ആഗോള വ്യവസായ രംഗത്ത് ഇന്ത്യയെ അടയാളപ്പെടുത്തിയ ടാറ്റാ ഗ്രൂപ്പിന് അരനൂറ്റാണ്ടുകാലം ചുക്കാൻ പിടിച്ചത് ജെ.ആർ.ഡി ടാറ്റയായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖൻ, സാമൂഹിക പ്രതിബദ്ധതയുള്ള ദേശിയ നേതാവ്, പട്ടാളക്കാരൻ, വൈമാനികൻ, ശാസ്ത്രകുതുകി തുടങ്ങി വേറിട്ട മുദ്രകളാൽ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം. ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന ലഭിച്ച ഒരേയൊരു വ്യവസായിയാണ് ജെ.ആർ.ഡി ടാറ്റ എന്ന ജഹാംഗീർ രത്തൻജി ദാദാഭായ് ടാറ്റ.
ഇപ്പോഴിതാ ആധുനിക ഇന്ത്യൻ വ്യവസായത്തിന് രൂപം നൽകിയ ജെ.ആർ.ഡി ടാറ്റയായി നടൻ നസീറുദ്ദീൻ ഷാ എത്തുന്നു. 'മെയ്ഡ് ഇൻ ഇന്ത്യ-എ ടൈറ്റൻ സ്റ്റോറി' എന്ന സീരീസിലാണ് നസീറുദ്ദീൻ ഷാ ജെ.ആർ.ഡി ടാറ്റയായി എത്തുന്നത്. സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം വൈറലായിട്ടുണ്ട്. ജെ.ആർ.ഡി ടാറ്റയുടെ 121-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. സീരിസ് അടുത്ത വർഷം ആമസോൺ എം.എക്സ് പ്ലേയർ വഴി റിലീസ് ചെയ്യും.
റോബി ഗ്രെവാൾ സംവിധാനം ചെയ്യുന്ന സീരിസിൽ ടൈറ്റൻ വാച്ച് കമ്പനിയുടെ സ്ഥാപകയായ സെർക്സസ് ദേശായിയായി ജിം സർഭ് എത്തുന്നു. നമിത ദുബെ, വൈഭവ് തത്വവാദി, കാവേരി സേത്ത്, ലക്ഷ്വീർ സരൺ, പരേഷ് ഗണത്ര എന്നിവരും ചിത്രത്തിലുണ്ട്. 1980കളിൽ നടക്കുന്ന കഥയാണിത്. ടാറ്റയും സെർക്സസ് ദേശായിയും തമ്മിലുള്ള ബന്ധമാണ് ചിത്രം പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. വിനയ് കാമത്തിന്റെ പുസ്തകമായ 'ടൈറ്റൻ: ഇൻസൈഡ് ഇന്ത്യാസ് മോസ്റ്റ് സക്സസ്ഫസ് കൺസ്യൂമർ ബ്രാൻഡി'നെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്.
ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ തലതൊട്ടപ്പനാണ് ജെ.ആർ.ഡി ടാറ്റ. അദ്ദേഹം ആരംഭിച്ച ടാറ്റാ എയർലൈൻസാണ് രാജ്യത്തെ ആദ്യത്തെ വിമാനകമ്പനി. രാജ്യത്തെ ശാസ്ത്ര, സാങ്കേതിക, സാമൂഹികരംഗങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ ഉണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടാറ്റാഗ്രൂപ്പ് ആരംഭിച്ച ഗവേഷണ സ്ഥാപനങ്ങളാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവ.1955ൽ പത്മ വിഭൂഷൺ, 1992ൽ ഭാരതരത്ന പുരസ്കാരങ്ങൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വ്യോമസേനയുടെ ഹോണററി എയർ വൈസ് മാർഷൽ, ഫ്രഞ്ച് സർക്കാരിന്റെ ലീജിയൻ ഓഫ് ഹോണർ, ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യാ അവാർഡ്, ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളുടെ ഹോണററി ഡോക്ടറേറ്റ് തുടങ്ങിയ നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.