കമൽ ഹാസനെ നായകനാക്കി 1996 ൽ ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ഇന്ത്യൻ. ഇന്ത്യൻ 2 എന്ന പേരിൽ ഇറങ്ങിയ രണ്ടാം ഭാഗത്തിന് വലിയ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ മോശം പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും പരാജയമായിരുന്നു. മൂന്നാം ഭാഗത്തിനുള്ള സൂചന നൽകിക്കൊണ്ടായിരുന്നു ഇന്ത്യൻ 2 അവസാനിച്ചത്. എന്നാൽ മൂന്നാം ഭാഗം ഉണ്ടാവാൻ സാധ്യതയില്ല എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യൻ 3 യെ കുറിച്ചുള്ള അപ്ഡേറ്റാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും ഇതിൽ പ്രതിഫലമില്ലാതെ പ്രവർത്തിക്കാൻ കമൽ ഹാസനും ശങ്കറും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പാട്ടും ചില സീനുകളുമാണ് ഇനി ചിത്രീകരിക്കാൻ ബാക്കിയുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെയും റിലീസിനെയും സംബന്ധിച്ച പ്രശ്നങ്ങളിൽ നടൻ രജനികാന്ത് ഇടപെട്ടെന്നും ഇതാണ് സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ കാരണമെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മൂന്നാം ഭാഗം തിയറ്റർ റിലീസ് ഒഴിവാക്കി ഒ.ടി.ടിയിലെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ 3 തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും മൂന്നാം ഭാഗം ഉറപ്പായും പ്രേക്ഷകർ സ്വീകരിക്കുമെന്നും ശങ്കർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. വരുന്ന റിപ്പോർട്ടുകളിൽ ആരാധകരും ആകാംഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.