ശ്രീദേവിയും എൻ.എൻ. കക്കാടും
‘കാലമിനിയുമുരുളും..വിഷു വരും വർഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോഴാരെന്നും എന്തെന്നും ആർക്കറിയാം..’ (സഫലമീയാത്ര -എൻ.എൻ. കക്കാട്)
ഓണം ഓർമകളുടെ ഉത്സവമാണ്. പ്രകൃതിയോടൊപ്പം ചേർന്നുനിന്ന മനുഷ്യന്‍റെ ആഘോഷം. ഓരോ തളിരിലും പൂവും കായും മുളക്കുന്ന കാലം. ശരിക്കും സമൃദ്ധിയുടെ പൊന്നിൻ ചിങ്ങമാസം. കാലം ഏറെ മാറിയെങ്കിലും ഓണത്തിന്‍റെ വരവറിയിച്ച് പൂക്കാലമാണിന്നും.
കവി എൻ.എൻ. കക്കാട് വിടവാങ്ങിയിട്ട് 38 വർഷമായി, കവിയുടെ പ്രിയ കവിത ‘സഫലമീയാത്ര’ വായനക്കാരിൽനിന്ന് വായനക്കാരിലേക്ക് വൈകാരികത ചോരാതെ സഞ്ചരിക്കുകയാണ്. സമൂഹ മാധ്യമങ്ങളുടെ പുതിയ കാലത്തും പാടിയും ചൊല്ലിയും കവിത സജീവമാണ്. പാരമ്പര്യവഴിയിൽ നിൽക്കുേമ്പാഴും കവിതയിൽ പുതുവഴി വെട്ടിത്തെളിച്ച കവിയാണ് കക്കാട്.
1927 ജൂലൈ 14ന് ജനിച്ച കവി കുട്ടിക്കാലത്തുതന്നെ വേേദതിഹാസങ്ങളിൽ അറിവുനേടി. നാരായണൻ നമ്പൂതിരി എന്നാണ് ശരിയായ പേര്. ചിത്രകലയും സംഗീതവും അനായാസം വഴങ്ങി. ശലഭഗീതം, ആയിരത്തിതൊള്ളായിരത്തി അറുപത്തിമൂന്ന്, പാതാളത്തിന്‍റെ മുഴക്കം, വജ്രകുണ്ഡലം, പകലറുതിക്ക് മുമ്പ്, നാടൻ ചിന്തുകൾ, സഫലമീയാത്ര തുടങ്ങി ഒേട്ടറെ സമാഹാരങ്ങൾ പുറത്തുവന്നു. കേരളസാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ്, ഓടക്കുഴൽ അവാർഡ്, ചെറുകാട് അവാർഡ്, ആശാൻ പുരസ്കാരം തുടങ്ങിയവ കവിതകൾക്കുള്ള അംഗീകാരമായി.
ശ്രീദേവി കക്കാട് ചിത്രം (അനീഷ് തോടന്നൂർ)
1987 ജനുവരി ആറിന് കക്കാട് ജീവിതത്തിൽനിന്നു വിടവാങ്ങി. പുതുവർഷവും തിരുവോണവും വരുേമ്പാൾ മലയാളിയുടെ ഓർമയിൽ എൻ.എൻ. കക്കാടിന്‍റെ സഫലമീയാത്രയിലെ വരികൾ എത്തുക സ്വാഭാവികം. ഇവിടെ, കവിയോടൊത്തുള്ള ഓണക്കാലത്തെക്കുറിച്ച് സഹധർമിണി ശ്രീദേവി കക്കാട് മനസ്സ് തുറക്കുകയാണ്... (പാലക്കാട് ജില്ലയിലെ കാറൽമണ്ണയിൽ കീഴെ നരിപ്പറ്റ ശങ്കരനാരായണൻ നമ്പൂതിരിയുടെയും നീലി അന്തർജനത്തിന്‍റെയും മകളായി 1935 മാർച്ച് ഒന്നിന് ശ്രീദേവി ജനിച്ചു.
1955 ഏപ്രിൽ 26ന് കക്കാടുമായുള്ള വിവാഹം. പിന്നീട് കോഴിക്കോടായി താമസം. പ്രൂഫ് റീഡറായി പല സ്ഥാപനങ്ങളിലും ജോലിചെയ്തു. ആർദ്രമീ ധനുമാസരാവിൽ, വാമപക്ഷത്ത് ഒരാൾ, ഓർമ്മകളുണ്ടായിരിക്കണം എന്നീ പുസ്തകങ്ങൾ എഴുതി. മൂന്നു പുസ്തകങ്ങളും ആത്മകഥാപരമാണ്. ആർദ്രമീ ധനുമാസരാവിൽ കവിയോടൊത്തുള്ള ജീവിതത്തെക്കുറിച്ചാണ്).
