ഫ്രാൻസിലെ ഒരു സംഗീത പരിപാടിക്കിടെ ലൈംഗികമായി ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് റോക്ക് ബാൻഡായ ലുലു വാൻ ട്രാപ്പിലെ ഗായിക റെബേക്ക ബേബി. ക്രൈ ഡി ലാ ഗൗട്ടെ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കുന്നതിനിടെ, റെബേക്ക പാടാൻ ജനക്കൂട്ടത്തിലേക്ക് കടന്നപ്പോഴാണ് അതിക്രമം ഉണ്ടായത്. കാണികൾക്കിടയിലുണ്ടായിരുന്ന പുരുഷന്മാര്‍ റെബേക്കയെ കടന്നുപിടിക്കുകയായിരുന്നു.
സ്റ്റേജിൽ എത്തിയിട്ട് പത്ത് വർഷത്തിലേറെയായെന്നും ഇങ്ങനെ സംഭവിക്കുന്നത് ആദ്യമാണെന്നും അവർ പറഞ്ഞു. അരക്ക് മുകളിലുള്ള വസ്ത്രങ്ങൾ ഊരിയെറിഞ്ഞാണ് ഗായിക ആക്രമണത്തിൽ പ്രതിഷേധിച്ചത്. 'എന്റെ ധൈര്യം, അവന്റെ നാണക്കേട്' എന്ന് പറഞ്ഞുകൊണ്ട് റെബേക്ക ടോപ്ലെസ് ആയി പാടിയാണ് പരിപാടി അവസാനിപ്പിച്ചത്.
ജനക്കൂട്ടത്തിലെ പലരും, പ്രത്യേകിച്ച് സ്ത്രീകൾ, ഗായികയുടെ ധീരമായ നീക്കത്തെ പിന്തുണച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധിപ്പോരാണ് 'സ്ത്രീ ശരീരത്തെ ലൈംഗികവസ്തുവായി കാണുന്നതിനെതിരെയുള്ള' ഗായികയുടെ പ്രതിഷേധത്തെ പിന്തുണച്ച് എത്തുന്നത്. നടന്ന കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് താൻ ഉടൻ തന്നെ ഒരു പോസ്റ്റ് പങ്കുവെക്കുമെന്ന് ഗായിക വ്യക്തമാക്കി.
ക്രി ഡി ലാ ഗൗട്ടെ ഫെസ്റ്റിവൽ ഗായികയെ പിന്തുണച്ച് പ്രസ്താവന ഇറക്കിയിട്ടുണ്ട്. ലൈംഗികാതിക്രമം നേരിട്ട ഗായിക റെബേക്കക്കും, ലുലു വാൻ ട്രാപ്പ് ബാൻഡിനും ലെ ക്രി ഡി ലാ ഗൗട്ടെ ഫെസ്റ്റിവൽ പിന്തുണ നൽകുന്നു എന്ന് അവർ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഫെസ്റ്റിവൽ ഒരു സുരക്ഷിതമായ ഇടമാണെന്നും എല്ലാവർക്കും ഭയമില്ലാതെ സ്വയം പ്രകടിപ്പിക്കാനും, സന്തോഷിക്കാനും, ജീവിക്കാനും സാധിക്കണമെന്നും പ്രസ്താവനയിൽ പറഞ്ഞു. സംഗീതം ആളുകളെ ഒരുമിപ്പിക്കുന്നതാണ് അത് ഒരിക്കലും അക്രമത്തിനുള്ള വേദിയാകരുതെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.