ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമക്ക് ശേഷം ഷാഹി കബീർ തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച ചിത്രമായ 'റോന്ത്' ഒ.ടി.ടിയിലേക്ക്. ദിലീഷ് പോത്തനും റോഷൻ മാത്യുവുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോസഫ്, നായാട്ട്, ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാഹി കബീർ തിരക്കഥയൊരുക്കുന്ന ചിത്രമാണ് റോന്ത്. കൂടാതെ ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന് ശേഷമുള്ള രണ്ടാമത്തെ ചിത്രമാണ് ഷാഹി സംവിധാനം ചെയ്യുന്നത്. ജൂലൈ 22 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും.
ചിത്രം ജൂൺ 13നാണ് റിലീസ് ചെയ്തത്. രാത്രി പട്രോളിനിറങ്ങുന്ന രണ്ട് പോലീസുകാരിൽ, എസ്.ഐ വേഷത്തിലെത്തുന്ന ദിലീഷ് പോത്തന്റെ ഉപദേശങ്ങളെ ഇഷ്ടപ്പെടാത്ത ജൂനിയറായ പോലീസ് ഡ്രൈവറാണ് റോഷൻ മാത്യു. എടുത്തുചാട്ടമല്ല നിരീക്ഷണ പാഠമാണ് ഒരു പോലീസുകാരന് ഏറ്റവുമാദ്യം വേണ്ടതെന്ന് യോഹന്നാൻ പറയുമ്പോൾ ദീനനാഥിന് അത് രസിക്കുന്നില്ലെന്ന് ടീസറിൽ നിന്നും മനസിലാക്കാം. ഔദ്യോഗിക ജീവിതത്തിന്റെ ഉള്ളറകൾ തുറന്നു കാണിക്കുന്ന ടീസർ പുറത്തിറക്കിയിരിക്കുയാണ് ഷാഹി കബീർ ചിത്രം റോന്ത്.
ഫെസ്റ്റിവൽ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇ.വി.എം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിന്റെ വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൈംസ് ഗ്രൂപ്പിന്റെ സബ്‍സിഡറി കമ്പനിയായ ജംഗ്ലീ പിക്ച്ചേഴ്‍സ് ആദ്യമായി മലയാളത്തിൽ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
സുധി കോപ്പ, അരുൺ ചെറുകാവിൽ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, ലക്ഷ്‍മി മേനോൻ, നന്ദൂട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനേഷ് മാധവനാണ് ഛായാഗ്രഹണം. അനിൽ ജോൺസൺ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുമ്പോൾ അൻവർ അലിയാണ് ഗാനരചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.