ജുവല്‍ മേരി

പൊരുതി നേടിയ വിവാഹ മോചനം; അതിനിടെ കാന്‍സര്‍, ജീവിക്കണമെന്ന വാശിയായിരുന്നു -ജുവല്‍ മേരി പറയുന്നു

ജീവിതത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധിയെ കുറിച്ച് ആദ്യമായി തുറന്ന് സംസാരിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. ഇപ്പോൾ വിവാഹമോചിതയാണെന്നും അതിനിടെ കാൻസർ ബാധിതയായതിനെക്കുറിച്ചും ജുവല്‍ വെളിപ്പെടുത്തി. ജീവിക്കണമെന്ന വാശിയായിരുന്നു എന്നും ജുവൽ പറഞ്ഞു. 2015ലായിരുന്നു ജുവല്‍ വിവാഹിതയായത്. ധന്യ വർമക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജുവല്‍ മേരി.

ജുവല്‍ മേരി പറഞ്ഞത്

വിവാഹിതയായിരുന്നു... ഇപ്പോൾ വിവാഹ മോചിതയാണ്. ഫൈറ്റ് ചെയ്ത് വിവാഹമോചനം വാങ്ങിയ ഒരാളാണ്. ഞാൻ ഒരുപാട് ബുദ്ധിമുട്ടി, ഞാൻ പൊരുതി അങ്ങനെ നേടിയതാണ്... രക്ഷപ്പെട്ടതാണ്. വിവാഹമോചനം ലഭിച്ചിട്ട് ഒരു വർഷം ആകുന്നതേയുള്ളു. 2021 മുതല്‍ പിരിഞ്ഞാണ് കഴിയുന്നത്. നാല് വർഷത്തോളം ബുദ്ധുമുട്ടിയാണ് വിവാഹ മോചനം കിട്ടിയത്. ലണ്ടനിൽ ഒരു ഷോ ഉണ്ടായിരുന്നു. അവിടെ പോയി പഴയ സുഹൃത്തുക്കളെ കണ്ടു. എന്‍റെ പിറന്നാൾ ആഘോഷിച്ചത് അവിടെയായിരുന്നു. വളരെ സന്തോഷത്തിലായിരുന്നു.

ഇതിനിടയിൽ വേറൊരു തമാശ എന്തെന്നാൽ, എട്ട് വർഷമായി തൈറോയിഡ് ഉള്ള ആളാണ് ഞാൻ. പെട്ടെന്ന് തന്നെ ഭാര വ്യത്യാസമുണ്ടാകും. കൂടെ എനിക്ക് ഇന്റേണല്‍ ട്രോമയും സ്‌ട്രസ്സും പി.സി.ഒ.ഡിയുമൊക്കെയുണ്ട്. അതിന്‍റെ റെഗുലര്‍ ചെക്കപ്പിനായി പോയതാണ്. വേറെ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്നത് ചുമക്കുമ്പോള്‍ കഫം കുറച്ചധികം വരും എന്നത് മാത്രമാണ്. പക്ഷെ ഡോക്ടർ ഒരു സ്കാൻ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ ബി.എസ്.സി നേഴ്സിങ് പഠിച്ച ഒരാളാണ്. അപ്പോൾ സ്കാൻ കണ്ടപ്പോൾ തന്നെ എനിക്ക് കുറച്ചൊക്കെ മനസിലായി.

ഡോക്ടർമാരുടെ മുഖമെല്ലാം മാറുന്നുണ്ട്. അവർക്ക് എന്നെ മനസിലായി. എന്തോ പ്രശ്നമുണ്ടെന്നും മനസിലായി. പിന്നീട് അവർ നമുക്കൊരു ബയോപ്സി എടുത്ത് നോക്കാമെന്ന് പറഞ്ഞു. ആ വാക്ക് കേട്ടപ്പോൾ കാല് ഭൂമിയിൽ ഉറഞ്ഞ് പോയയതുപോലെയായിരുന്നു. അത് വേണ്ട എന്നാണ് ഞാൻ ആദ്യം പറഞ്ഞത്. ഡോക്ടർമാർ നിർബന്ധിച്ചു. അന്ന് തന്നെ ബയോപ്സി എടുത്തു.

ബയോപ്സി റിസൾട്ട് വരാൻ 15 ദിവസം എടുക്കും. ആ സമയം എന്‍റെ ലൈഫ് സ്ലോയായി പോയതുപോലെയായിരുന്നു. ചെയ്യുന്ന കാര്യങ്ങൾ എല്ലാം സ്ലോയായി. റിസൾട്ട് വന്നപ്പോൾ അവർ ഒന്നുകൂടെ ബയോപ്സി എടുക്കാമെന്ന് പറഞ്ഞു. അങ്ങനെ രണ്ടാമതും ബയോപ്സി എടുത്തു. വീട്ടുകാരോടൊക്കെ പറഞ്ഞിരുന്നു. അല്ലെങ്കിൽ ഞാനിങ്ങനെ ചത്ത് ജീവിക്കുന്നത് കാണുമ്പോൾ അവർ പേടിക്കും. വേറെന്തോ പ്രശ്നമുണ്ടെന്ന് വിചാരിക്കും.

വീട്ടുകാരുടെ മുന്നിൽ പേടിയൊന്നും കാണിച്ചില്ല. വിവാഹത്തിന്‍റെ ആ ആറ് വർഷങ്ങളിൽ വികാരങ്ങളൊക്കെ ഉറഞ്ഞ് പോകുന്ന അവസ്ഥയിലാലിരുന്നു. ഫെബ്രുവരിയിലായിരുന്നു സര്‍ജറി. ഏഴ് മണിക്കൂര്‍ സര്‍ജറി നീണ്ടുനിന്നു. സർജറി കഴിഞ്ഞപ്പോൾ ശബ്ദം മുഴുവനായും പോയി. ഇടത് കൈക്ക് പ്രശ്നമായി. പിന്നീട് ഫിസിയോ എല്ലാം ചെയ്തു.

വിവാഹത്തിന്‍റെ ട്രോമയിൽ നിന്ന് പുറത്തുവരാൻ തന്നെ ഒരുപാട് സമയം എടുത്തിട്ടുണ്ട്. ഒരുപാട് കൗൺസിലിങ്ങുകൾ തെറപ്പികൾ അങ്ങനെ, ഡോക്ടറെ കണ്ടിട്ടുണ്ടെന്നും ഹെൽപ് എടുത്തിട്ടുണ്ടെന്നും അഭിമാനത്തോടെ തന്നെ പറയുന്നു. കരായാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്. എല്ലാത്തിനും പേടിയായിരുന്നു. വിശദീകരിക്കാൻ കഴിയാത്ത അനുഭവങ്ങളായിരുന്നു. 

Tags:    
News Summary - jewel mary about cancer treatment and divorce

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.