ഇന്ത്യന്‍ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചന്‍. ഏഴ് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്ന കരിയറില്‍ 200ത്തില്‍ അധികം സിനിമകൾ. 1969ല്‍ സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നുഅമിതാഭ് ബച്ചന്‍റെ സിനിമാ പ്രവേശനം. ബ്ലോഗിലും, ട്വിറ്ററിലും, ഇൻസ്റ്റഗ്രാമിലും സജീവമാണ് ബച്ചൻ. തന്‍റെ കുടുംബവിശേഷങ്ങളും കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെക്കുന്നതിനോടൊപ്പം സാമൂഹിക-രാഷ്ട്രീയ സംഭവ വികാസങ്ങളിൽ തന്റെ നിലപാടുകൾ വ്യക്തമാക്കാനും താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നുണ്ട്.
പ്രായം ഒരു പരിമിതിയായി കാണാതെ പുതിയ പ്ലാറ്റ്‌ഫോമുകൾ പഠിക്കാനും ആരാധകരുമായി സംവദിക്കാനും എല്ലായ്പ്പോഴും അദ്ദേഹം താൽപ്പര്യം കാണിക്കാറുണ്ട്. അമിതാഭ് ബച്ചൻ എക്സിൽ വളരെ സജീവമാണ്. തന്‍റെ ചിന്തകളും ദൈനംദിന ജീവിതത്തിലെ കാര്യങ്ങളും തമാശകളും അദ്ദേഹം പലപ്പോഴും പങ്കുവെക്കാറുണ്ട്. ആരാധകരുമായി നേരിട്ട് സംവദിക്കാനും അദ്ദേഹം ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നു. ചിലപ്പോൾ തന്‍റെ ഫോളോവേഴ്‌സിന്റെ എണ്ണം കൂടാത്തതിൽ അദ്ദേഹം തമാശയോടെ പരാതിപ്പെടുന്നതും കാണാം.
ഏറെ ആരാധകരുള്ള ബച്ചന്‍റെ ഇൻസ്റ്റാഗ്രാം പഠനമാണ് ഇപ്പോൾ സോഷ്യലിടത്തിൽ വൈറലാകുന്നത്. ജൂലൈ 29 ന് ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ പഠിക്കുകയാണെന്നാണ് പങ്കുവെച്ച ബച്ചൻ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മറന്നുപോയി എന്ന് വിഡിയോയിൽ പറയുന്നു. ഓരോ ദിവസവും ഞാൻ പുതിയത് പഠിക്കുന്നു. ഇത് എനിക്ക് ഇപ്പോൾ രസകരമായി തോന്നുന്നുവെന്നും ബച്ചൻ പറഞ്ഞു. തന്റെ പുതിയ ഇൻസ്റ്റാഗ്രാം യാത്രയെക്കുറിച്ച് അദ്ദേഹം തമാശയോടെ സംസാരിക്കുന്നത് ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം സ്വയം കൈകാര്യം ചെയ്യാൻ ബച്ചൻ ശ്രദ്ധിക്കാറുണ്ട്. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ, പഴയ ഓർമകൾ, സിനിമ വിശേഷങ്ങൾ, സാമൂഹിക വിഷയങ്ങളിലുള്ള അഭിപ്രായങ്ങൾ എന്നിവയെല്ലാം അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. എന്നിരുന്നാലും, ചില സമയങ്ങളിൽ വ്യാജ വാർത്തകളും തട്ടിപ്പുകളും പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ തട്ടിപ്പുകളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പും നൽകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.