കൊൽക്കത്ത: ജീവിച്ചിരിക്കുന്നു എന്നതിന് യാതൊരു രേഖയും ഇല്ലാത്ത യുവതിയുടെയും പലയിടത്തായി അവൾക്ക് ജനിച്ച രേഖകളൊന്നുമില്ലാത്ത മക്കളുടെയും പൊള്ളുന്ന ജീവിതം പരിചയപ്പെടുത്തുകയാണ് പശ്ചിമബംഗാൾ 24 നോർത്ത് പർഗാനാസിൽ സീറോ ഫൗണ്ടേഷൻ നടത്തുന്ന മലയാളി സന്നദ്ധപ്രവർത്തകനായ നാസർ ബന്ധു. ജനിച്ച് ഏഴാം മാസം മാതാവ് നഷ്ടപ്പെട്ട്, 14-ാം വയസിൽ സ്വന്തം പിതാവ് തന്നെ അന്യദേശത്ത് കൊണ്ടുപോയി വിൽപന നടത്തുകയും ഒരു പതിറ്റാണ്ടിനിടെ നാല് തവണ വിൽക്കപ്പെട്ട് അവസാനം തെരുവിൽ എത്തപ്പെടുകയും ചെയ്തതാണ് ഈ യുവതി. അതിനിടെ പലയിടത്തായി അഞ്ച് മക്കൾ ജനിച്ചു. ഇതിൽ രണ്ട് ആൺകുട്ടികൾ വിഷബാധയേറ്റ് മരിച്ചു. മാനുഷിക വികാരങ്ങളൊക്കെ അഴിച്ചുവച്ചാൽ മാത്രമേ ഇങ്ങനെയുള്ള മനുഷ്യരുടെ ജീവിതം കാണാനും കേൾക്കാനും കഴിയൂ എന്നും അല്ലെങ്കിൽ തകർന്നു പോകുമെന്നും നാസർ ബന്ധു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
ജനിച്ച് ഏഴാം മാസം മാതാവ് നഷ്ടപ്പെട്ട ഒരു പെൺകുട്ടി.
രണ്ടാം വിവാഹം കഴിച്ച പിതാവിനാൽ അവഗണിക്കപ്പെട്ട് മറ്റു കുടുംബക്കാരുടെ സഹായത്താൽ വളർന്ന അവളെ 14-ാം വയസിൽ സ്വന്തം പിതാവ് തന്നെ അന്യദേശത്ത് കൊണ്ടുപോയി വിൽക്കുക.
നിന്നെ പണം കൊടുത്തു വാങ്ങിയതാണ് എന്ന ഭീഷണിയിൽ അവർ അവളെ എല്ലാ തരത്തിലും ദുരുപയോഗം ചെയ്യുക.
ഒരു പതിറ്റാണ്ടിനിടെ നാല് തവണ വിൽക്കപ്പെട്ട് അവസാനം തെരുവിൽ എത്തപ്പെടുക. അതിനിടെ ഉണ്ടായ അഞ്ച് മക്കളിൽ രണ്ട് ആൺകുട്ടികൾ വിഷബാധയേറ്റ് മരണപ്പെടുക. (അവിടെ പെൺകുട്ടികൾക്കാണത്രെ ഡിമാൻറ്, അതിനാൽ അവർ ജീവിച്ചിരിക്കുന്നു) അങ്ങനെ ബാക്കിയുള്ള മൂന്ന് പെൺകുട്ടികളെയും കൂട്ടി അന്യദേശത്ത് നിന്ന് ഒളിച്ചു രക്ഷപ്പെട്ട് അവളുടെ ജന്മദേശത്ത് തിരികെയെത്തുക.
വീട്ടിൽ കയറ്റാതെ അവൾക്കു കൂടി അവകാശപ്പെട്ട വീട്ടിൽ നിന്നും തിരസ്കരികപ്പെട്ട അവളെ നാട്ടുകാരും അധികൃതരും ചേർന്ന് വീട്ടിൽ കയറ്റുക. നീ ഇവിടെ താമസിക്കണ്ട എന്ന് പറഞ്ഞ് വീടിൻ്റെ ഭിത്തി പൊളിച്ചുകൊണ്ടു പോകുന്ന പിതാവ്.
ഇങ്ങനെയുള്ള ഒരു പെൺകുട്ടിയെ കാണാൻ ചെല്ലുമ്പോൾ പ്ലാസ്റ്റിക് ഷീറ്റും പഴയ തകരവും ചേർന്ന കുടിലിനുളളിൽ മഴയിൽ കുതിർന്ന തറയിൽ ചാക്ക് വിരിച്ച് കുഞ്ഞുങ്ങളേയും കളിപ്പിച്ചിരിക്കുന്ന അവളെ കണ്ടു.
വർത്തമാനത്തിടയിൽ മനസ്സിലായി, ജീവിച്ചിരിക്കുന്നു എന്നതിന് യാതൊരു രേഖയും ഇല്ലാത്ത പെണ്ണാണത്. ആധാർ കാർഡ് പിതാവിൻ്റെ അടുത്ത് ഉണ്ടത്രെ. അയാൾ തരില്ല. പലയിടത്തായി ജനിച്ച മക്കൾക്കൊരു രേഖയും ഇല്ല.
മാനുഷിക വികാരങ്ങളൊക്കെ അഴിച്ചുവച്ചാൽ മാത്രമേ ഇങ്ങനെയുള്ള മനുഷ്യരുടെ ജീവിതം കാണാനും കേൾക്കാനും കഴിയൂ ...അല്ലെങ്കിൽ തകർന്നു പോകും.
August 18 , 2025 _West Bengal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.