ഓണം ഒരു മധുര സ്വപ്നമാണ്
വള്ളുവനാട്ടിലെ ജന്മി ഗൃഹത്തിലാണ് ഞാൻ ജനിച്ചത്. കുട്ടിക്കാലത്തെ ഓണം ഒരു മധുര സ്വപ്നമാണ്. അന്നൊക്കെ കർക്കടകത്തിലെ തിരുവോണം മുതൽ നടുമുറ്റത്ത് പൂവിടാൻ തുടങ്ങും. രണ്ട് സ്ഥലത്തായിട്ടാണ് പൂവിടുന്നത്. മുക്കുറ്റി, തുമ്പ, ശംഖുപുഷ്പം, നന്ത്യാർവട്ടം, വാടാമല്ലി, തെച്ചി, ചെമ്പരത്തി തുടങ്ങിയ പൂക്കളൊക്കെയാണ് ഇടാറുള്ളത്.
ചിങ്ങത്തിലെ അത്തം മുതൽ രണ്ടിടത്തായി തൃക്കാക്കരപ്പനെ വെക്കാൻ തുടങ്ങും. അന്ന്, തൃക്കാക്കരപ്പന് മാതേവർ എന്നാണ് പറഞ്ഞിരുന്നത്. അരിമാവുകൊണ്ട് അണിഞ്ഞ മുറ്റത്ത് തൃക്കാക്കരപ്പനെ വെക്കും. മൂലം മുതൽ അണിഞ്ഞ രണ്ട് പീഠങ്ങളിൽ വെക്കും. ഉത്രാടത്തിന് വൈകുന്നേരം തിരുവോണത്തിനുള്ള ഒരുക്കം തുടങ്ങും.
മഹാബലിക്ക് ഒരു പീഠം കൂടി വെക്കും. അങ്ങനെ മൂന്ന് പീഠങ്ങൾ. തിരുവോണത്തിന് പുതുവസ്ത്രം ധരിച്ച് തൃക്കാക്കരപ്പനെ പൂജിക്കും. കുടുംബത്തിലെ മുതിർന്ന അംഗമാണ് പൂജിക്കുക. അത്തത്തിന് ചെറിയതോതിലൊരു സദ്യ. തിരുവോണത്തിന് പപ്പടവും പഴം നുറുക്കും പായസവുമൊക്കെയായി വിസ്തരിച്ച് സദ്യയുണ്ടാവും. അക്കാലത്ത് വിശേഷ ദിവസങ്ങളിലാണ് പപ്പടം കാച്ചുക. വീട്ടിലെ പച്ചക്കറികളാണ് സദ്യക്ക് ഉപയോഗിക്കുക.
കവിയോടൊപ്പം
എൻ.എൻ. കക്കാടുമായുള്ള വിവാഹശേഷം കോഴിക്കോടാണ് താമസം. ആകാശവാണിയിലെ തിരക്ക് കാരണം അവിടനല്ലൂരുള്ള കുടുംബവീട്ടിൽ വളരെ ദുർലഭമായേ ഓണത്തിന് പോകാൻ കഴിയാറുള്ളൂ. കവിതയെഴുത്തും തിരക്കുമൊക്കെയാണെങ്കിലും ഓണപ്പൂക്കളമിടാനും സദ്യയൊരുക്കാനുമൊക്കെ കൂടെ കൂടും. ആകാശവാണിയിൽ ഓണത്തിന് വീട്ടിൽ പോകാൻ കഴിയാത്ത സഹപ്രവർത്തകരെ വീട്ടിലേക്ക് ക്ഷണിക്കുക പതിവായിരുന്നു.
