അഹമ്മദാബാദ്: ഇന്ത്യയുടെ ശുദ്ധമായ ഊർജ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ് പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്തിലെ റാൻ ഓഫ് കച്ചിലെ വിശാലമായ തരിശുഭൂമി. സോളാർ പാർക്കുകൾക്ക് അനുയോജ്യമായ തരിശും ഉൽപാദനക്ഷമമല്ലാത്തതുമായ വലിയ ഭൂമി കച്ചിൽ ഉണ്ട്. എന്നാലിത് വ്യവസായികളായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും കൈകളിലമരുന്ന കാഴ്ചയാണ്. കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപത്തിനാണ് ഇരു ശത കോടീശ്വരൻമാരും ഇവിടെ വിത്തെറിഞ്ഞിരിക്കുന്നത്.
പാകിസ്താൻ അതിർത്തിക്കടുത്തുള്ള വരണ്ട പ്രദേശത്ത് മെഗാ പദ്ധതികൾ ആദ്യമായി പ്രഖ്യാപിച്ചത് അദാനി ഗ്രൂപ്പാണ്. 538 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും പാരീസിന്റെ ഏകദേശം അഞ്ചിരട്ടി വലിപ്പമുള്ളതുമായ ‘ഖാവ്ദ’ പുനരുപയോഗ ഊർജ പാർക്ക് ലോകത്തിലെ ഏറ്റവും വലിയ ഹരിത ഊർജ പദ്ധതിയായി കണക്കാക്കപ്പെടുന്നു. സമൃദ്ധമായ സൗരോർജ, കാറ്റാടി സ്രോതസ്സുകളിൽ നിന്ന് 30 ജിഗാവാട്ട് ശുദ്ധമായ വൈദ്യുതി ഉത്പാദിപ്പിക്കുക എന്നതാണ് പ്ലാന്റിന്റെ ലക്ഷ്യം.
അദാനി ഗ്രൂപ്പ് 2022ൽ ഖാവ്ദയിൽ പ്രവർത്തനം ആരംഭിക്കുകയും 2024 ഫെബ്രുവരിയിൽ ദേശീയ ഗ്രിഡിലേക്ക് ആദ്യത്തെ വൈദ്യുതി വിതരണം ചെയ്യുകയും ചെയ്തപ്പോൾ, കഴിഞ്ഞ വർഷം ആഗസ്റ്റിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക ഓഹരി ഉടമകളുടെ യോഗത്തിലാണ് കച്ചിൽ ശുദ്ധമായ ഊർജ പദ്ധതിക്കുള്ള പദ്ധതികൾ മകേഷ് അംബാനി വെളിപ്പെടുത്തിയത്. ഈ വർഷത്തെ വാർഷിക പൊതുയോഗത്തിൽ, കമ്പനിയുടെ ഊർജ പോർട്ട്‌ഫോളിയോയുടെ മേൽനോട്ടം വഹിക്കുന്ന അദ്ദേഹത്തിന്റെ ഇളയ മകൻ അനന്ത് അംബാനി കൂടുതൽ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തുവന്നു.
‘ഗുജറാത്തിലെ കച്ചിൽ 5,50,000 ഏക്കർ വരണ്ട ഭൂമിയിൽ (സിംഗപ്പൂരിന്റെ മൂന്നിരട്ടി വലിപ്പത്തിൽ) വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സിംഗ്ൾ-സൈറ്റ് സോളാർ പദ്ധതികളിൽ ഒന്ന് ഞങ്ങൾ വികസിപ്പിക്കുകയാണ്. പ്രതിദിനം 55 മെഗാവാട്ട് സോളാർ മൊഡ്യൂളുകളും 150 മെഗാവാട്ട് ബാറ്ററി കണ്ടെയ്‌നറുകളും വിന്യസിക്കും. ഇത് ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇൻസ്റ്റാളേഷനുകളിൽ ഒന്നായിരിക്കും. അടുത്ത ദശകത്തിനുള്ളിൽ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ ഏകദേശം 10 ശതമാനം ഈ ഒരൊറ്റ സൈറ്റിന് നിറവേറ്റാൻ കഴിയും’ -ആഗസ്റ്റ് 29ന് ജൂനിയർ അംബാനി വ്യക്തമാക്കി. തങ്ങളുടെ ‘ഖാവ്ദ’ പദ്ധതി 538 ചതുരശ്ര കിലോമീറ്ററിനെ ഉൾക്കൊള്ളുന്നുവെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കച്ച് കോടിക്കണക്കിന് ഡോളർ നിക്ഷേപം ആകർഷിക്കുന്നതിന്റെ കാരണം, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൗരോർജ വികിരണം ഇവിടെ നിന്നാണ് ലഭിക്കുന്നത് എന്നതാണ്. പ്രതിദിനം ഒരു ചതുരശ്ര മീറ്ററിന് ശരാശരി 5.5-6.0 കിലോവാട്ട്-മണിക്കൂർ (ഒരു ചതുരശ്ര മീറ്ററിന് ഏകദേശം 2,060-2,100 kWh). ഇവിടെ പ്രതിവർഷം 300ലധികം വെയിൽ ദിനങ്ങളുണ്ട്. ഇത് സ്ഥിരവും വലിയ തോതിലുള്ളതുമായ സൗരോർജ ഉൽപ്പാദനത്തിന് അനുയോജ്യമാക്കുന്നു.
മറ്റൊന്ന്, നല്ല കാറ്റിന്റെ സാധ്യതയാണ്. സെക്കൻഡിൽ 8 മീറ്റർ ആണ് കാറ്റിന്റെ വേഗത. ഇത് സൗരോർജ്ജവും കാറ്റും സയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് ഊർജ പദ്ധതികൾക്ക് അനുയോജ്യമാക്കുന്നു. ഗ്രിഡിന്റെ സ്ഥിരതയെ മെച്ചപ്പെടുത്തുന്നു. അദാനിയുടെ ഖാവ്ദ പദ്ധതി ഒരു ഹൈബ്രിഡ് പദ്ധതിയാണ്.
ഇതിൽ .പ്രധാനമായത്, ഗുജറാത്തിലെ ഏറെ വികസിപ്പിച്ച ഗ്രിഡ് ഇൻഫ്രാസ്ട്രക്ചറിനും ശക്തമായ പവർ ഇവാക്കേഷൻ സൗകര്യങ്ങൾക്കും സമീപമാണ് ഖാവ്ദ സ്ഥിതിചെയ്യുന്നതെന്നതാണ്. ഇത് പുനഃരുപയോഗിക്കാവുന്ന ഊർജ ഉൽപാദനത്തെ പിന്തുണക്കുന്നു. ഇതിലെല്ലാമുപരി, മെഗാ പ്രോജക്ടുകളെ പിന്തുണക്കുന്നതിന് ഗുജറാത്ത് സർക്കാറിർ എളുപ്പത്തിലുള്ള ഭൂമി പാട്ട നയങ്ങൾ, ഫാസ്റ്റ്-ട്രാക്ക് ക്ലിയറൻസുകൾ എന്നിവ പോലുള്ള പ്രോത്സാഹനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉപകരണങ്ങൾ എളുപ്പത്തിൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുന്ന മുന്ദ്ര, കണ്ട്ല തുടങ്ങിയ തുറമുഖങ്ങൾക്കും താരതമ്യേന അടുത്താണ് കച്ച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.