകൾ തിരിച്ചറിയാനും സാധിച്ചു. സ്കൂളിൽ ഇത്രയധികം ഓപ്ഷനുകൾ കിട്ടുന്നില്ല എന്നും മലയാളം മിഷനിൽ ഒരുപാട് അവസരങ്ങൾ കിട്ടുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.