ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് 'സിതാരെ സമീൻ പർ'. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയറ്ററിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. നിരൂപക പ്രശംസ നേടുകയും ബോക്സോഫീസിൽ ഹിറ്റായി മാറുകയും ചെയ്ത സിതാരേ സമീൻ പർ യൂട്യൂബ് റിലീസ് തിയതി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ആമിറിന്‍റെ ലക്ഷ്യം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം പേ-പെർ-വ്യൂ മോഡൽ പിന്തുടർന്ന് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് ആമിർ പദ്ധതിയിടുന്നതെന്ന് നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ അതിനുള്ള കാരണം വ്യക്തമാക്കുകയാണ് ആമിർ ഖാൻ.
'ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത് അല്ലാതെ ഒരു വലിയ കമ്പനി നൽകുന്ന 125 കോടി അല്ല. എനിക്ക് വർക്കിലും എന്റെ പ്രേക്ഷകരിലും വിശ്വാസമുണ്ട്. എന്റെ സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയറ്ററിലും തുടർന്ന് യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരിക്കലും ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതുകൊണ്ടാണ് ഒ.ടി.ടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞത് ആമിർ പറഞ്ഞു.
2007ൽ പുറത്തിറങ്ങിയ താരേ സമീൻ പറിന്‍റെ തുടർച്ചയും, സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസി'ന്‍റെ ഒഫീഷ്യൽ റീമേക്കുമാണ് 'സിതാരേ സമീൻ പർ'. ഡൗൺ സിൻട്രോം ബാധിതരുൾപ്പെട്ട ബാസ്ക്കറ്റ്ബാൾ ടീമിന്‍റെ പരിശീലകന്‍റെ വേഷത്തിലാണ് ആമിർ ഖാൻ എത്തുന്നത്. ആമിറിനൊപ്പം ജെനീലിയയാണ് പ്രധാനവേഷത്തിൽ. ജൂൺ 20 ന് തിയറ്ററുകളിലെത്തിയ ചിത്രം ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഹിന്ദി ചിത്രവും, 2025ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ ഇന്ത്യൻ ചിത്രവുമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.