ശ്രീനാഥ് ഭാസിയുടെ സിനിമയുടെ ദൃശ്യങ്ങൾ ചോർന്നു; സഹ സംവിധായകനെതിരെ പരാതിയുമായി സംവിധായകൻ

റിലീസിന് ഒരുങ്ങുന്ന 'പൊങ്കാല' എന്ന സിനിമയുടെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സഹ സംവിധായനെതിരെ പരാതി നല്‍കി സംവിധായകന്‍. ക്ലൈമാക്സ് ഉൾപ്പെടെയുള്ള രംഗങ്ങൾ ചോർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സംവിധായകൻ എ.ബി. ബിനില്‍ സഹ സംവിധായൻ ഫൈസല്‍ ഷാക്കെതിരെ പരാതി നൽകിയത്.

ചിത്രം റിലീസിനൊരുങ്ങുന്ന സാഹചര്യത്തിലാണ് ദൃശ്യങ്ങൾ ചോർന്നത്. രണ്ടാഴ്ച മുമ്പ് സിനിമയിലെ രംഗങ്ങളടങ്ങിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടതിനെ തുടർന്ന് സഹ സംവിധായകനെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നീട് ആവശ്യപ്പെട്ടപ്പോൾ വിഡിയോ നീക്കം ചെയ്തു എന്നാണ് സംവിധായകൻ പറയുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത് ജഗജിത്ത്,സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, സോഹൻ സീനു ലാൽ, ഷെജിൻ, യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിലായത്ത് ബുദ്ധ, അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്.

വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിന്‍റെ കൊറിയോഗ്രാഫർ വിജി സതീഷാണ് ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ലക്ഷക്കണക്കിന് രൂപ ചെലവിട്ടു കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.  

Tags:    
News Summary - Footage of Sreenath Bhasis film leaked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.