വണ്ണം കുറച്ച് ചെറുപ്പം തിരിച്ചു പിടിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് ആർ. മാധവൻ. വെറും 21 ദിവസം കൊണ്ടാണ് അമിത ഭാരം അദ്ദേഹം കത്തിച്ചുകളഞ്ഞത്. ജിമ്മിൽ പോവാതെ, കടുത്ത വ്യായാമമുറകൾ പരീക്ഷിക്കാതെ സിംപിൾ ഡയറ്റ് പ്ലാൻ വഴിയാണ് ഇക്കാര്യം സാധിച്ചെടുത്തതെന്ന് തുറന്നുപറയുകയാണിപ്പോൾ നടൻ. ആ ഡയറ്റ് പ്ലാൻ നിരവധി പേരെ ആകർഷിച്ചിരിക്കുകയാണ്.
ഡയറ്റ് പ്ലാൻ എന്തെന്ന് വിശദീകരിക്കുകയാണ് നടൻ ക്യുയർലി ടെയ്‍ൽസിന് നൽകിയ അഭിമുഖത്തിൽ.
കടുത്ത ഇന്റർമിറ്റന്റ് ഫാസ്റ്റിങ് രീതിയാണ് മാധവൻ പിന്തുടരുന്നത്. ഇടവിട്ടുള്ള ഉപവാസ രീതിയാണിത്. ഒരു നിശ്ചിത സമയം ഭക്ഷണം കഴിക്കാതിരിക്കുകയും ബാക്കിയുള്ള സമയത്ത് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന രീതിയാണിത്. 16 മണിക്കൂർ ഉപവസിക്കുകയും എട്ടു മണിക്കൂർ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതാണ് ഈ ഫാസ്റ്റിങ്ങിലെ ഏറ്റവും സാധാരണമായ രീതി. അതുവഴി ശരീരത്തിലെ കൊഴുപ്പ് കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധ ശേഷി കൂട്ടാനും സാധിക്കുമെന്നാണ് പറയപ്പെടുന്നത്.
ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിലായിരിക്കുമ്പോൾ മാധവൻ വൈകീട്ട് 6.45ന് ശേഷം ഒന്നും കഴിക്കില്ല. മാത്രമല്ല, കട്ടിയുള്ള ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് വൈകീട്ട് മൂന്നുമണിയോടെ നിർത്തും.
നന്നായി ചവച്ചരച്ചാണ് മാധവൻ ഭക്ഷണം കഴിക്കുക. സാധാരണ കഴിക്കുന്നതിനേക്കാൾ സമയമെടുത്താണ് കഴിപ്പ്. ഇത് ദഹനം എളുപ്പമാക്കാനും ആവശ്യമായ പോഷകാഹാരങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും സഹായിക്കും. ശരീരഭാരം കുറക്കാനും ഗുണകരമാണ്. ഒരുപാട് നേരം ഭക്ഷണം ചവച്ചുകഴിക്കുന്നത് കൂടുതൽ ഭക്ഷണത്തിന്റെ അളവ് കുറക്കാനും ശരീരഭാരം കുറക്കാനും സഹായിക്കുമെന്നാണ് 2014ൽ ജേണൽ ഓഫ് ദ അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റിറ്റിക്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.
ശരീരഭാരം കുറക്കാനുള്ള ഏറ്റവും നല്ല വ്യായാമമായാണ് നടത്തത്തെ കാണുന്നത്. തന്റെ ശരീരഭാരം കുറച്ചതിൽ പ്രഭാത നടത്തത്തിന് വലിയ പങ്കുണ്ടെന്ന് നടൻ സമ്മതിക്കുന്നു. മറ്റ് വ്യായാമ മുറകളൊന്നും നടൻ പിന്തുടർന്നതുമില്ല.
കലോറി കത്തിച്ചു കളയാൻ മാത്രമല്ല, ബെല്ലി ഫാറ്റ് കുറക്കാനും നടത്തം നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നന്നായി ഉറങ്ങുകയാണ് ഭാരം കുറക്കാനുള്ള മറ്റൊരു വഴിയെന്ന് നടൻ പറയുന്നു. ആഴത്തിലുള്ള ഉറക്കമാണ് ഇവിടെ ഉദ്ദേശിച്ചത്. ഉറങ്ങുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മൊബൈലും ടി.വിയുമൊക്കെ ഓഫാക്കി വെക്കും. ഇത് പെട്ടെന്ന് ഉറക്കം കിട്ടാൻ സഹായിച്ചു.
നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കുമായിരുന്നുവെന്നും ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിച്ചുവെന്നും മാധവൻ പറയുന്നു. ധാരാളം പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. അതിൽ തന്നെ പച്ചനിറത്തിലുള്ള പച്ചക്കറികൾക്കാണ് പ്രാധാന്യം നൽകിയത്. മെറ്റബോളിസം വർധിപ്പിക്കാൻ അത് സഹായിച്ചു. സംസ്കരിച്ച ഭക്ഷണവും പാടെ ഒഴിവാക്കി.
ഇങ്ങനെയൊക്കെ ചെയ്താൽ ഫലം ലഭിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മാധവൻ. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും മിതമായ ഭക്ഷണക്രമവും നല്ല ഉറക്കവും ശരീര ഭാരം കുറക്കാനുള്ള പ്രധാനപ്പെട്ട മാർഗങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.