'ബോൾഡ് ആൻഡ് മോഡേൺ'; റോൾസ് റോയ്‌സ് സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നടി!

ബോളിവുഡിലെ ആഡംബരത്തെക്കുറിച്ച് പറയുമ്പോൾ പല പേരുകളും മനസിൽ വരുമെങ്കിലും അവർക്ക് വളരെ മുമ്പുതന്നെ വെള്ളിത്തിരയിലേക്ക് ഗ്ലാമറും ക്ലാസും കൊണ്ടുവന്ന നടി നാദിറയായിരുന്നു. ഹിന്ദി സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായിരുന്നു നാദിറ. ഇറാഖിലെ ഒരു ബാഗ്ദാദി ജൂത കുടുംബത്തിൽ ഫ്ലോറൻസ് എസെക്കിയലായി ജനിച്ച നാദിറ തന്റെ സിനിമകളിലൂടെ മാത്രമല്ല ജീവിതശൈലിയിലൂടെയും ചരിത്രം സൃഷ്ടിച്ചു. അവരുടെ അഭിനയ ജീവിതവും വ്യക്തിത്വവും ഹിന്ദി സിനിമയിൽ ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

ബോളിവുഡിലെ ആദ്യത്തെ 'വാംപ്' (വശീകരിക്കാനായി തന്റെ കരിഷ്മയും സൗന്ദര്യവും ഉപയോഗിക്കുന്ന ഒരു സ്ത്രീ എന്നർത്ഥം)ആയാണ് നാദിറയെ പലരും കണക്കാക്കുന്നത്. അന്നത്തെ സാമൂഹിക വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്ന രീതിയിലുള്ള വേഷങ്ങളും സ്റ്റൈലും അവർക്ക് ലഭിച്ചിരുന്നു. ബോൾഡ് ആൻഡ് മോഡേൺ ഇമേജായിരുന്നു നാദിറക്ക്. സിഗരറ്റ് ഹോൾഡറുകൾ ഉപയോഗിച്ചും ആധുനിക വസ്ത്രങ്ങൾ ധരിച്ചുമെല്ലാം അവർ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. ഇത് അക്കാലത്ത് വലിയ ചർച്ചയായിരുന്നു.

ബാഗ്ദാദി ജൂത പശ്ചാത്തലം കാരണം പലപ്പോഴും ക്രിസ്ത്യൻ അല്ലെങ്കിൽ ആംഗ്ലോ-ഇന്ത്യൻ സ്ത്രീകളുടെ വേഷങ്ങളാണ് നാദിറക്ക് ലഭിച്ചിരുന്നത്. ഇത് അവരുടെ ബോൾഡ് ഇമേജ് കൂടുതൽ ഉറപ്പിച്ചു. സ്ക്രീനിൽ മാത്രമല്ല ജീവിതത്തിലും നാദിറ വളരെ ധൈര്യശാലിയായ സ്ത്രീയായിരുന്നു. ഒരു സെക്രട്ടറിയുടെ സഹായമില്ലാതെ സ്വന്തം കരിയർ നിയന്ത്രിച്ച അവർ സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ തന്നെ സ്വതന്ത്രയായിരുന്നു. ബുദ്ധിമതിയും വാക്ചാതുര്യമുള്ളവളുമായിരുന്നു.

1975ലെ ജൂലി എന്ന ചിത്രത്തിലെ 'മാർഗരറ്റ് മാഗി' എന്ന കഥാപാത്രത്തിന് മികച്ച സഹ നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിക്കൊടുത്തു. ഈ റോളിൽ ഒരു സാധാരണ ആംഗ്ലോ-ഇന്ത്യൻ വീട്ടമ്മയുടെ വിഷമങ്ങൾ അതിമനോഹരമായി അവർ അവതരിപ്പിച്ചു. അക്കാലത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളായിരുന്നു നാദിറ. റോൾസ് റോയ്സ് കാർ സ്വന്തമാക്കിയ ആദ്യ ഇന്ത്യൻ നടിമാരിൽ ഒരാളെന്ന പ്രത്യേകതയും നാദിറക്ക് സ്വന്തം. വിദേശത്ത് നിന്ന് കാർ ഇറക്കുമതി ചെയ്തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അവസാനമായി ജോഷ് (2000) എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. 2006-ൽ 73-ാം വയസിൽ വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് അവർ അന്തരിച്ചു.

Tags:    
News Summary - Indian actress to own a Rolls Royce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.