പുഷ്പവതി
പല കാലത്തിന്‍റെ ഓർമകളാണ് ഓണം. തൃശൂർ വേലൂരിലെ കുട്ടിക്കാലവും പ്രവാസ ലോകത്തെ രണ്ടു വർഷത്തെ ഓണവും പാട്ടുകാരിയായ ശേഷമുള്ള പരിപാടികളും എല്ലാം നിറഞ്ഞുനിൽക്കുന്നതാണ് ഓണ ഓർമകൾ. തൃശൂരിന്‍റെ ഓണം ഒന്ന് വേറെത്തന്നെയാണ്. എല്ലാവരെയുംപോലെ കുട്ടിക്കാലത്തിന്‍റെ ഓണമാണ് ഇന്നും മനസ്സിൽ. അന്നത്തെ വസ്ത്രങ്ങളും തിരുവാതിരയും പൂക്കളമിടലും പാടത്തെ കൃഷിയും നാട്ടാഘോഷങ്ങളും എല്ലാം മായാതെ നിൽക്കുകയാണ്.
ഓണത്തിന് മുമ്പേ പാടത്ത് തുടങ്ങുന്ന പണിയിൽ തുടങ്ങി തിരുവാതിരയും തുമ്പിതുള്ളലും കുമ്മാട്ടിയും എല്ലാം നിറഞ്ഞുനിന്ന ആഘോഷക്കാലമാണ് ഇപ്പോഴും മനസ്സിൽ നിറയുന്നത്. തിരുവനന്തപുരത്ത് സ്ഥിരതാമസമായപ്പോഴും വേലൂരിലെ ഓണക്കാലംതന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്. അതുതന്നെയായിരുന്നു ഏറ്റവും വലിയ ആഘോഷവും.
ഓണത്തിന് മുമ്പുതന്നെ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും. ഓണത്തിന് വിളവെടുക്കുന്ന രീതിയിൽ നേന്ത്രപ്പഴ കൃഷിയാണ് പ്രധാനമായും ചെയ്യുക. സമീപത്തെ പാടം പാട്ടത്തിനെടുത്താണ് കൃഷി നടത്തിയിരുന്നത്. വാഴക്കന്ന് നട്ടാൽ പിന്നെ സ്കൂൾ വിട്ടുവരുമ്പോൾ മുതൽ പാടത്തായിരിക്കും. വാഴ നനയ്ക്കലും മറ്റുമായി സഹായിയായി കൂടും. ചേച്ചിക്കും മറ്റും ഒപ്പം വെള്ളം തിരിക്കലും നനക്കലുമെല്ലാമായി ആഘോഷമായിരിക്കും. അമ്മക്കൊപ്പം കുഞ്ഞു ഓപ്പയും (ചെറിയ ചേട്ടൻ) സഹോദരി ഗീതയും ചേർന്നാണ് നനക്കലും മറ്റും ചെയ്തിരുന്നത്. ഈ വാഴകൾ കുലക്കുമ്പോൾതന്നെ സന്തോഷമാണ്. പാകമെത്തിത്തുടങ്ങുമ്പോൾ വീടിന്‍റെ ഉത്തരത്തിൽ മുളക്കോൽ കെട്ടി അതിൽ വിൽക്കാനായി കുലകൾ കെട്ടിത്തൂക്കിയിടും. രണ്ടോ മൂന്നോ കുലകൾ വീട്ടിലെ ആവശ്യത്തിനായി എടുത്തുവെക്കും. വലിയ മൺകൂനയിൽ വാഴക്കുല പഴുപ്പിക്കാൻ വെക്കുന്നതും കാട്ടുതൃത്താവും ചന്ദനത്തിരിയും അടക്കം ഉപയോഗിച്ച് പുകയ്ക്കുന്നതും രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് തുറന്നുനോക്കുമ്പോൾ കുലയിലെ മഞ്ഞ നിറം കാണുമ്പോഴുള്ള ആഹ്ലാദവും സന്തോഷവും ഒന്ന് വേറെത്തന്നെയാണ്. അപ്പോഴാണ് പഴമൊക്കെ ആവശ്യത്തിന് ഇരുന്ന് തിന്നുന്നത്. പുലികളിയിൽ വരുന്ന കുട്ടികൾക്ക് ഈ നേന്ത്രപ്പഴംതന്നെയാണ് നൽകിയിരുന്നത്. സ്വയം നട്ടുനനച്ച് വളർത്തി വിളവെടുത്ത് വീട്ടിലിരുന്ന് തിന്നുന്നതിന്‍റെ സന്തോഷം ഒന്ന് വേറെത്തന്നെയാണ്.
