കാസർകോട്: പാമ്പുകൾ എന്ന് കേട്ടാൽ ഉടൻ വടിയെടുക്കാൻ വരട്ടെ. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥക്ക് സസ്യങ്ങളും ജീവിവർഗങ്ങളും സൂക്ഷ്മജീവികൾക്കുമുള്ള പ്രാധാന്യം പോലെതന്നെ പാമ്പുകൾക്കും പരമപ്രധാനമായ ഒരു റോളുണ്ട്. ജൂലൈ 16 ലോക സർപ്പദിനമാണ്. ലോകത്താകമാനം 3500ത്തിൽ അധികം പാമ്പിനങ്ങൾ നിലവിലുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകൾ. ഇതിൽ അറുനൂറോളം പാമ്പിനങ്ങളാണ് വിഷമുള്ളവ.
അതിൽതന്നെ കേവലം ഇരുനൂറോളം ഇനങ്ങളിൽപെട്ട പാമ്പുകൾക്ക് മാത്രമാണ് മനുഷ്യജീവന് ഭീഷണി. കേരളത്തിലെ കണക്കെടുത്താൽ കണ്ടുവരുന്ന നൂറിലേറെ പാമ്പിനങ്ങളിൽ പത്തെണ്ണം മാത്രമാണ് അപകടകാരികളായവ. ജില്ലയിൽ മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ, മണ്ഡലി, രാജവെമ്പാല എന്നിവയാണ് പ്രധാനമായും കാണപ്പെടുന്ന അപകടകാരിയായ പാമ്പിനങ്ങൾ. എന്നാൽ ഇവയെല്ലാംതന്നെ മനുഷ്യരെ ഉപദ്രവിക്കുന്നത് മറ്റു മാർഗങ്ങളില്ലാതെ വരുമ്പോഴാണ്. അതായത്, മനുഷ്യൻ ഉപദ്രവിക്കുമെന്ന ഭയമാണ് വിഷപ്പാമ്പുകളെ തിരിച്ചുകടിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ചുരുക്കം.
മനുഷ്യനും പാമ്പുകളും തമ്മിലുള്ള സമ്പർക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യജീവൻ പാമ്പുകൾ അപഹരിക്കുന്നത് തടയുന്നതിനും വേണ്ടി 2020 ആഗസ്റ്റിൽ വനംവകുപ്പ് ആവിഷ്കരിച്ച മൊബൈൽ ആപ്ലിക്കേഷനാണ് (സർപ്പ സ്നേക് അവേർനസ് റെസ്ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്). പാമ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ, ചികിത്സ ആന്റിവനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പറുകൾ തുടങ്ങിയവയും ആപ്പിലുണ്ട്.
പാമ്പുകളെ പിടിക്കാൻ ലൈസൻസുള്ള മൂവായിരത്തോളം വളന്റിയർമാരും സർപ്പക്ക് കീഴിൽ പരിശീലനം നേടിയിട്ടുണ്ട്. ഈ ആപ് നിലവിൽ വന്നതിനുശേഷം ഇതുവരെയായി പാമ്പുകടിയേറ്റ് മരണങ്ങൾ നാലിലൊന്നായി കുറക്കാൻ സാധിച്ചതായി വനംവകുപ്പ് അധികൃതർ പറയുന്നു. സംസ്ഥാനത്ത് 2019ൽ 130 പേർ കടിയേറ്റ് മരിച്ചപ്പോൾ 2023ൽ 40 ആയി ചുരുങ്ങി. 2024ൽ ഇത് 30ൽ താഴെയാണ്.
