ഹൊറർ സിനിമകൾക്ക് മലയാളത്തിൽ വലിയ ആരാധകരാണുള്ളത്. ഭൂതകാലം (2022), ഭ്രമയുഗം (2024) തുടങ്ങിയ ചിത്രങ്ങളിലൂടെ ഹൊറർ വിഭാഗത്തിൽ കൂടുതൽ പര്യവേക്ഷണം ചെയ്യാൻ മലയാള സിനിമ തയാറാകുന്ന കാലമാണിത്. എന്നാൽ സ്ക്രീനിലെ യക്ഷികൾ നമ്മളെ പേടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. യക്ഷി കഥകൾ പലതും സ്‌ക്രീനുകളിൽ വന്നിട്ടുണ്ടെങ്കിലും, ചില സിനിമകൾ മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു. അതിലൊന്നാണ് വിനയന്റെ ആകാശ ഗംഗ (1999).
ചിത്രത്തിലെ യക്ഷിയായി എത്തിയ നടി മയൂരി മികച്ച പ്രകടമാണ് കാഴ്ചവെച്ചത്. മയൂരിക്ക് അംഗീകാരം നൽകിയ സിനിമ ആകാശ ഗംഗ മാത്രമായിരുന്നില്ല. വാസ്തവത്തിൽ അവർ അഭിനയിച്ച എല്ലാ സിനിമകളിലും അവരുടെ വേഷം എത്ര ചെറുതായാലും അത് പ്രേക്ഷകരെ ആകർഷിച്ചു. 22ാം വയസ്സിൽ ആത്മഹത്യ ചെയ്ത് 20 വർഷങ്ങൾക്ക് ശേഷവും മയൂരി ഇപ്പോഴും ഓർമിക്കപ്പെടുന്നത് അതുകൊണ്ടാണ്. 2005 ജൂൺ 16ന് അണ്ണാനഗറിലെ വസതിയിൽ മയൂരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊല്‍ക്കത്തയില്‍ ജനിച്ച തമിഴ്‌വംശജയായ മയൂരിയുടെ യഥാർഥ പേര് ശാലിനി എന്നായിരുന്നു. എട്ടാം ക്ലാസ് വിദ്യാർഥിയായിരിക്കെ കുംഭകോണം ഗോപാലു എന്ന ചിത്രത്തില്‍ പാണ്ഡ്യരാജിന്റെ നായികയായി തുടക്കം. ഈ പടത്തിന്റെ സെറ്റില്‍ വെച്ചാണ് ശാലിനി മയൂരി ആകുന്നത്. സമ്മര്‍ ഇന്‍ ബേത്‌ലഹേം, ചന്ദാമാമാ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ നല്ല വേഷങ്ങളില്‍ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നിരവധി സിനിമകളില്‍ വേഷമിട്ട മയൂരിയുടെ സിനിമ ജീവിതം നീണ്ടുനിന്നത് ആറ് വര്‍ഷം മാത്രമാണ്.
അരയന്നങ്ങളുടെ വീടായിരുന്നു മലയാളത്തിലെ ആദ്യചിത്രം. സമ്മര്‍ ഇന്‍ ബേത്‌ലഹേമിന്‍റെ വിജയത്തിന് ശേഷം മലയാളത്തിലെ നിരവധി മുന്‍നിര നായകന്‍മാരുടെ സിനിമകളിലേക്ക് മയൂരി ക്ഷണിക്കപ്പെട്ടു. എന്നാല്‍ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ആ സിനിമകളിൽ നിന്നൊക്കെ മയൂരി ഒഴിവാക്കപ്പെട്ടിരുന്നു. പിന്നീട് 'കസ്തൂരിമാന്‍' എന്ന സിനിമയിലേക്ക് അവരെ ഉള്‍പ്പെടുത്താന്‍ ലോഹിതദാസ് ശ്രമിച്ചെങ്കിലും അന്യഭാഷകളിലെ തിരക്ക് കാരണമായി പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറി. കസ്തൂരിമാന്‍ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ ലോഹി വീണ്ടും അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ മയൂരി ആ ചിത്രവുമായും സഹകരിച്ചില്ല. തമിഴ് ചിത്രമായ കനാ കണ്ടേന്‍ ആയിരുന്നു മയൂരിയുടെ അവസാന ചിത്രം.
ആത്മഹത്യ എന്ന തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല. ഉദരാര്‍ബുദം മൂലമുണ്ടായ ഡിപ്രഷനാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറമെ പ്രചരിക്കുന്ന വിവരം. മരണത്തിന് തൊട്ടുമുമ്പ് സഹോദരന് എഴുതിയ കത്തില്‍ മയൂരി ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു. 'എന്റെ മരണത്തില്‍ ആര്‍ക്കും പങ്കില്ല. ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാല്‍ ഞാന്‍ പോകുന്നു'. ജീവിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുമില്ലാത്തത് കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു എന്നാണ് മയൂരി തന്റെ ആത്മഹത്യ കുറിപ്പിൽ കുറിച്ചതെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.