അത്തം പിറക്കുമ്പോൾതന്നെ പൂക്കളമാണ് മനസ്സിൽ നിറയുക. ഓണക്കാലമായാൽ സ്കൂളിൽനിന്ന് ബുക്കും വലിച്ചെറിഞ്ഞ് തൊടിയിലേക്കും പാടത്തേക്കും ഒരു ഓട്ടമാണ്. പൊരിയണിയുടെയോ തേക്കിന്‍റെയോ ഇല ഈർക്കിൽ കുത്തി കുമ്പിളുണ്ടാക്കി തുമ്പപ്പൂവും കൂത്താടിച്ചിപ്പൂവും എല്ലാം ശേഖരിച്ചുവെക്കും. പിറ്റേ ദിവസം പുലർച്ചെ പിങ്ക് നിറത്തിലുള്ള തൊട്ടാവാടിപ്പൂവും മുക്കൂറ്റിപ്പൂവും വയലറ്റ് നിറത്തിലുള്ള കുഞ്ഞുകുഞ്ഞുപൂക്കളും എല്ലാം പൊട്ടിക്കും. ചെമ്പരത്തിപ്പൂവും തുളസിയിലയും പാടത്തുനിന്ന് ചാമക്കതിരും എല്ലാം ചേർത്താണ് പൂക്കളം ഇട്ടിരുന്നത്. പുലർച്ചെ മഞ്ഞുതുള്ളി സൂര്യരശ്മിയിൽ തിളങ്ങുന്നത് ഭയങ്കര ഭംഗിയായിരുന്നു. എന്തൊരു സന്തോഷമായിരുന്നു അതൊക്കെ.
കുറുമാൽ ആണ് ഞങ്ങൾ താമസിച്ചിരുന്നത്. പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ഈ സമയത്തൊക്കെ ഉച്ചക്ക് ഊണ് കഴിഞ്ഞ് വേലൂരിലേക്ക് ഒരു ഇറക്കമുണ്ട്. പുത്തനുടുപ്പും മറ്റുമെല്ലാം ഇട്ട് ശോഭ, സുലോചന തുടങ്ങിയവരുമായി വേലൂരിലേക്ക് പോകും. യാക്കോബേട്ടന്‍റെ കടയിൽനിന്ന് കുപ്പിവളയൊക്കെ വാങ്ങിത്തിരിച്ചുവരും. കല്യാണിത്തണ്ടാത്തിയുടെ വീട്ടിലേക്ക് ഒരു പോക്കാണ്. അവരാണ് കൗമാരക്കാരായ ഞങ്ങളെ തിരുവാതിരകളി പഠിപ്പിച്ചിരുന്നത്.
