നടൻ പ്രേംനസീറിനെ സംബന്ധിച്ച വിവാദത്തിൽ നിരുപാധികം മാപ്പു പറഞ്ഞ് നടൻ ടിനി ടോം. തന്റെ പുതിയ ചിത്രമായ ‘പൊലീസ് ഡേ’യുടെ 25ാം ദിനാഘോഷ ചടങ്ങിനിടെയാണ് ടിനി ടോം മാപ്പു പറഞ്ഞത്. താൻ ഉദ്ദേശിച്ച രീതിയിലല്ല വാർത്ത പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രേംനസീറിന്റെ ബന്ധുക്കളെ കണ്ട് തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയെന്നും ടിനി പറഞ്ഞു.
'മലയാളത്തിന്റെ മഹാനടനായ നസീർ സാറിനെക്കുറിച്ച് അത്തരം കാര്യങ്ങൾ പറയാൻ ഞാൻ ആളല്ല. നാക്കുപിഴ പറ്റിപ്പോയതാണ്. അദ്ദേഹത്തോടൊപ്പം ഞാൻ ജോലി ചെയ്‌തിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. സിനിമയുടെ ലൈം ലൈറ്റിൽ നിന്നില്ലെങ്കിൽ ആരും ശ്രദ്ധിക്കില്ലെന്ന് പറയാനാണ് ഉദ്ദേശിച്ചത്. പക്ഷേ പ്രതീക്ഷിച്ചതിന് വിപരീത ഫലമാണ് ഉണ്ടായത്. ആ വാക്കുകൾ കാരണം വേദനിച്ച എല്ലാവരോടും മാപ്പു പറയുന്നു'-ടിനി ടോം പറഞ്ഞു.
പ്രേംനസീർ അവസാന കാലത്ത് സിനിമ ഇല്ലാതെ മനസ്സുവിഷമിച്ച് അടൂർ ഭാസിയുടെയും ബഹദൂറിന്റെയും വീട്ടിൽ പോയി കരഞ്ഞുവെന്ന് ടിനി ടോം പറഞ്ഞതായാണ് സമൂഹമാധ്യങ്ങളിൽ പ്രചരിച്ചത്. സിനിമയില്ലാത്തതിന്‍റെ നിരാശയിൽ എന്നും രാവിലെ മേക്കപ്പിട്ട് അദ്ദേഹം അടൂർ ഭാസിയുടെയും ബഹറൂറിന്‍റെയും വീടുകളിൽ എത്തുമായിരുന്നുവെന്നും സിനിമ കിട്ടാതെ കരഞ്ഞു കരഞ്ഞാണ് പ്രേം നസീർ മരിച്ചതെന്നും ടിനി ടോം പറഞ്ഞതായും പോസ്റ്റുകളിൽ വിമർശിക്കുന്നു. ടിനി ടോമിന്‍റെ പ്രസ്താവനക്കെതിരെ നടൻ മണിയൻപിള്ള രാജു, സംവിധായകൻ എം.എ. നിഷാദ്, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി എന്നിവർ രംഗത്തെത്തിയിരുന്നു.
വ്യാപക വിമർശനമുയർന്നതോടെ താൻ പറഞ്ഞതിൽ ടിനി ടോം വിശദീകരണം നൽകിയിരുന്നു. ‘നസീർ സാറിനെ ആരാധിക്കുന്ന ഒരുപാട് പേർ ലോകത്തുണ്ട്. അതിൽ ഉൾപ്പെടുന്ന ചെറിയ ഒരാളാണ് ഞാൻ. നസീർ സാർ എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു. അത്രയും വലിയ ഒരു സ്റ്റാറിനെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്. ഒരു ഇന്റർവ്യൂവിലെ ചെറിയ ഭാഗം അടർത്തി എടുത്ത് തെറ്റായ വ്യാഖ്യാനത്തിലൂടെ പല വാർത്തകളും പുറത്തുവിടുകയാണ് ഉണ്ടായത്. ഞാൻ നസീർ സാറിനെ നേരിട്ട് കണ്ടിട്ടുകൂടി ഇല്ല. ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്. അല്ലാതെ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ച് എടുത്തതല്ല. കേട്ട വിവരംവച്ച് ഷെയർ ചെയ്ത കാര്യമാണ്. അതൊരിക്കലും ആരെയും മോശപ്പെടുത്താനോ അവഹേളിക്കാനോ അല്ല. കാരണം ഇവരൊക്കെ തിരിച്ചു കിട്ടാത്ത ലെജന്റ്സ് ആണ്' - എന്നായിരുന്നു ടിനി ടോം പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.