ചെണ്ടുമല്ലിക പൂ കണ്ടാൽ ഇത്തവണ ഓണത്തിന് ചന്തമിത്തിരി കൂടും. ഓണസദ്യവട്ടത്തിന് പച്ചക്കറികൾക്ക് സ്വാദും അൽപമേറും. മാവേലിനാട്ടിൽ പൂക്കളം തീർക്കാനും സദ്യയൊരുക്കാനും പൂവും പച്ചക്കറികളും നമ്മുടെ മണ്ണിലൊരുക്കുകയാണ് മലയാളത്തിന്റെ കുടുംബശ്രീ. അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കാതെ വിഷരഹിത പച്ചക്കറിയും സ്വദേശികളായ പൂക്കളുമായി ഇത്തവണ ഓണം കളറാക്കാന്‍ കുടുബശ്രീയൊരുങ്ങി. പൂപ്പാടത്ത് നട്ട ലക്ഷക്കണക്കിന് ചെടികളിലും ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു വർണം വിതറിയ സന്തോഷത്തിലാണ് കുടുംബശ്രീ പ്രവർത്തകർ.
ഓണവിപണിയിൽ പൂക്കളെത്തിക്കുന്നതിനായി കുടുംബശ്രീ കർഷക സംഘങ്ങൾ പൂക്കൃഷി ചെയ്യുന്ന ‘നിറപ്പൊലിമ’, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിനായി ‘ഓണക്കനി’ പദ്ധതികളാണുള്ളത്. കുടുംബശ്രീയുടെ കീഴിലുള്ള കർഷക വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന തരത്തിലും ഓണത്തിന് വരുമാനം ഒരുക്കുന്നതിനുമാണ് നിറപ്പൊലിമ, ഓണക്കനി പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കാൽലക്ഷം ഏക്കർ സ്ഥലത്താണ് കുടുംബശ്രീ കൃഷിയിറക്കുന്നത്. നിലവിൽ ജെ.എൽ.ജികൾ നടത്തുന്ന കൃഷിക്ക് പുറമെയാണിത്. ഓരോ ജില്ല മിഷന്റെയും നേതൃത്വത്തിൽ സി.ഡി.എസുകളിലെ സംഘകൃഷി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പൂവും പച്ചക്കറിയും ഉൽപാദിപ്പിക്കുന്നത്.
ഓണത്തിന് സാമ്പാറും തോരനും അവിയലും അടക്കമുള്ള വിഷരഹിത കൊതിയൂറും സദ്യയൊരുക്കാൻ ഓരോ ജില്ലയിലും ആയിരക്കണക്കിന് ഏക്കറിലാണ് കൃഷിയിറക്കിയത്. തക്കാളി, പയർ, വെണ്ട, മത്തൻകുമ്പളം, പാവൽ, പടവലം, മുളക്, ചുരക്ക തുടങ്ങിയവ വിളവെടുപ്പിന് തയാറായിരിക്കുകയാണ്. പച്ചക്കറി കൃഷിക്ക് സബ്സിഡി ലഭിക്കുന്നുണ്ട്. കഴിഞ്ഞവർഷം വരെ കൃഷിവകുപ്പിൽനിന്നായിരുന്നു കൂടുതലായും പച്ചക്കറി തൈകൾ വാങ്ങിയിരുന്നത്. ഇത്തവണ കുടുംബശ്രീ നഴ്സറികളിൽനിന്നാണ് തൈ വാങ്ങിയത്. മഴ അൽപം വില്ലനായെങ്കിലും ഓണത്തിന് നാടൻ പച്ചക്കറി മലയാളികൾക്ക് നൽകാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബശ്രീ.
