മുസിരിസ് പദ്ധതിയിൽ നവീകരിച്ച മാള ഐരാണിക്കുളം മഹാദേവക്ഷേത്രം
കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി ഓണനിലാവായി ജനങ്ങളിലേക്ക്. പദ്ധതി പ്രദേശങ്ങളെയും സ്മാരകങ്ങളെയും മറ്റും കോർത്തിണക്കിയ ഓണാഘോഷത്തിന് തുടക്കമായി. സെപ്റ്റംബർ ഏഴ് വരെ നീണ്ടുനിൽക്കും. കേരള വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പൈതൃക സാംസ്കാരിക സ്മൃതികളെ ജലപാതകളോടും പ്രകൃതി ആസ്വാദന ഇടങ്ങളോടും ബന്ധിപ്പിച്ച് വിനോദസഞ്ചാരത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്ന പദ്ധതിയാണ് മുസിരിസ് പൈതൃക പദ്ധതി.
മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പാലിയം പാലസ്
മുസിരിസിന്റെ തദ്ദേശീയവും വൈദേശികവുമായ ബന്ധങ്ങളുടെ അനവധി ചരിത്രസ്മൃതികൾ നിലകൊള്ളുന്ന പദ്ധതി പ്രദേശമായ കൊടുങ്ങല്ലൂർ, പറവൂർ താലൂക്കുകളിലെ പൈതൃക സ്മാരകങ്ങളെ പൗരാണിക പ്രൗഢിയോടെ പുനരുദ്ധരിക്കുകയും വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും, ചരിത്രാന്വേഷികൾക്കും തുറന്നുനൽകുകയും ചെയ്യുന്ന ഈ പദ്ധതി കൂടുതൽ വിപുലമാക്കി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
പദ്ധതി പ്രദേശങ്ങളിലെ ജനവിഭാഗങ്ങളെ വിവരശേഖരണത്തിലൂടെ കണ്ടെത്തി പ്രഫഷനൽ ട്രെയിനിങ് നൽകി നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുസിരിസ് ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി വരുമാനം ലഭിക്കുന്ന രീതിയിലുള്ള പദ്ധതികൾ, തദ്ദേശവാസികൾക്ക് കൂടുതൽ സാമ്പത്തിക നേട്ടങ്ങൾ സൃഷ്ടിക്കുന്നതിനും ആതിഥേയ സമൂഹങ്ങളുടെ ക്ഷേമം വർധിപ്പിക്കുന്നതിനും വേണ്ടിയുള്ള ‘മുസിരിസ് 1000 എക്സ്പീരിയന്‍സ്’ പരിപാടി, പദ്ധതി പ്രദേശത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട് വിവിധ മേഖലകളിൽ പി.പി.പി മോഡൽ നിക്ഷേപം ക്ഷണിച്ചുകൊണ്ടുള്ള നിക്ഷേപ സൗഹൃദ പദ്ധതികൾ, അനൗപചാരിക വിദ്യാഭ്യാസം പ്രാവർത്തികമാക്കുന്നതിനുള്ള നിരവധി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങി പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
അഴീക്കോട് മുസിരിസ് ഡോൾഫിൻ ബീച്ച്
ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് മുസിരിസ് പൈതൃക പദ്ധതി ഈ വര്‍ഷം വിവിധ പദ്ധതി പ്രദേശങ്ങളിലായി ഓണാഘോഷം സംഘടിപ്പിക്കുന്നത്. ‘ഓണനിലാവ് 2025’ എന്ന പേരിൽ സംസ്ഥാന വിനോദസഞ്ചാര വകുപ്പിനോടൊപ്പം മുസിരിസ് പൈതൃക പ്രദേശങ്ങളെ കോർത്തിണക്കിക്കൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും ഓണാഘോഷത്തിന്റെ ഭാഗമാക്കി നാടിന്റെ ഉത്സവത്തിന് തിരികൊളുത്തുകയാണെന്ന് മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകവും ഐക്യവും അഖണ്ഡതയും വിളിച്ചോതിക്കൊണ്ട് വിവിധ കലാരൂപങ്ങളെയും കലാപരിപാടികളെയും കോർത്തിണക്കിയുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പൈതൃക പദ്ധതിയിൽ സ്ഥാപിച്ച ചരിത്ര-സാഹിത്യ പ്രതിഭ ശാന്തിപുരം പി.എ. സെയ്ത് മുഹമ്മദ് സ്മാരക സാംസ്കാരിക കേന്ദ്രത്തിൽ മന്ത്രി കെ. രാജൻ ഓണഘോഷം ഉദ്ഘാടനം ചെയ്തു.
