ലാഘവത്തോടെ ചെയ്യേണ്ട കാര്യമല്ല സിനിമയെന്ന് സംവിധായകൻ ലാൽജോസ്. ആവശ്യക്കാർ സിനിമയിൽ എത്താനുള്ള വഴി കഷ്ടപ്പെട്ട് കണ്ടെത്തുമെന്നും എല്ലാവരുടെ കൈയിലുള്ള കഥകളും സിനിമ ആകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മാധ്യമം സംഘടിപ്പിച്ച കമോൺ കേരള പരിപാടിയിൽ ലൈറ്റ്‌സ് കാമറ ആക്ഷൻ എന്ന സെഷനിൽ സംസാരിക്കവെ ഒരു ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒരു സർജൻ ആകണമെന്ന് ആഗ്രഹമാണ്. പക്ഷെ മെഡിക്കൽ കോളജിൽ പോകാതെ, ഒന്നും പഠിക്കാതെ ഓപറേഷൻ ചെയ്യുന്നത് കണ്ടാൽ മാത്രം മതി എന്ന് പറയുന്നത് പോലെയാണ്. സർജറി ചെയ്യുന്നത് ഓട്ടയിൽകൂടി നോക്കിയാൽ സർജനാകുമോ? അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി. അത്ര ലാഘവത്തോടെ എടുക്കാൻ കഴിയില്ല, ആയിരക്കണക്കിന് വർഷങ്ങൾ കത്തിച്ച് കളഞ്ഞ് ആളുകളുടെ ആട്ടും തുപ്പും കൊണ്ട്, അപമാനിതരായി, കഷ്ടപ്പെട്ട് പഠിച്ച് ചെയ്യുന്ന പരിപാടിയാണിത്. അത് അങ്ങനെ സൂത്രത്തിൽ ചെയ്യാമെന്ന് വിചാരിക്കേണ്ട അത് നടക്കൂല.
ഒരു ദിവസം നൂറ് സ്ക്രിപ്റ്റോളം വരുന്നുണ്ട്. ആവശ്യക്കാരൻ അതിനുള്ള വഴി കണ്ടെത്തും. സിനിമയിൽ വരാൻ ആഗ്രഹിക്കുന്നവർ ഒരു പല ആളുകളുടെയും പുറകെ നടന്ന് ഒരു ഇരുപത് ജോഡി ചെരുപ്പെങ്കിലും തേഞ്ഞ് തീർന്നിട്ടൊക്കെയാണ് എത്തുന്നത്. സിനിമ വേണ്ട ആളുകൾ അതിന്‍റെ പിന്നാലെ എല്ലാം നഷ്ടപ്പെടുത്തി നടക്കും. കുറച്ചു പേർക്ക് കിട്ടും കുറച്ചു പേർക്ക് കിട്ടില്ല. അതാണ് സിനിമ.
എല്ലാ ആളുകളുടെ കൈയിലും കഥയുണ്ട്. അയാളെ സംബന്ധിച്ച് അത് മികച്ചതായിരിക്കും, എന്നാൽ അയാളുടെ ആ കഥ കേൾക്കാൻ കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്ക് താൽപ്പര്യം ഉണ്ടോ എന്നതാണ് സംവിധായകൻ പരിശോധിക്കുന്നത്. എല്ലാവരുടെ കൈയിലുള്ള കഥകളും സിനിമ ആകണമെന്നില്ല. കാണാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന എന്താണ് അതിൽ ഉള്ളതെന്നാണ് ചേദ്യം. ആ ചോദ്യം ചോദിക്കാതെ ഇറങ്ങുന്ന ചിത്രങ്ങളാണ് ഒരു ഷോ പോലും തികക്കാത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.