ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ ഗ്രേറ്റ് നിക്കോബാർ വികസന പദ്ധതിക്കെതിരെ സോണിയാ ഗാന്ധി. ഈ പദ്ധതി നിക്കോബാർ ദ്വീപിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങൾക്ക് നിലനിൽപ്പിനുതന്നെ ഭീഷണി ഉയർത്തുന്നുവെന്നും അത് വിവേകശൂന്യമായി അടിച്ചേൽപ്പിക്കുകയും എല്ലാ നിയമപരവും ആലോചനാപരവുമായ പ്രക്രിയകളെയും അപഹസിക്കുകയും ചെയ്യുന്നുവെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ പറഞ്ഞു.
ഷോംപെൻ, നിക്കോബാറീസ് ഗോത്രങ്ങളുടെ നിലനിൽപ്പു തന്നെ അപകടത്തിലാകുമ്പോൾ മനസ്സാക്ഷിയുള്ളവർക്ക് നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും ‘ദി ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ അവർ പറഞ്ഞു. ‘ ഭാവി തലമുറകളോടുള്ള നമ്മുടെ പ്രതിബദ്ധത ഏറ്റവും സവിശേഷമായ ഒരു ആവാസവ്യവസ്ഥയുടെ വലിയ തോതിലുള്ള നാശത്തെ അനുവദിക്കില്ല. നീതിയോടുള്ള പരിഹാസത്തിനും ദേശീയ മൂല്യങ്ങളോടുള്ള വഞ്ചനക്കും എതിരെ നാം ശബ്ദമുയർത്തണമെന്നും ‘നിക്കോബാറിൽ പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കൽ’ എന്ന തലക്കെട്ടിലുള്ള തന്റെ ലേഖനത്തിൽ അവർ പറഞ്ഞു.
മോദി സർക്കാറിനെതിരെ ആഞ്ഞടിച്ച മുൻ കോൺഗ്രസ് പ്രസിഡന്റ്, കഴിഞ്ഞ 11 വർഷത്തിനിടയിൽ ‘പാതിവേവിച്ചതും’ ‘തെറ്റായി ആസൂത്രണം’ ചെയ്തതുമായ നയരൂപീകരണത്തിന് ഒരു കുറവുമില്ലെന്ന് പറഞ്ഞു. ഈ ദുരന്ത പരമ്പരയിലെ ഏറ്റവും പുതിയത് ഗ്രേറ്റ് നിക്കോബാർ മെഗാ-ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണ്. പൂർണമായും തെറ്റായി നീക്കിവച്ച 72,000 കോടി രൂപയുടെ വിനിയോഗം ദ്വീപിലെ തദ്ദേശീയ ഗോത്ര സമൂഹങ്ങൾക്ക് നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്നു. ലോകത്തിലെ ഏറ്റവും സവിശേഷമായ സസ്യജന്തുജാല ആവാസ വ്യവസ്ഥകളിലൊന്നിനെ ഭീഷണിപ്പെടുത്തുന്നു. കൂടാതെ പ്രകൃതിദുരന്തങ്ങൾക്ക് വളരെ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
ഗ്രേറ്റ് നിക്കോബാർ ദ്വീപ് രണ്ട് തദ്ദേശീയ സമൂഹങ്ങളുടെ ആവാസ കേന്ദ്രമാണെന്ന് അവർ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ദുർബലരായ ഗോത്ര വിഭാഗമായ നിക്കോബാരിസ് ഗോത്രവും ഷോംപെൻ ഗോത്രവും. നിക്കോബാരിസ് ഗോത്രങ്ങളുടെ പൂർവ്വിക ഗ്രാമങ്ങൾ പദ്ധതിയുടെ നിർദ്ദിഷ്ട ഭൂപ്രദേശത്ത് ഉൾപ്പെടുന്നു. 2004ൽ ഇന്ത്യൻ മഹാസമുദ്രലുണ്ടായ സുനാമി നിക്കോബാരികളെ അവരുടെ ഗ്രാമങ്ങളിൽനിന്ന് ഒഴിഞ്ഞുപോവാൻ നിർബന്ധിതരാക്കി. പുതിയ പദ്ധതി ഈ സമൂഹത്തെ ശാശ്വതമായി നാടുകടത്തും. തങ്ങളുടെ പൂർവിക ഗ്രാമങ്ങളിലേക്ക് മടങ്ങാനുള്ള അവരുടെ സ്വപ്നം അവസാനിപ്പിക്കുമെന്നും സോണിയ പറഞ്ഞു.
വലിയ തോതിലുള്ള വികസന നിർദേശങ്ങൾ പരിഗണിക്കുമ്പോൾ ഗോത്രങ്ങളുടെ ക്ഷേമത്തിനും സമഗ്രതക്കും മുൻഗണന നൽകണമെന്നും അവർ ലേഖനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.