പേരിനെച്ചൊല്ലിയുണ്ടായ വിവാദത്തിന് ശേഷം സുരേഷ് ഗോപി നായകനായ ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള (ജെ.എസ്.കെ) ജൂലൈ 17നാണ് തിയറ്ററിൽ എത്തിയത്. ഇപ്പോഴിതാ, തിയറ്റർ റിലീസ് ചെയ്ത് ഒരു മാസം തികയുന്നതിന് തൊട്ടുമുമ്പ് ചിത്രം ഒ.ടി.ടിയിൽ എത്താൻ ഒരുങ്ങുകയാണ്. ജെ.എസ്.കെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സി5ൽ ആഗസ്റ്റ് 15 മുതൽ ലഭ്യമാകും. 'ഈ സ്വാതന്ത്ര്യദിനം നീതിക്കുവേണ്ടിയാകട്ടെ. ജാനകി വി v/s കേരള ആഗസ്റ്റ് 15 മുതൽ സി5ൽ' എന്നായിരുന്നു പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അപ്‌ഡേറ്റ്.
ഏറെ വിവാദങ്ങൾക്കൊടുവിലാണ് ചിത്രത്തിന് സെൻസർ ബോർഡിന്‍റെ പ്രദർശനാനുമതി ലഭിച്ചത്. ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള എന്ന ആദ്യ പതിപ്പിന് സെന്‍സര്‍ ബോര്‍ഡിന്‍റെ പ്രദർശനാനുമതി നൽകിയിരുന്നില്ല. എഡിറ്റ് ചെയ്ത പതിപ്പിനാണ് അനുമതി ലഭിച്ചത്. സിനിമയുടെ ടൈറ്റിലിൽ ജാനകി എന്ന പേരിനൊപ്പം ‘വി’ എന്നുകൂടി നൽകിയ ശേഷമാണ് പ്രദർശനാനുമതി ലഭിച്ചത്.
കേന്ദ്രമന്ത്രി ആയതിന് ശേഷം ആദ്യമായി സുരേഷ് ഗോപി നായകനായി എത്തിയ ചിത്രമാണിത്. പ്രവീൺ നാരായണനാണ് സംവിധാനം. ചിത്രത്തിന്‍റെ പേരിലും നായികയുടെ പേരിലും ജാനകി പേര് വന്നതാണ് വിവാദത്തിന് കാരണമായത്. രാമായണത്തിലെ സീതയുടെ മറ്റൊരു പേരാണ് ജാനകിയെന്നും ഇത് അനുവദിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു സെന്‍സര്‍ ബോര്‍ഡ് നിലപാട്.
ഹരജി പരിഗണിക്കവേ, സിനിമയുടെ തുടക്കത്തിൽ ‘മതപരമായി പ്രാധാന്യമുള്ള ജാനകിയെന്ന പേരുമായി കഥാപാത്രത്തിന് ബന്ധമില്ല’ എന്ന് എഴുതിക്കാണിച്ചാൽ മതിയാകുമോയെന്ന് കോടതി ചോദിച്ചിരുന്നു. എന്നാൽ, പേര് മാറ്റം ഒഴിവാക്കാനാവില്ലെന്ന നിലപാടിൽ സെൻസർ ബോർഡിന്‍റെ അഭിഭാഷകൻ ഉറച്ചുനിന്നു. തുടർന്ന് ഹരജി പരിഗണിച്ചപ്പോഴാണ് മാറ്റങ്ങൾക്ക് തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.