വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തിന്നനൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു മലയാളി താരമാണ് വില്ലനായി എത്തുന്നത്. റിയാലിറ്റി ഷോ ആയ നായിക നായനിലൂടെ ശ്രദ്ധേയനായ വെങ്കിടേഷാണ് വിജയുടെ 'കിങ്ഡത്തിൽ' വില്ലനായെത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ പ്രീ റിലീസ് ചടങ്ങിൽ തെലുങ്കിൽ സംസാരിച്ചും അനുഭവങ്ങൾ പങ്കുവെച്ചും കയ്യടി നേടുകയാണ് വെങ്കിടേഷ്. താരത്തിന്‍റെ വിഡിയോ ഇപ്പോൾ വൈറലാണ്.
'എന്‍റെ പേര് വെങ്കിടേഷ് എന്നാണ്. കേരളമാണ് നാട്. നിങ്ങൾക്ക് വെങ്കി എന്ന് വിളിക്കാം. മലയാള സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്താണ് ഞാൻ വന്നത്. പിന്നെ സംഭാഷണമുള്ള വേഷങ്ങൾ കിട്ടുകയും നായകനാവുകയും ചെയ്തു. തമിഴിൽ വില്ലനായി. ചലച്ചിത്ര ജീവിതം ഇപ്പോൾ കിങ്ഡം എന്ന തെലുങ്ക് സിനിമയിൽ എത്തി നിൽക്കുന്നു. ഇതെല്ലാം ഞാൻ സ്വപ്നം കണ്ട നിമിഷങ്ങളാണ്. ഇപ്പോഴാണ് അത് സംഭവിച്ചത്. ഒൻപത് വർഷങ്ങൾ ഇതിനായി കാത്തിരിക്കേണ്ടി വന്നു. ഇത്രയും വലിയ വേദിയും കാണികളും ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. അതിന് കാരണം കിങ്ഡം എന്ന സിനിമയാണ്. ആ യാത്രയിൽ സന്തോഷമുണ്ട്. ഈ അവസരം തന്ന സിത്താര എന്റർടെയ്ൻമെന്റ്സിന് നന്ദി' വെങ്കി പറഞ്ഞു.
എനിക്ക് വേണ്ടി ഒരു കാരവാൻ ഡോർ തുറന്ന് തന്ന ആദ്യ സിനിമയാണിത്. ജീവിതത്തോടും ഇതുവരെ എത്തിച്ചേരാൻ കഴിഞ്ഞതിലും എനിക്ക് അഭിമാനമുണ്ട്. ഈ സിനിമയുടെ അണിയറപ്രവർത്തകർക്ക് വലിയൊരു നന്ദി. ഞാനിത് വരെ ചെയ്ത സിനിമകളിൽ നിന്നു കിട്ടിയ പ്രതികരണത്തേക്കാൾ വലിയ സ്വീകാര്യതയാണ് കിങ്ഡത്തിന്‍റെ കാരക്ടർ പോസ്റ്ററിലൂടെ എനിക്ക് ലഭിച്ചത്.
സിനിമ നന്നായി വരട്ടെ. ഇതേ പ്രൊഡക്ഷൻ കമ്പനിക്കൊപ്പം ഇനിയും പ്രവർത്തിക്കാൻ കഴിയട്ടെ. അവർക്കൊപ്പം നായകനായും എനിക്ക് അവസരം ലഭിക്കട്ടെ! ഒരു നായകനാകണം എന്നാണ് എന്റെ ആഗ്രഹം. അതിനാണ് ഞാൻ താടിയും മീശയും എല്ലാം ഒതുക്കി ഈ രൂപത്തിൽ വന്നത്. ഇവിടെ സന്നിഹിതരായിരിക്കുന്ന സംവിധായകരും നിർമാതാക്കളും പരിഗണിക്കുമല്ലോ! നിങ്ങൾ എല്ലാവരും എന്നെ പരിഗണിക്കണം. ഈ സിനിമയിൽ ഞാൻ തന്നെയാണ് ഡബ് ചെയ്തിരിക്കുന്നതും. വെങ്കിടേഷ് മനസ് തുറന്നു. വെങ്കിയുടെ വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. അനിരുദ്ധിനെ കാണാൻ വന്നിട്ട് സിലബസിലില്ലാത്ത ഒരാളെ കണ്ട് അമ്പരന്നു എന്നെല്ലാമാണ് പ്രതികരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.