മുസിരിസ് പൈതൃക പദ്ധതിയിൽ സൗന്ദര്യവത്കരിച്ച കോട്ടപ്പുറം കായലോരം
പരിപാടിയിൽ കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ, ബി.ആർ.സികൾ എന്നിവയുമായി സഹകരിച്ച് പൂക്കളമത്സരം നടന്നു. മുസിരിസ് പൈതൃക പദ്ധതിയും മതിലകം ഗ്രാമപഞ്ചായത്തും മതിലകം പൈതൃക കലാകായിക കൂട്ടായ്മയും സംയുക്തമായി ഏഴിന് ഉച്ചക്ക് രണ്ട് മുതൽ മതിലകം ബംഗ്ലാവ്കടവിൽ കലാകായിക മത്സരങ്ങള്‍ സംഘടിപ്പിക്കും. മേഖലയിലെ സമാപന സമ്മേളനം അഞ്ചിന് വൈകീട്ട് ഏഴിന് അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ചിൽ ഇ.ടി. ടൈസണ്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഡി.ടി.പി.സിയുടെ സഹകരണത്തിൽ സംഗീതനിശയും ഉണ്ടാകും.
മുസിരിസ് പൈതൃക പദ്ധതിയും മുസിരിസ് ടൂറിസം സഹകരണ സംഘവും സംയുക്തമായി പറവൂർ മേഖലയിലെ ഓണാഘോഷങ്ങള്‍ക്ക് സെപ്റ്റംബർ ആറിന് തുടക്കം കുറിക്കും. പറവൂർ വാട്ടർ ഫ്രണ്ടിൽ വൈകീട്ട് ആറിന് ഫ്യൂഷൻ മ്യൂസിക്കും വിവിധ റസിഡൻസ് അസോസിയേഷനുകൾ പങ്കെടുക്കുന്ന കലാപരിപാടികളും നടക്കും. ഏഴിന് വൈകീട്ട് ഏഴിന് പറവൂർ മേഖലയിലെ ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം പ്രതിപക്ഷനേതാവ് അഡ്വ. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ചിലപ്പതികാരം സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടും ഉണ്ടാകും.
കോട്ടപ്പുറം കോട്ട ഉദ്ഖനനത്തിനിടെ കണ്ടെത്തിയ പുരാതന വസ്തുക്കൾ
കൊടുങ്ങല്ലൂര്‍ മേഖലയിലെ ഓണാഘോഷങ്ങൾ സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചിന് കോട്ടപ്പുറം വാട്ടർ ഫ്രണ്ടില്‍ ഓൺ ദി ഫ്ലോർ അക്കാദമി അവതരിപ്പിക്കുന്ന ‘ആരവം’ മെഗാ ഇവന്റിലൂടെ ആരംഭിക്കും. ഓണാഘോഷത്തോടനുബന്ധിച്ച സാംസ്കാരിക സമ്മേളനം സെപ്റ്റംബർ നാലിന് വൈകീട്ട് ആറിന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം നിര്‍വഹിക്കും.
തുടർന്ന് പ്രശസ്ത സംഗീതജ്ഞൻ അമല്‍ ദേവ് നയിക്കുന്ന ‘മെജസ്റ്റിക് നയന്റീസ്’ ബാൻഡ് അവതരിപ്പിക്കുന്ന ഇൻസ്ട്രുമെന്റൽ മ്യൂസിക് ഷോ അരങ്ങേറും. ഓണാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ കോട്ടപ്പുറം വാട്ടർ ഫ്രണ്ട് പറവൂർ തട്ടുകടവ് വാട്ടർ ഫ്രണ്ട്, അഴീക്കോട് മുനക്കൽ മുസിരിസ് ബീച്ച് എന്നിവിടങ്ങളിൽ ദീപാലങ്കാരങ്ങൾ ഒരുക്കും. മുസിരിസിനെ ജനകീയമാക്കുന്നതിനോടൊപ്പം വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്ക് ഇതൊരു ശുഭാരംഭമായിരിക്കുമെന്ന് ഷാരോൺ വീട്ടിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.