രജനീകാന്ത്
അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇതിഹാസ നടൻ രജനീകാന്ത് സിനിമയിൽ 50 വർഷം പൂർത്തിയാക്കുകയാണ്. 1975 ആഗസ്റ്റ് 15നായിരുന്നു ആ ചിത്രം റീലിസ് ആയത്. അഞ്ച് പതിറ്റാണ്ടുകളായി അദ്ദേഹം സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നു. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ അദ്ദേഹത്തിന് ആശംസകൾ അയച്ചിട്ടുണ്ട്.
രജനീകാന്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് ഒുരു ബഹുമതിയായി കാണുന്നു എന്ന് മമ്മൂട്ടി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. 'സിനിമയിൽ 50 മഹത്തായ വർഷങ്ങൾ പൂർത്തിയാക്കുന്ന പ്രിയപ്പെട്ട രജനീകാന്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയാണ്. കൂലിക്ക് എല്ലാവിധ ആശംസകളും നേരുന്നു. എപ്പോഴും പ്രചോദനവും തിളക്കവും നിലനിർത്തുക' -മമ്മൂട്ടി എഴുതി. സ്‌ക്രീനിൽ അമ്പത് വർഷത്തെ അതുല്യമായ കരിഷ്മ, സമർപ്പണം, മാന്ത്രികത! ഈ മഹത്തായ നാഴികക്കല്ലിന് രജനിസാറിന് അഭിനന്ദനങ്ങൾ എന്നായിരുന്നു മോഹൻലാലിന്‍റെ ആശംസ.
'സിനിമ രംഗത്തെ അരനൂറ്റാണ്ടിന്റെ തിളക്കം അടയാളപ്പെടുത്തിക്കൊണ്ട്, എന്റെ പ്രിയ സുഹൃത്ത് രജനീകാന്ത് സിനിമയിൽ 50 മഹത്തായ വർഷങ്ങൾ ആഘോഷിക്കുന്നു. നമ്മുടെ സൂപ്പർ സ്റ്റാറിനെ സ്നേഹത്തോടെയും ആദരവോടെയും ഞാൻ ആഘോഷിക്കുന്നു, ഈ സുവർണ ജൂബിലിക്ക് അനുയോജ്യമായ ആഗോള വിജയം കൂലിക്ക് ആശംസിക്കുന്നു' -എന്നാണ് കമൽഹാസൻ കുറിച്ചത്.
കൂലിക്കൊപ്പം ബോക്സ് ഓഫിസ് പോരാട്ടത്തിന് ഒരുങ്ങുന്ന ചിത്രമാണ് വാർ 2. ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വിക് റോഷൻ രജനീകാന്തിന് ആശംസകൾ പങ്കുവെച്ചത്. 'ഒരു നടനെന്ന നിലയിൽ എന്റെ ആദ്യ ചുവടുകൾ വെച്ചത് നിങ്ങളുടെ കൂടെയാണ്. രജനീകാന്ത് സർ, നിങ്ങൾ എന്റെ ആദ്യ അധ്യാപകരിൽ ഒരാളായിരുന്നു, നിങ്ങൾ ഒരു പ്രചോദനമായി തുടരുന്നു. ഓൺ-സ്ക്രീൻ മാജിക്കിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ' എന്നാണ് അദ്ദേഹം പങ്കുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.