വിനായകൻ
കൊച്ചി: വി.എസ്. അച്യുതാനന്ദന്റെ മരണത്തിനു പിന്നാലെയുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ കൊച്ചി സൈബർ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യലിനായി വിനായകൻ കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ എത്തിയത്. വിനായകനെതിരെ കേസെടുക്കാനുള്ള വകുപ്പില്ലാത്തതിനാലാണ് വിട്ടയച്ചത്. താൻ ഫേസ്ബുക്കിൽ എഴുതിയത് കവിതയാണെന്നാണ് വിനായകന്‍റെ മൊഴി.
ഇപ്പോൾ പ്രതികരണത്തിനില്ലെന്നാണ് പൊലീസ് സ്റ്റേഷനിൽനിന്ന് പുറത്തിറങ്ങിയ വിനായകൻ പറഞ്ഞത്. വിനായകനെതിരെ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡന്‍റ് സിജോ ജോസഫ് ആണ് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനായകനെ സൈബർ പൊലീസ് വിളിച്ചുവരുത്തിയത്. ആരുടെയും മനഃസാക്ഷിയെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണ് വിനായകന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അണികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് ക്രമസമാധാനം തകർക്കുന്നതിന് സാധ്യതയുണ്ടെന്ന് പരാതിയിൽ പറഞ്ഞു.
വി.എസ്സിന് പുറമെ മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരൻ, ജോർജ് ഈഡൻ എന്നിവരുടെ പേരുകൾ പരാമർശിച്ചുകൊണ്ടാണ് വിനായകൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സമൂഹത്തിൽ അരാജകത്വം പരത്തുന്ന തരത്തിലുള്ള എഫ്.ബി പോസ്റ്റുകളും ആഹ്വാനങ്ങളും നടത്തുന്നതിൽ നിന്ന് വിനായകനെ വിലക്കുന്ന തരത്തിൽ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ച സമയത്തും അധിക്ഷേപ പോസ്റ്റുമായി വിനായകൻ രംഗത്തെത്തിയിരുന്നു.അതേസമയം, ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിൽ വിനായകനെതിരെ കേസ് പാടില്ലെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്. പിതാവുണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.