വിജയ് ദേവരകൊണ്ട നായകനായ കിങ്ഡം എന്ന സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ, ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ തമിഴ്‌നാട് പൊലീസ് സംരക്ഷിക്കുമെന്ന് മദ്രാസ് ഹൈകോടതി. ചിത്രത്തിൽ ശ്രീലങ്കൻ തമിഴരെ മോശമായി ചിത്രീകരിച്ചതായി ആരോപണമുണ്ട്. തമിഴ് അനുകൂല സംഘടനയായ നാം തമിഴർ കച്ചി (എൻ.ടി.കെ) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ നടത്തി. ചിത്രം നിരോധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെത്തുടർന്ന് ചില സ്ഥലങ്ങളിൽ പൊലീസിനും ഇടപെടേണ്ടിവന്നു. ചിത്രം സമാധാനപരമായി പ്രദർശിപ്പിക്കാൻ കഴിയുന്നതിന് തിയറ്ററുകൾക്ക് മതിയായ സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് എസ്.എസ്.ഐ പ്രൊഡക്ഷൻ മദ്രാസ് ഹൈകോടതിയിൽ നൽകിയ ഹരജിയിൽ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.
സെൻസർ ബോർഡ് ചിത്രം പ്രദർശിപ്പിക്കാൻ അനുമതി നൽകിയതിനാൽ മൂന്നാം കക്ഷിക്ക് പ്രദർശനം തടയാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി. ഭരത ചക്രവർത്തി പറഞ്ഞു. നിർമാതാക്കളെ ഭീഷണിപ്പെടുത്താനോ ചിത്രത്തിന്റെ പ്രദർശനം തടസപ്പെടുത്താനോ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കോ സംഘടനക്കോ എതിരെ നടപടിയെടുക്കുമെന്നും ജഡ്ജി വിധിച്ചു. എന്നാൽ പൊലീസിന്റെ അനുമതി വാങ്ങി പ്രതിഷേധം നടത്താമെന്നും കോടതി പറഞ്ഞു.
പ്രതിനായകന് മുരുകന്റെ പേര് നൽകിയതും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. അതേസമയം, പ്രതിഷേധങ്ങൾ തുടരുന്നതിനിടെ സിതാര എന്റർടൈൻമെന്റ് ക്ഷമാപണം നടത്തി. തമിഴ് ജനതയുടെ വികാരങ്ങളെ മാനിക്കുന്നുവെന്നും, പ്രദേശവാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള അത്തരം രംഗങ്ങൾ സിനിമയിലില്ലെന്നും അവർ പറഞ്ഞു. കഥ പൂർണമായും സാങ്കൽപ്പികമാണെന്നും നിർമാതാക്കൾ അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.