2013ൽ പുറത്തിറങ്ങിയ തന്റെ ചിത്രം രാഞ്ജന റീ റിലീസിനെതിരെ സംവിധായകൻ ആനന്ദ് എൽ. റായ്. എ.ഐ ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തി ചിത്രം റീ റിലീസ് ചെയ്തതിനെതിരെയാണ് അദ്ദേഹം പ്രതികരിച്ചത്. താനും നടൻ ധനുഷും നിയമനടപടിയെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ആഗസ്റ്റ് ഒന്നിന് ഇറോസ് ഇന്റർനാഷനൽ പുറത്തിറക്കിയ പരിഷ്കരിച്ച പതിപ്പിൽ യഥാർഥ ടീമിന്റെ അനുമതിയില്ലാതെയാണ് മാറ്റം വരുത്തിയത്.
ഒരു പ്രസ്താവനയിൽ ആനന്ദ് എൽ. റായ് ഈ നീക്കത്തെ വളരെ അപകടകരമായ കീഴ്വഴക്കം എന്ന് വിശേഷിപ്പിച്ചു. 'എന്റെ മറ്റ് സിനിമകളെക്കുറിച്ച് ഞാൻ വളരെയധികം ആശങ്കാകുലനാണ്. അതുപോലെ ധനുഷും. ഞങ്ങളുടെ സൃഷ്ടിപരമായ ഉള്ളടക്കം പുനഃസ്ഥാപിക്കാനും സംരക്ഷിക്കാനും ഞങ്ങൾ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് സജീവമായി പരിഗണിക്കുന്നു' -അദ്ദേഹം പറഞ്ഞു. നിയമനടപടികൾ ആസൂത്രണം ചെയ്യുമ്പോഴും അനധികൃത പതിപ്പ് തടയുന്നതിലാണ് തങ്ങളുടെ അടിയന്തര ശ്രദ്ധയെന്ന് ആനന്ദ് എൽ. റായ് പറഞ്ഞു.
ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമായിരുന്നു ഇത്. സോനം കപൂർ ആയിരുന്നു സിനിമയിലെ നായിക. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫിസിലും ഹിറ്റായിരുന്നു. താൻ 12 വർഷം മുമ്പ് ചെയ്ത സിനിമ ഇതായിരുന്നില്ലെന്നാണ് ധനുഷ് പ്രതികരിച്ചത്. എ.ഐ ഉപയോഗിക്കുന്നത് കലക്കും കലാകാരന്മാർക്കും ഒരുപോലെ ആശങ്കാജനകമായ കാര്യമാണെന്നും ധനുഷ് പറഞ്ഞു.
ഈ മാറ്റം സിനിമയുടെ ആത്മാവിനെ തന്നെ ഇല്ലാതാക്കിയെന്നും ധനുഷ് കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം രീതികൾ തടയുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ആത്മാർഥമായി പ്രതീക്ഷിക്കുന്നു ധനുഷ് പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.