'നിത്യ ഇതുവരെ ചെയ്ത വേഷങ്ങളിൽ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയില്ല'-വിജയ് സേതുപതി

വിജയ് സേതുപതിയും നിത്യ മേനോനും ഒന്നിക്കുന്ന 'തലൈവൻ തലൈവി' ജൂലൈ 25 ന് തിയറ്ററുകളിലെത്തും. ഇതിലെ ഗാനങ്ങൾ റിലീസ് ചെയ്‌ത് നിമിഷങ്ങൾക്കകം തന്നെ ട്രെൻഡിങ്ങായി. 'വാടീ എൻ പൊട്ടല മിട്ടായി' എന്ന ഗാനം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയത്. ഇതിനു പിന്നാലെയാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങളും പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ഗാനങ്ങൾ റിലീസ് ചെയ്‌തത്. സന്തോഷ് നാരായണനാണ് ഗാനങ്ങൾക്ക് സംഗീതം പകർന്ന് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വലിയ ജനശ്രദ്ധയാണ് പാട്ടുകൾക്ക് ലഭിക്കുന്നത്. ദീയും പ്രദീപ് കുമാറും ചേർന്ന് ആലപിച്ച ‘ആകാശ വീരൻ’ എന്ന പാട്ട് രണ്ട് ദിവസത്തിനുള്ളിൽ കണ്ടത് ഒരു കോടിയിലധികം ആളുകളാണ്.

ഇപ്പോഴിതാ വിജയ് സേതുപതി നിത്യ മേനോനെ കുറിച്ച് വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നിത്യയെക്കുറിച്ച് പറയുകയാണെങ്കിൽ, അവരുടെ ഇതുവരെയുള്ള മികച്ച കരിയറിൽ അവർ ചെയ്ത വേഷങ്ങൾ മറ്റാരെങ്കിലും അവതരിപ്പിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഇന്ദു വി. എസ് സംവിധാനം ചെയ്ത 19(1)(എ) എന്ന മലയാള സിനിമയിൽ ഞങ്ങൾ മുമ്പ് ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഞങ്ങൾ മറ്റൊരു പ്രോജക്റ്റിൽ സഹകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. തലൈവൻ തലൈവിയാണ് ശരിയായ ഒന്നായി തോന്നിയത്. നിത്യ തന്റെ കഥാപാത്രങ്ങളിൽ പൂർണ്ണമായും മുഴുകുന്നു. പലപ്പോഴും സംവിധായകന്റെയും അണിയറപ്രവർത്തകരുടെയും പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനങ്ങൾ അവതരിപ്പിക്കുന്നു വിജയ് സേതുപതി പറഞ്ഞു.

പാണ്ഡിരാജിന്റെ സംവിധാനത്തിൽ വിജയ് സേതുപതിയും നിത്യാ മേനോനും ഒന്നിക്കുന്ന ചിത്രം നിർമിക്കുന്നത് സത്യ ജ്യോതി ഫിലിംസാണ്. ഒരു ആക്ഷൻ റൊമാന്റിക് കോമഡി ജോണറിൽ ഫാമിലി ഡ്രാമയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. ചെമ്പൻ വിനോദ്, യോഗി ബാബു, ആർ.കെ.സുരേഷ്, ശരവണൻ, ദീപ, ജാനകി സുരേഷ്, റോഷിണി ഹരിപ്രിയ, മൈനാ നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Tags:    
News Summary - Vijay Sethupathi about Nithya menon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.