നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ലോകത്തിന് സമ്മാനിച്ച പ്രതിഭാശാലിയും പ്രശസ്തനും ജനകീയനുമായ വിഖ്യാത ഗായകൻ മുഹമ്മദ് റഫി സാബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 45 വർഷം. പ്രണയവും വിരഹവും ഒരുപോലെ അലിഞ്ഞുചേർന്ന അവിസ്മരണീയമായ ഗാനങ്ങളുമായി ലക്ഷോപലക്ഷങ്ങളുടെ ഹൃദയം കവർന്ന ആ അനുഗൃഹീത ഗായകൻ എന്നെന്നേക്കും അസ്തമിച്ചെന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇപ്പോഴിതാ റഫിയുടെ ഓർമകൾ പങ്കുവെക്കുകയാണ് മകൻ ഷാഹിദ് റാഫി.
'എന്റെ പിതാവിന്റെ ജീവിച്ചിരിക്കുന്ന ഏക മകനാണ് ഞാൻ. ലണ്ടനിൽ താമസിച്ചിരുന്ന എന്റെ എല്ലാ സഹോദരന്മാരും വളരെക്കാലം മുമ്പ് മരിച്ചു. എന്റെ സഹോദരിമാരെല്ലാം മുംബൈയിലാണ് താമസിക്കുന്നത്. ഞാൻ ലണ്ടനിലാണ് പഠിച്ചത്. അതിനാൽ എനിക്ക് ഒമ്പത് വയസുള്ളപ്പോൾ മുതൽ വീട്ടിൽ നിന്ന് ഏറെയും അകലെയായിരുന്നു താമസിച്ചിരുന്നത്. 1979 നവംബറിൽ എന്റെ സഹോദരിയുടെ വിവാഹത്തിനായി ഞാൻ മുംബൈയിലേക്ക് മടങ്ങി. പിന്നെ ഒരിക്കലും തിരിച്ചു പോയില്ല. അന്ന് എനിക്ക് 19 വയസായിരുന്നു. അടുത്ത വർഷം ജൂലൈയിൽ അച്ഛൻ മരിച്ചു. എനിക്ക് അദ്ദേഹത്തോടൊപ്പം ഏഴ് മാസം മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞുള്ളൂ!
അച്ഛനെ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം അന്ന് ബഹുമാനവും അങ്ങനെയായിരുന്നു.അച്ഛന്റെ കാർ വരുന്നത് കാണുമ്പോൾ ഞങ്ങൾ മുറികളിലേക്ക് ഓടി പോകുമായിരുന്നു. ഞങ്ങളിൽ ആരും സംഗീതത്തിലേക്ക് പോകണമെന്ന് അച്ഛൻ ആഗ്രഹിച്ചില്ല. അച്ഛന്‍റെ മരണശേഷം പലരും ഞാൻ ആ തൊഴിൽ ഏറ്റെടുക്കണമെന്ന് നിർദേശിച്ചു. ഞാൻ സംഗീതം പഠിക്കാൻ തുടങ്ങി. ചില ഷോകൾ ചെയ്തു. പക്ഷേ ഒടുവിൽ അത് ഉപേക്ഷിച്ചു. നൗഷാദ്-സാബിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് മഹേന്ദ്ര കപൂർ-സാബിന്റെ മകൻ റുഹാൻ കപൂറിനൊപ്പം ഒരിക്കൽ ഒരു വേദിയിൽ ഞാൻ പാടി. ഷാഹിദ് പറഞ്ഞു.
അച്ഛന് ഏറ്റവും അടുത്ത സംഗീത സംവിധായകനായിരുന്നു നൗഷാദ് സാബ്. അദ്ദേഹം പലപ്പോഴും ഞങ്ങളെ സന്ദർശിക്കുമായിരുന്നു. ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അച്ഛനെ അകത്തും പുറത്തും അദ്ദേഹം നന്നായി അറിയാമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. അച്ഛന്റെ സംഗീത ശ്രേണിയെ അദ്ദേഹം ഏറ്റവും നന്നായി പര്യവേക്ഷണം ചെയ്ത ആളാണ് നൗഷാദ് സാബ്. ക്ലാസിക്കൽ ഗാനങ്ങൾ, നാടോടി ഗാനങ്ങൾ, ലഘു ഗാനങ്ങൾ, ദുഃഖ ഗാനങ്ങളൊക്കെ അച്ഛൻ ഏറ്റവും കൂടുതൽ പാടിയത് നൗഷാദ് സാബിന് വേണ്ടിയായിരുന്നു. അദ്ദേഹം എപ്പോഴും അഭിനേതാക്കളെയും അവരുടെ സംസാര രീതിയെയും അഭിനയിക്കുന്ന രീതിയെയും പഠിക്കുമായിരുന്നു. സിനിമയെക്കുറിച്ച് നിങ്ങൾക്ക് അറിയില്ലെങ്കിലും മുഹമ്മദ് റഫിയുടെ പാട്ടുകളിൽ നിന്ന് നിങ്ങൾക്ക് ആ നടനെ തിരിച്ചറിയാൻ കഴിയും എന്ന് മാത്രമേ ഞാൻ പറയൂ ഷാഹിദ് പറഞ്ഞു.
