ഉത്രാട തലേന്ന് തിരക്കിലമർന്ന കോട്ടയം മാർക്കറ്റ്
കോട്ടയം: ഒരു പൂവിളിയപ്പുറത്തെത്തിയ പൊന്നോണത്തെ വരവേൽക്കാൻ നാടൊരുങ്ങി, നാട്ടാരൊരുങ്ങി... മാനവും മനസ്സുകളും ഒത്തൊരുങ്ങി...
മഴപ്പേടി മാഞ്ഞ് മാനം തെളിഞ്ഞുനിന്ന ഉത്രാട തലേന്ന് ആഘോഷമേളം കൊട്ടിക്കയറിയ മനസ്സുമായി നഗരവീഥികളിലേക്കിറങ്ങിയവരെ പെട്ടെന്നു പെയ്ത മഴ ആശങ്കയിലാക്കി. ഓണക്കച്ചവടം ലക്ഷ്യമിട്ട് തെരുവുകളെ കമ്പോളമാക്കിയ വഴിവാണിഭക്കാരും പെട്ടെന്നൊന്ന് അമ്പരന്നെങ്കിലും മഴ വന്ന വഴിക്കുതന്നെ പോയി.
ഇന്നാണ് ഉത്രാടപ്പാച്ചിൽ. വീടകങ്ങളിൽ സദ്യവട്ടത്തിന്റെ അവസാന വിഭവങ്ങൾ തേടിയുള്ള പരക്കം പാച്ചിൽ. ഉത്രാട നാളിലെ തിരക്കിനായി കാത്തുനിൽക്കാതെ ആളുകൾ തെരുവിലേക്കിറങ്ങിയപ്പോൾ പേരുകേട്ട ഉത്രാടപ്പാച്ചിൽ ഒരു ദിവസം നേരത്തെയായതു പോലെ. അടുത്ത രണ്ടു ദിവസം കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ മുന്നറിയിപ്പുകൂടി വന്നപ്പോൾ പലവ്യഞ്ജനവും പച്ചക്കറികളും വസ്ത്രങ്ങളും വാങ്ങാൻ നേരത്തെ പുറപ്പെട്ടവരെ കൊണ്ട് നഗരം നിറഞ്ഞു. നാട്ടിൻപുറങ്ങളിൽനിന്നു പോലും നഗരത്തിലെ ഹൈപ്പർ മാർക്കറ്റുകളിലേക്ക് വണ്ടിയും വിളിച്ചുവന്നവരുടെ തിക്കും തിരക്കുമായിരുന്നു. എന്നിട്ടും പഴങ്ങളും പച്ചക്കറികളും വാങ്ങാൻ കോട്ടയം മാർക്കറ്റിൽ വൻ തിരക്കു തന്നെയായിരുന്നു.
ഓണപ്പൂക്കള വിപണിയിലും തിരക്കിനൊരു കുറവുമില്ല. ഓണം അവധിക്ക് തൊട്ടുമുമ്പുള്ള ദിവസമായതിനാൽ മിക്ക ഓഫിസുകളിലും ഓണാഘോഷം പൊടിപൊടിച്ചു. കലക്ടറേറ്റിലും മറ്റ് ഓഫിസുകളിലും ആഘോഷവും സദ്യയും മത്സരങ്ങളുമായി കെങ്കേമമാക്കി. മാവേലി വേഷത്തിലെത്തിയവർ ഓണം കളറുമാക്കി. ഇന്ന് ഉത്രാടനാളിൽ വൻ തിരക്കിൽ നഗരം അമരും. മഴ ചതിക്കരുതേ എന്ന പ്രാർത്ഥനയിലാണ് കച്ചവടക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.