ചെണ്ടുമല്ലിയും വാടാമല്ലിയും
ഓറഞ്ചും മഞ്ഞയും നീലയും പരവതാനി വിരിച്ചപോലെ ഓണത്തിന് ആയിരം ഏക്കറിലാണ് ചെണ്ടുമല്ലിയും വാടാമല്ലിയും പൂത്തുലയുന്നത്. കുടുംബശ്രീ പ്ലാന്റ് നഴ്സറികളിൽ ഉൽപാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള തൈകളാണ് മണ്ണിലിറങ്ങിയത്. നല്ല സൂര്യപ്രകാശമുള്ള കൃഷിയിടങ്ങൾ കണ്ടെത്തിയാണ് പ്രവർത്തകർ തോട്ടമൊരുക്കിയത്. മഴയിൽനിന്ന് രക്ഷനേടാൻ അൽപം മണ്ണിട്ട് ഉയർത്തി ചെണ്ടുമല്ലിയും വാടാമല്ലിയുമെല്ലാം കഴിഞ്ഞമാസം മുതൽ മണ്ണിലിറങ്ങി. ആരോഗ്യമുള്ള തൈകളുടെ തലപ്പ് നുള്ളി പ്രധാന ശാഖകളെ വളർത്തിയാണ് മികച്ച ഉൽപാദനം ഉറപ്പാക്കുന്നത്.
ജലസേചനം, വളപ്രയോഗം, നല്ല സൂര്യപ്രകാശം എന്നിവ ചെണ്ടുമല്ലി കൃഷിയിൽ ആവശ്യമാണെന്ന് മനസ്സിലാക്കി ശാസ്ത്രീയമായ കൃഷിരീതിയാണ് പിന്തുടരുന്നത്. ഇതിനായി കൃഷി വകുപ്പിന്റെ സഹായവുമുണ്ട്. ഒരു സെന്റിൽ ഏകദേശം 200-250 തൈകളാണ് നട്ടത്. പൂക്കൃഷിക്ക് ആവശ്യമാണെങ്കിൽ കുടുംബശ്രീ റിവോൾവിങ് ഫണ്ട് ഉപയോഗിക്കാനാവും. വരുമാനത്തിൽനിന്ന് തുക തിരിച്ചടക്കണം. ബാങ്ക് ലോൺ സഹായത്തോടെ കൃഷി ചെയ്യുന്നവർക്ക് പലിശ സബ്സിഡിയായി നൽകും. മുല്ലപ്പൂ കൃഷിയും കുടുംബശ്രീ തുടങ്ങിയിട്ടുണ്ട്. എട്ട് വർഷത്തോളം പൂക്കൾ ലഭിക്കുന്ന തൈകളാണ് നട്ടുപിടിപ്പിച്ചത്. മലപ്പുറം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പൂവും പച്ചക്കറിയും കൂടുതലായി കൃഷി ചെയ്യുന്നത്.
കുടുംബശ്രീ ഓണവിപണന മേളകളിലൂടെയാണ് പൂക്കളും പച്ചക്കറിയും വിറ്റഴിക്കുന്നത്. എല്ലാ സി.ഡി.എസുകളിലും നാട്ടുചന്തകളും ഓണം സ്പെഷൽ മേളകളും നടത്തുന്നുണ്ട്. വൻതിരക്കാണ് ഇത്തരം മേളകളിൽ. പച്ചക്കറി, പൂ വിൽപനയിലൂടെ ഓണത്തിന് മികച്ച വരുമാനമാണ് കുടുംബശ്രീ അംഗങ്ങൾക്ക് ലഭിക്കുന്നത്. കഴിഞ്ഞവർഷം ഓണക്കനി, നിറപ്പൊലിമ പദ്ധതികളിലൂടെ 10.80 കോടി രൂപയാണ് ലഭിച്ചത്.
പച്ചക്കറി വിൽപനയിലൂടെ 7.79 കോടി രൂപ ലഭിച്ചു. മുന്ന് കോടി രൂപയുടെ പൂക്കളാണ് കുടുംബശ്രീ വിറ്റത്. 1281 ഏക്കറിൽ പൂക്കളും 6,798 ഏക്കറിൽ പച്ചക്കറിയും കഴിഞ്ഞവർഷം കൃഷിചെയ്തു. തൃശൂർ ജില്ലയാണ് പച്ചക്കറി, പൂ കൃഷികളിൽ മുന്നിട്ടുനിന്നത്. 2.27 കോടിയുടെ പച്ചക്കറിയും 1.16 കോടിയുടെ പൂക്കളും വിറ്റഴിക്കാനായതിലൂടെ വലിയ വരുമാനമാണ് കുടുംബശ്രീ പ്രവർത്തകർക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.