ലക്ഷങ്ങൾ മുതൽ കോടികൾ വരെ; അഭിനേതാക്കളുടെ വസ്ത്രങ്ങൾക്കായി പണം വാരിയെറിയുന്ന ഇന്ത്യൻ സിനിമാ ലോകം

മുംബൈ: കാശു മുടക്കുന്നതിന്‍റെ കാര്യത്തിൽ ഇന്ത്യൻ സിനിമകൾ ഒരു വിട്ടു വീഴ്ചയും ചെയ്യാറില്ല. അമ്പരിപ്പിക്കുന്ന വി.എഫ്.എക്സും സെറ്റുകളും അങ്ങനെയങ്ങനെ. ഇതു പോലെ തന്നെ വിട്ടു വീഴ്ച വരുത്താത്ത മേഖലയാണ് അഭിനേതാക്കളുടെ വസ്ത്ര, ആഭരണ അലങ്കാരങ്ങൾ. താരങ്ങളെ രാജകീയമായി തങ്ങളുടെ സിനിമയിൽ അവതരിപ്പിക്കുന്നതിന് വസ്ത്രാലങ്കാരങ്ങൾക്കും മറ്റുമായി നിർമാതാക്കൾ ചെലവാക്കുന്ന തുക കേട്ടാൽ ആരും ഒന്ന് അതിശയിക്കും. ഇത്തരത്തിൽ വസ്ത്രാലങ്കാരങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയ ഇന്ത്യൻ സിനിമകളെക്കുറിച്ചറിയാം.

ജോധാ അക്ബർ

ജോധാ അക്ബർ സിനിമയിലെ ഐശ്വര്യ റായ് ബച്ചന്‍റെ ചുവന്ന ബ്രൈഡൽ ലഹങ്ക ശ്രദ്ധിച്ചിട്ടുണ്ടോ. ഇതൊരു പ്രതീകാത്മക വസ്ത്രമെന്നതിനപ്പുറം സിനിമാ ലോകത്തെ ചരിത്രം കൂടിയായിരുന്നു. 300 കിലോ സ്വർണം ഉപയോഗിച്ച് 200 കലാകാരൻമാർ 600 ദിവസം കൊണ്ടാണ് വസ്ത്രം നിർമിച്ചത്. ബ്രൈഡൽ സെറ്റിനു മാത്രം 3.5 കിലോ ഭാരമാണുണ്ടായിരുന്നത്. ഈയടുത്ത് ഈ വസ്ത്രം അക്കാദമി മ്യൂസി‍യത്തിൽ പ്രദർശനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

ആർ.എ.വൺ

സൂപ്പർ ഹീറോ പരിവേഷത്തിൽ ഷാരൂഖ് ഖാൻ എത്തിയ ആർ.എ.വൺ സിനിമയിൽ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ വില ഒന്ന് അമ്പരപ്പിക്കുന്നതായിരുന്നു. ഒരു വസ്ത്രത്തിനു മാത്രം 4.5 കോടി വരുമെന്നാണ് അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞത്. അതു പോലുള്ള 20 സ്യൂട്ടുകളാണ് സിനിമക്ക് വേണ്ടി നടൻ ധരിച്ചത്.


റോബോട്ട്

സിനിമയിൽ റോബോട്ടായെത്തിയ രജനീകാന്ത് ധരിച്ചത് 3 കോടി വില വരുന്ന വസ്ത്രമായിരുന്നു. പ്രശസ്ത അന്താരാഷ്ട്ര ഡിസൈനറായ മേരി ഇ വോഗ്ട്ടായിരുന്നു ഇതിനു പിന്നിൽ.


ബാജി റാവോ മസ്താനി

ആധുനിക വസ്ത്ര ശൈലിയെ രാജകീയതയുമായി യോജിപ്പിച്ചപ്പോൾ ദീപിക പദുകോൺ ധരിച്ച അതിമനോഹരമായ വസത്രങ്ങൾ പിറന്നു. അഞ്ജു മോദി ഡിസൈൻ ചെയ്ത വസ്ത്രത്തിന് 50 ലക്ഷമായിരുന്നു ഏകദേശ വില.


പദ്മാവത്

20 ലക്ഷം വിലയുള്ള 30 കിലോ വരുന്ന വസ്ത്രം ധരിച്ചുള്ള അഭിനയത്തിന് ദീപിക പദുകോൺ വലിയ പ്രശംസ ഏറ്റു വാങ്ങിയിരുന്നു. വസ്ത്രം ധരിക്കാൻ മാത്രം ദിവസവും മൂന്നു മണിക്കൂർ വേണ്ടി വന്നിരുന്നുവെന്നാണ് പറയുന്നത്.


ദേവദാസ്

ദേവദാസ് സിനിമയിലെ ഓരോ ഫ്രെയിമും ഒരു ദൃശ്യ വിരുന്നായിരുന്നു. പ്രത്യേകിച്ച് മാധുരി ദീക്ഷിതിന്‍റെ വസ്ത്രങ്ങൾ ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. നീറ്റ ലല്ല, അബു ജനി സന്ദീപ് ഖോസ്ല, റെസ ഷരിഫി എന്നീ ഡിസെനർമാർ നിർമിച്ച വസ്ത്രങ്ങൾക്ക് ഏകദേശം 15 ലക്ഷമാണ് ചെലവായത്.


ഈ വമ്പൻ ചെലവുകളെല്ലാം സൂചിപ്പിക്കുന്നത് ഇന്ത്യൻ സിനിമകളിൽ വസ്ത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമാണ് നൽകുന്നതെന്നാണ്.

Tags:    
News Summary - Indian films with expensive outfits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.