ചൈനയിലെ ഗ്വാങ്‌സി മേഖലയിൽ നിന്ന് 39 അടി നീളമുള്ള ഹുവാഷാനോസോറസ് ക്വിനി എന്ന ദിനോസറിനെ പാലിയന്റോളജിസ്റ്റുകൾ കണ്ടെത്തി. ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഷിയിലെ നിങ്മിങ് കൗണ്ടിയിലെ വാങ്‌മെൻ ഫോർമേഷനിൽ നിന്നാണ് ഈ ദിനോസറിന്റെ ഭാഗികമായ അസ്ഥികൂടം കണ്ടെത്തിയത്. കണ്ടെത്തലുകളിൽ കശേരുക്കൾ, വാരിയെല്ലുകൾ, ഹ്യൂമറസ്, അൾന, ഫിബുല, കാൽ അസ്ഥികൾ എന്നിവയുടെ ഫോസിലുകൾ അടങ്ങിയിരുന്നു.
ഈ കണ്ടെത്തൽ സംബന്ധിച്ച ഗവേഷണ പ്രബന്ധം ആക്ട ജിയോളജിക്ക സിനിക്ക എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ടെടുത്ത അസ്ഥികളുടെ അളവുകൾ സൂചിപ്പിക്കുന്നത് എച്ച്. ക്വിനിക്ക് ഏകദേശം 12 മീറ്റർ അഥവാ 39 അടി നീളമുണ്ടായിരുന്നുവെന്നും നാല് കാലുകളിൽ നടന്നതായും പ്രബന്ധത്തിൽ പറയുന്നു. ഈ ദിനോസർ ഏകദേശം 200 മുതൽ 16.2 കോടി വർഷങ്ങൾക്ക് മുമ്പ് അതായത് ജുറാസിക് കാലഘട്ടത്തിന്റെ ആരംഭത്തിലോ മധ്യത്തിലോ ആണ് ജീവിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
ഹുവാഷാനോസോറസ് ക്വിനി ഒരു സസ്യഭുക്കാണ്. നീണ്ട കഴുത്ത്, നീണ്ട വാലുകൾ, ചെറിയ തല, തൂൺ പോലുള്ള കാലുകളുള്ള ദിനോസറുകളുടെ വിഭാഗമായ സോറോപോഡ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ് ഇവ. ഈ പുതിയ കണ്ടെത്തൽ ചൈനയിൽ ഈ വിഭാഗം ദിനോസറുകളുടെ വൈവിധ്യം വർധിപ്പിക്കുന്നു. ഇത് ജുറാസിക് കാലഘട്ടത്തിലെ ദിനോസറുകളുടെ പരിണാമത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുമെന്നാണ് കരുതുന്നത്.
അക്കാലത്ത് ഈ പ്രദേശത്ത് വ്യാപകമായിരുന്ന വനപ്രദേശങ്ങളായ നദികളിലും തടാകക്കരകളിലും ആയിരിക്കാം ദിനോസർ താമസിച്ചിരുന്നതെന്ന് ഗവേഷകർ പറയുന്നു. കൂടാതെ സ്ഥലത്ത് നിന്ന് ചില അസ്ഥി മത്സ്യ ചെതുമ്പലുകൾ, പല്ലുകൾ, അപൂർണമായ പ്ലീസിയോസൗറിയൻ പല്ലുകൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഈർപ്പമുള്ള കാലാവസ്ഥയെയും സങ്കീർണ്ണമായ ആവാസവ്യവസ്ഥയെയും സൂചിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.