ഓണത്തിനാണ് വിളക്കൊക്കെ കത്തിച്ച് തിരുവാതിര കളിച്ചിരുന്നത്. കുമ്മിയടി, തുമ്പിതുള്ളൽ എന്നിവയും നടക്കും. തിരുവാതിരക്കും തുമ്പിതുള്ളലിനും ഒന്നും ഞാൻ നിൽക്കാറില്ല. നൃത്തത്തോട് അന്ന് താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല. നൃത്തം ചെയ്യൽ ചമ്മലുള്ള കാര്യമായിരുന്നു. ലൂയിസേട്ടന്‍റെ കടയിൽനിന്ന് കുട്ടി സൈക്കിൾ എടുത്ത് ചവിട്ടിനടക്കുമായിരുന്നു. മനുഷ്യർ കൂടിക്കലർന്ന് സന്തോഷം പങ്കുവെച്ച് നൃത്തം ചെയ്ത് നടക്കുമായിരുന്നു. ആ കാലത്തെ ഏറ്റവും സന്തോഷമുള്ള ഓർമകളിൽ ഒന്ന് വളപ്പൊട്ടിന്‍റെ ഡിസൈൻ ഉള്ള കോട്ടൺ പാവാടയായിരുന്നു. ആ ഡിസൈൻ ഇന്നും മനസ്സിലുണ്ട്. ഓണക്കാലത്ത് മാത്രമായിരുന്നു കോട്ടൺ പാവാടയും ബ്ലൗസും ലഭിച്ചിരുന്നത്.
ചെറുപ്പത്തിൽതന്നെ ശാസ്ത്രീയ സംഗീതം പഠിക്കാൻ ഭാഗ്യം ലഭിച്ചിരുന്ന ഒരാളാണ് ഞാൻ. വളരെ ചെറുപ്രായത്തിൽതന്നെ പാട്ടിൽ വളർച്ചയുണ്ട്. കുഞ്ഞുപ്രായത്തിൽതന്നെ പാട്ട് പഠിക്കാൻ ഭാഗ്യമുണ്ടായി. നമ്മുടെ ഇടയിൽനിന്ന് ശാസ്ത്രീയ സംഗീതം പഠിച്ച് വളരുന്ന കുട്ടികൾ തീരെ ഇല്ലാത്ത അവസ്ഥയായിരുന്നു. പിന്നാക്കം നിൽക്കുന്ന സമുദായത്തിൽ വേണ്ടരീതിയിൽ പഠിച്ചുയരാൻ കഴിയുന്ന സാഹചര്യമില്ല. ദ്രൗപതി നങ്ങ്യാർ ആണ് പഠിപ്പിച്ചത്. കേരള വർമയിൽനിന്ന് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം പാലക്കാട് ചെൈമ്പ സ്മാരക സംഗീത കോളജിൽനിന്നാണ് ഗാനപ്രവീണ പാസായത്.
1999 മുതൽ 2004 വരെ ഓൾ ഇന്ത്യ റേഡിയോയിൽ ബി ഗ്രേഡ് ആർട്ടിസ്റ്റായും ജോലി ചെയ്തു. തുടർന്നുള്ള രണ്ടുവർഷം ഖത്തറിലെ ദോഹയിൽ സംഗീതാധ്യാപികയായിരുന്നു. ഗൾഫിലെ ഡിസംബർ വരെ നീളുന്ന ഓണക്കാലത്തെക്കുറിച്ച് അറിവുണ്ടെങ്കിലും പരിമിത സാഹചര്യങ്ങളിൽ ജീവിക്കുന്നവർക്ക് അത് അപ്രാപ്യമായിരുന്നു. 2002ൽ ‘നമ്മൾ’ എന്ന സിനിമയിലെ കാത്തുകാത്തൊരു മഴയത്ത് എന്ന പാട്ടിലൂടെ പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.
സമാന്തര സംഗീത രംഗത്ത് അടക്കം നിരവധി സംഭാവനകൾ നൽകാൻ കഴിഞ്ഞു. സ്കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങൾക്ക് ഓണപ്പാട്ടാണ് പാടിയിരുന്നത്. ഉത്രാടപ്പൂനിലാവേ വാ... തുടങ്ങിയ പാട്ടുകളാണ് പാടിയിരുന്നത്. ഇപ്പോൾ സ്വന്തം ബാൻഡിനോട് ഒപ്പമുള്ള പരിപാടികളാണ് പ്രധാന ഓണാഘോഷം. ശ്രീഗൗരിയാണ് മകൾ. ഗ്രാഫിക് ഡിസൈനറായ പ്രിയരഞ്ജൻ ലാൽ ആണ് ഭർത്താവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.