ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ രജനീകാന്ത് ചിത്രം കൂലി ഇന്ന് തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കൂലിക്കൊപ്പം ബോക്സ് ഓഫിസ് പോരാട്ടത്തിന് ഒരുങ്ങുന്ന ചിത്രമാണ് ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാർ 2. ഇപ്പോഴിതാ, രജനീകാന്ത് സിനിമ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ചുകൊണ്ട് ആശംസകൾ അറിയിച്ചിരിക്കുകയാണ് ഹൃത്വിക് റോഷൻ.
'ഒരു നടനെന്ന നിലയിൽ എന്റെ ആദ്യ ചുവടുകൾ വെച്ചത് നിങ്ങളുടെ കൂടെയാണ്. രജനീകാന്ത് സർ, നിങ്ങൾ എന്റെ ആദ്യ അധ്യാപകരിൽ ഒരാളായിരുന്നു, നിങ്ങൾ ഒരു പ്രചോദനമായി തുടരുന്നു. ഓൺ-സ്ക്രീൻ മാജിക്കിന്റെ 50 വർഷങ്ങൾ പൂർത്തിയാക്കിയതിന് അഭിനന്ദനങ്ങൾ' -എന്നാണ് അദ്ദേഹം എഴുതിയത്. ഭഗവാൻ ദാദ എന്ന ചിത്രത്തിലാണ് ഹൃത്വിക് റോഷൻ ആദ്യമായി രജനീകാന്തിനൊപ്പം അഭിനയിച്ചത്. അന്ന് ഹൃത്വിക് ബാലതാരമായിരുന്നു. ആ സമയത്തെ ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്.
സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലി നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അതേസമയം, അയൻ മുഖർജി ഒരുക്കുന്ന സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. ജൂനിയർ എൻ.ടി.ആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂനിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് വാർ 2. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.