വടക്കേ മലബാറിന്റെ പ്രത്യേകതയായ ഓണത്തപ്പന്റെ വരവിനെക്കുറിച്ചും അമ്പെയ്ത്ത് മത്സരത്തെക്കുറിച്ചും അദ്ദേഹം വിശദമായി പറയാറുണ്ടായിരുന്നു. കാലത്തിന്റെ മാറ്റംകൊണ്ടാവും ഇന്ന് ഉത്രാടം, തിരുവോണം എന്നീ രണ്ടു ദിവസമായി ഓണസദ്യ ചുരുങ്ങിയിട്ടുണ്ട്. എന്നാലും അത്തം മുതൽ പൂവിടലും ഉത്രാടത്തിനും തിരുവോണത്തിനും തൃക്കാക്കരപ്പനെ വെക്കലും പൂജയും ഒക്കെ നടത്തുന്നു. മക്കളോടും പേരക്കുട്ടികളോടും ഒപ്പം ഇരുന്ന് ഓണസദ്യ ആസ്വദിക്കുകയും പഴയ ഓർമകൾ പങ്കുവെക്കുകയും ചെയ്യുന്നു.
എനിക്ക് വയസ്സ് തൊണ്ണൂറായി. ദിനചര്യകളെല്ലാം ബുദ്ധിമുട്ടില്ലാതെ കഴിയുന്നു. ദിവസത്തിൽ നാലഞ്ച് മണിക്കൂർ നേരം വായിക്കും. ഈയിടെ വായിച്ചത് ഹരിത സാവിത്രി എഴുതിയ ‘സിൻ’ എന്ന പുസ്തകവും ഹാൻകാങ്ങിന്റെ ‘വെജിറ്റേറിയൻ’ എന്ന പുസ്തകവുമാണ്.
കുറേശ്ശെ എഴുതാറുമുണ്ട്. സുഹൃത് സംഗമങ്ങളിൽ പങ്കെടുക്കും. കുറച്ചുസമയം ടെലിവിഷനിൽ വാർത്തകളും സീരിയലുകളും കാണാനും ചെലവിടും... ജി. ശങ്കരക്കുറുപ്പ്, പാലാ നാരായണൻ നായർ, ബാലാമണിയമ്മ തുടങ്ങിയ പണ്ടത്തെ കവികളുടെ ഓണക്കവിതകൾ വായിച്ചിട്ടുണ്ട്. വൈലോപ്പിള്ളിയുടെ ഓണപ്പാട്ടുകാർ, അക്കിത്തത്തിന്റെ ബലിദർശനം, കക്കാടിന്റെ നന്ദി തിരുവോണമേ നന്ദി എന്നിവയും ഓർക്കുന്നു.
എന്നും സഹധർമിണി
ഭാര്യ എന്ന നിലയിലായിരുന്നില്ല, സഹധർമിണി എന്ന കൃത്യമായ അർഥത്തിലായിരുന്നു എന്നെ കണ്ടത്. ഇന്ന്, പറയുേമ്പാൾ അതിശയോക്തിയായി തോന്നാം. ഞങ്ങൾ നമ്പൂതിരിമാരാണ്. അക്കാലത്ത് എന്നെപ്പോലൊരാൾക്ക് പഠിക്കാൻ കഴിയുമായിരുന്നില്ല. അച്ഛൻ പുരോഗമനവാദിയായിരുന്നു. അതുകൊണ്ടാണ് ചെറിയ രീതിയിലെങ്കിലും പഠിക്കാൻ കഴിഞ്ഞത്, ജോലി ചെയ്യാൻ കഴിഞ്ഞത്.
ചീഫ് പ്രൂഫ് റീഡറായി വിരമിച്ചു. ഇതിനിടെ, ആറുവർഷക്കാലം മക്കൾക്കുവേണ്ടി മാറിനിന്നു. കക്കാട് കവിതയെക്കുറിച്ച് വീട്ടിൽ ചർച്ച ചെയ്യാറില്ല. നാട്ടിൽ പോയാൽ അദ്ദേഹത്തിന്‍റെ കൂട്ടുകാരോടൊത്ത് നടക്കുന്നത് ഏറെ സന്തോഷം നൽകിയതായി തോന്നി. ചെണ്ട, ഓടക്കുഴൽ എന്നിവ കൈകാര്യം ചെയ്യുന്ന ഏറെ സുഹൃത്തുക്കളുണ്ടായിരുന്നു. അവരെ ഏറെ പ്രിയമായിരുന്നു. കാലം ഏറെ കഴിഞ്ഞു. പക്ഷേ, ഓർക്കുേമ്പാൾ ഇന്നലെ കഴിഞ്ഞപോലെ...ഓർക്കുേമ്പാൾ ഒരു സുഖം...ഓണമല്ലോ ഓർമയാണല്ലോ എല്ലാം... കാലത്തിന് നന്ദി...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.