തമിഴ്നാട്ടിലല്ല, 'കൂലി' ആദ്യം എത്തുന്നത് കേരളത്തിൽ; രജനീകാന്തും കൂട്ടരും തിയറ്റർ ഇളക്കിമറിക്കുമോ?

ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ രജനീകാന്ത് നായകനാകുന്ന കൂലി തിയറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ആഗസ്റ്റ് 14നാണ് ചിത്രം പ്രദർശനത്തിന് എത്തുക. ലോകേഷ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്. കേരളത്തിലും കർണാടകയിലും ചിത്രത്തിന് അതിരാവിലെ പ്രദർശനങ്ങൾ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

തമിഴ്നാട്ടിൽ പ്രദർശനത്തിന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചിത്രം കേരളത്തിലും കർണാടകയിലും പ്രദർശനത്തിനെത്തും എന്നാണ് വിവരം. തമിഴ്നാട്ടിൽ രാവിലെ ആറ് മണിയുടെ പ്രദർശനത്തിന് വിലക്കുള്ളതിനാൽ ഒമ്പത് മണിക്കാണ് കൂലിയുടെ ആദ്യ ഷോ. കേരളത്തിലും കർണാകയിലും ആറ് മണി ഷോകൾ ഉണ്ടാകും.

കേരളത്തിൽ ചിത്രത്തിന്‍റെ വിതരണാവകാശം വിതരണ കമ്പനിയായ ഹസ്സൻ മീനു അസോസിയേറ്റ്സാണ് സ്വന്തമാക്കിയത്. കൂലിയുടെ അഡ്വാൻസ് ബുക്കിങ് ആഗസ്റ്റ് എട്ട് (ഇന്ന്) മുതൽ ആരംഭിച്ചിട്ടുണ്ട്. യു.കെയിൽ കൂലിയുടെ പ്രദർശനം പുലർച്ചെ 12:30 ന് (ഇന്ത്യൻ സമയം 5am) ആരംഭിക്കും. ദുബായിൽ പ്രദർശനങ്ങൾ രാവിലെ 9:30ന് മാത്രമേ ആരംഭിക്കൂ.

ചിത്രത്തിൽ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രജനീകാന്തിനും ആമിറിനും പുറമേ, നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്.

ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 120 കോടിയുടെ റെക്കോര്‍ഡ് ഡീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രജനികാന്തിന്‍റെ വന്‍ വിജയ ചിത്രം ജയിലറിന് ലഭിച്ചതിനേക്കാള്‍ വലിയ തുകയാണ് ഇത്.

Tags:    
News Summary - Rajinikanths Coolie Premiere

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.