‘സർപ്പ’യുടെ കീഴിൽ ജില്ലയിൽ അംഗീകാരമുള്ള 32ഓളം രക്ഷാപ്രവർത്തകർ മനുഷ്യ ആവാസസ്ഥലത്ത് മനുഷ്യർക്ക് ഭീഷണിയായി കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി മാറ്റിപ്പാർപ്പിക്കുന്ന പ്രവൃത്തികൾ ചെയ്തുവരുന്നു. രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളടങ്ങിയ 15 സമ്പൂർണ കിറ്റുകളും 34 സ്റ്റിക്കും ഫ്രെയിമും ബാഗും അടങ്ങിയ കിറ്റുകളും ഇതിനകം രക്ഷാപ്രവർത്തകർക്ക് വിതരണം ചെയ്തിട്ടുണ്ട്. സർപ്പയുടെ മൊബൈൽ ആപ്, വാട്സ്ആപ് ഗ്രൂപ്, ഫോൺ കാൾ /സന്ദേശം മുതലായവ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ജില്ലയിൽ മാസത്തിൽ ഏകദേശം ഇരുനൂറോളം പാമ്പുകളെവരെ രക്ഷപ്പെടുത്താറുണ്ട്.
വീടിന്റെ പരിസരത്തും പറമ്പിലും കാടും പടർപ്പും വെട്ടിമാറ്റി വൃത്തിയായി സൂക്ഷിക്കുക ഇതിലൂടെ പാമ്പുകൾക്ക് ഒളിച്ചിരിക്കാൻ പറ്റിയ സ്ഥലങ്ങൾ ഒഴിവാക്കാം. കൂടാതെ, വീടിന് ചുറ്റുമുള്ള എലിമാളങ്ങൾ, വിള്ളലുകൾ എന്നിവ അടക്കുന്നത് പാമ്പുകൾ വീടിനുള്ളിൽ പ്രവേശിക്കുന്നത് തടയാൻ സഹായിക്കും.
വിറകും കല്ലുകളും അടുക്കിവെക്കുമ്പോൾ അവക്കിടയിൽ പാമ്പുകൾക്ക് കയറിയിരിക്കാൻ സാധ്യതയുള്ളതിനാൽ ഇവ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. രാത്രിയിൽ ടോർച്ച് ഉപയോഗിക്കുക. നടക്കുമ്പോൾ, പ്രത്യേകിച്ച് കാടുകളിലോ പുൽമേടുകളിലോ പോകുമ്പോൾ ശ്രദ്ധിക്കുക. കൈകൾ ഉപയോഗിച്ച് കുറ്റിക്കാടുകളിലോ കല്ലുകൾക്കിടയിലോ പരതുന്നത് ഒഴിവാക്കുക. തറയിൽ കിടക്കുന്നത് പരമാവധി ഒഴിവാക്കുക. ഷൂസും ചെരിപ്പുമൊക്കെ ഉപയോഗിക്കുന്നതിന് മുമ്പ് ഉള്ളിൽ പാമ്പുകളോ മറ്റ് ജീവികളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. കാസർകോട് ഇ.കെ. നായനാർ മെമ്മോറിയൽ സഹകരണ ആശുപത്രിയിൽ പാമ്പുകടിയേറ്റാൽ നൽകേണ്ട ആൻറിവനം ലഭ്യമാണ്. ശാസ്ത്രീയമല്ലാത്ത പച്ചമരുന്ന് വിഷചികിത്സ പാമ്പുകടിയേറ്റശേഷമുള്ള മരണസാധ്യത കൂട്ടുന്ന സാഹചര്യവും നിലവിലുണ്ട്. കഴിഞ്ഞവർഷം ജില്ലയിൽ അഞ്ചുപേരാണ് പാമ്പുകടിയേറ്റ് മരിച്ചത്.
ജില്ലയിലെ മൊത്തം സർട്ടിഫൈഡ് രക്ഷാപ്രവർത്തകരുടെ എണ്ണം 133 ആണ്. ഇതിൽ സജീവമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ 32 എണ്ണമാണ്. സർപ്പ വാട്സ് ആപ് ഗ്രൂപ്പിൽ ആക്ടീവായ 32 പേരുണ്ട്. പാമ്പിനെ പിടിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെട്ടാൽ മതി 9188407542.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.