1924 ഡിസംബർ 24ന് അമൃത്സറിനടുത്ത് കോട്ല സുൽത്താൻ സിങ് എന്ന സ്ഥലത്താണ് റഫിയുടെ ജനനം. ഹാജി അലി മുഹമ്മദ് ആണ് പിതാവ്. മാതാവ് അല്ലാ രാഹ. മുഹമ്മദ് റാഫി കുട്ടിയായിരിക്കുമ്പോൾതന്നെ സംഗീതത്തിൽ അസാമാന്യ വൈഭവം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് തെരുവിലൂടെ പാട്ടുപാടി നടന്നിരുന്ന ഒരു ഫക്കീറിനൊപ്പം പാടുന്ന റഫിയുടെ പാട്ടുകൾ കേൾക്കാൻ തെരുവിൽ ആളുകൾ കൂടാൻ തുടങ്ങി.
റഫി സിനിമയിൽ ആദ്യമായി പാടിയത് ‘ഗുല്ബുലേക്ക്’ എന്ന പഞ്ചാബി സിനിമയിലായിരുന്നു. അതിന് ശേഷമാണ് ഹിന്ദി സിനിമയിൽ പാടാൻ അവസരം ലഭിച്ചത്. പാട്ട് ഹിറ്റായതോടെ 1942ൽ മുംബൈയിലേക്ക് വണ്ടി കയറി. മുഹമ്മദ് റഫിയെ ഹിന്ദി സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ഇതിഹാസ സംഗീത സംവിധായകൻ നൗഷാദ് ആയിരുന്നു. നൗഷാദ് സംഗീത സംവിധാനം നിർവഹിച്ച 'ഷാജഹാൻ' എന്ന ചിത്രത്തിൽ ഗായക ചക്രവർത്തി സൈഗാളിനോടൊപ്പമാണ് ആദ്യമായി റഫി ഒരു പാട്ടുപാടിയത്. ആദ്യം 10 രൂപ പ്രതിഫലത്തിൽ കോറസിൽ പാടാൻ തുടങ്ങി.
റഫിയുടെ ബോളിവുഡിലെ ആദ്യഗാനം 1944ൽ പുറത്തിറങ്ങിയ എ.ആർ. കർദാറുടെ പെഹ്ലേ ആപ് എന്ന ചിത്രത്തിലെ ‘ഹിന്ദുസ്ഥാൻ കേ ഹം ഹേൻ’ എന്ന യുഗ്മഗാനമാണ്. എന്നാൽ, ശ്യാം സുന്ദറിന് വേണ്ടി ‘ഗോൻ കി ഗോരി’ (1945) എന്ന ചിത്രത്തിലെ ‘അജീ ദിൽ ഹോ കാബൂ മേൻ’ എന്ന ഗാനമാണ് റഫി ബോളിവുഡിലെ തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്. 1947ൽ റിലീസായ 'ജുഗ്നു' എന്ന സിനിമയിൽ റഫി നൂർ ജഹാനുമൊത്തു പാടിയ 'യഹാം ബദലാ വഫാ കാ ബേവഫായികാ സിവാ ക്യാ ഹെ' എന്ന ഗാനമാണ് റഫിയെ പ്രശസ്തിയിലേക്കുയർത്തിയത്. 40 വർഷത്തോളം തന്റെ സവിശേഷ സ്വരമാധുരിയിലൂടെ സിനിമ സംഗീത ലോകത്ത് ഒന്നാമനായിത്തന്നെ നിറഞ്ഞുനിന്ന അദ്ദേഹം 1980 ജൂലൈ 31നാണ് മരിക്കുന്നത്. ഫിലിംഫെയർ പുരസ്കാരങ്ങൾ, ഒരു ദേശീയ അവാർഡ്, 1967ൽ പദ്മശ്രീ എന്നീ അംഗീകാരങ്ങൾ റഫിയെ തേടിയെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.