സ്വാഭാവിക വെളിച്ചത്തിൽ ജീവചക്രം ചിട്ടപ്പെടുത്തപ്പെട്ട പക്ഷി മൃഗാദികളിൽ പ്രകാശ മലിനീകരണത്തിന്റെ ആഘാതം എടുത്തുകാണിച്ച് പുതിയ പഠനം. പക്ഷി പ്രേമികൾ ഒരു ജനപ്രിയ സ്പീഷീസ് ഐഡന്റിഫിക്കേഷൻ ആൻഡ് മാപ്പിങ് വെബ്‌സൈറ്റിൽ സമർപ്പിച്ച റെക്കോർഡുകളെ അടിസ്ഥാനമാക്കിയുള്ള പഠനം, പ്രകാശ മലിനീകരണം കാരണം പക്ഷികൾ ഓരോ ദിവസവും ശരാശരി 50 മിനിറ്റ് കൂടുതൽ ഉണർന്നിരിക്കുന്നുവെന്നും ചില സ്പീഷീസുകൾ ഒരു മണിക്കൂർ മുമ്പ് ഉണരുന്നുവെന്നും കാണിച്ചു. രാത്രി കാലങ്ങളിലെ അമിത വെളിച്ചം മൂലം ഉറക്കം വൈകുന്ന നഗരപ്രദേശങ്ങളിലെ പക്ഷികൾ ഗ്രാമീണ പക്ഷികളേക്കാൾ വളരെ വൈകിയാണ് ഉണരുന്നത്.
ആകാശത്തിനു കീഴിലെ ഏറ്റവും തിളക്കമുള്ള രാത്രി ഒരു പക്ഷിയുടെ ഉറക്കം ഒരു മണിക്കൂർ കൂടി വൈകിപ്പിക്കുന്നുവെന്നതടക്കമുള്ള കണ്ടെത്തലുകൾ തങ്ങളെ ഞെട്ടിച്ചുവെന്ന് സതേൺ ഇല്ലിനോയിസ് യൂനിവേഴ്‌സിറ്റി കാർബണ്ടേലിലെ ജൈവവൈവിധ്യ സംരക്ഷണ അസിസ്റ്റന്റ് പ്രഫസർ ഡോ. ബ്രെന്റ് പീസ് പറഞ്ഞു.
പ്രകാശ മലിനീകരണം ഇപ്പോൾ ഭൂമിയുടെ ഉപരിതലത്തിന്റെ 23ശതമാനത്തെയും ബാധിച്ചുകഴിഞ്ഞു. അതിന്റെ വ്യാപ്തിയും തീവ്രതയും അതിവേഗം വളരുകയാണെന്നും ഡാറ്റ സൂചിപ്പിക്കുന്നു. ഇത് മനുഷ്യന്റെ ആരോഗ്യത്തിനു പുറമെ പല ജീവിവർഗങ്ങളെയും ദോഷകരമായി ബാധിക്കുന്നതായി തെളിവുകൾ ഉണ്ട്. പ്രാണികളുടെ ചത്തൊടുങ്ങലും വവ്വാലുകളിലും കടലാമകളിലും കുടിയേറ്റ രീതികളുടെ തടസ്സവും ഉൾപ്പെടെയുള്ള നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.
ഏറ്റവും പുതിയ പഠനത്തിൽ, ‘ബേർഡ്‌വെതറി’ലെ ശാസ്ത്രജ്ഞർ 26 ലക്ഷം പക്ഷി ശബ്ദ നിരീക്ഷണങ്ങളും 18 ലക്ഷം പക്ഷി വിളികളുടെ നിരീക്ഷണങ്ങളും വിശകലനം ചെയ്തു. പ്രകാശ മലിനീകരണത്തിന്റെ ആഗോള ഉപഗ്രഹ ഇമേജറി അളവുകളുമായി ഈ ഡാറ്റയെ സംയോജിപ്പിച്ചു. പക്ഷികൾ മനുഷ്യശക്തികളോട് എങ്ങനെ പെരുമാറ്റപരമായി പ്രതികരിക്കുന്നുവെന്ന് മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു സ്കെയിലിൽ പഠിക്കാൻ തുടങ്ങി.
പ്രകാശ മലിനീകരണമുള്ള പ്രദേശങ്ങളിലെ പക്ഷികൾ ഉണർന്നിരിക്കുന്ന സമയം 50 മിറ്റോളം നീണ്ടതായി വിശകലനം കണ്ടെത്തി. വലിയ കണ്ണുകളുള്ള ജീവിവർഗങ്ങൾക്കാണ് കൃത്രിമ വെളിച്ചത്തോട് ഏറ്റവും ശക്തമായ പ്രതികരണം ഉണ്ടായിരുന്നത്. കുരുവികൾ പോലുള്ള ചെറിയ കണ്ണുള്ളവക്ക് അത്ര പ്രതികരണശേഷി ഉണ്ടായിരുന്നില്ല.
എന്നാൽ, ദൈർഘ്യമേറിയ പകൽ സമയം പക്ഷികൾക്കുണ്ടാക്കുന്ന ആഘാതത്തിന്റെ തീവ്രത എത്രത്തോളമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും ഗവേഷകർ പറഞ്ഞു. അവയുടെ സ്വാഭാവിക പെരുമാറ്റരീതികളിലെ മാറ്റം ആശങ്കാജനകമാണെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.