കിങ് അബ്ദുൽ അസീസ് റോയൽ റിസർവ് വനത്തിൽ കണ്ടെത്തിയ പെക്ടറൽ
സാൻഡ്പൈപ്പർ എന്ന അപൂർവ പക്ഷി
യാംബു: സൗദിയുടെ വടക്കൻ മേഖലയിലെ പ്രകൃതി സംരക്ഷിത പ്രദേശമായ കിങ് അബ്ദുൽ അസീസ് റോയൽ റിസർവ് വനത്തിൽ ലോകത്ത് തന്നെ അപൂർവമായി കാണാറുള്ള ദേശാടനപക്ഷിയെ കണ്ടെത്തിയതായി റിപ്പോർട്ട്. അപൂർവ ജലപക്ഷിയായി അറിയപ്പെടുന്ന പെക്ടറൽ സാൻഡ്പൈപ്പറിനെ (കാലിഡ്രിസ് മെലനോട്ടോസ്) കഴിഞ്ഞ ദിവസം കണ്ടതായി കിംങ് അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര ദേശാടന പക്ഷികളുടെ സാന്നിധ്യം നിരീക്ഷിക്കുന്ന സംഘം കിങ് അബ്ദുൽ അസീസ് റോയൽ റിസർവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ. ദേശാടന പക്ഷികളുടെ പഠനത്തിലൂടെ രാജ്യത്തിന്റെ നിർണായക പങ്കിനെ പ്രതിഫലിപ്പിക്കുന്ന പക്ഷിയുടെ രേഖകൾ ആണ് അതോറിറ്റി പുറത്തുവിട്ടത്. രാജ്യത്തെ റിസർവിനുള്ളിൽ പെക്ടറൽ സാൻഡ്പൈപ്പറിനെ കണ്ടെത്തിയത് ആദ്യത്തെ സ്ഥിരീകരിച്ച റെക്കോഡാണെന്ന് അധികൃതർ അറിയിച്ചു.
അറേബ്യൻ ഉപദ്വീപിലെ അപൂർവ ദേശാടന പക്ഷികളിൽ പെട്ട ഒരു ഇനമായി പെക്ടറൽ സാൻഡ്പൈപ്പറിനെ കണക്കാക്കുന്നു. കാനഡയിലെയും അലാസ്കയിലെയും ആർട്ടിക് ടുണ്ട്ര പ്രദേശങ്ങളിലാണ് ഇവ പ്രജനനം നടത്തുന്നത്. സൈബീരിയയിലും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തും ശൈത്യകാലത്താണ് ഇവറ്റകളെ സാധാരണ കാണാറുള്ളത്. ഒന്നിലധികം ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുടിയേറ്റ പാതകളിലൂടെ ഇവ സഞ്ചാരം നടത്താറുണ്ട്. ചെറിയ ക്രസ്റ്റേഷ്യനുകൾ, ജല അകശേരുക്കൾ, പ്രാണികൾ എന്നിവയാണ് ഈ പക്ഷികളുടെ മുഖ്യആഹാരം. ദേശാടന പക്ഷികളുടെ ആഗോള ചലനം ട്രാക്ക് ചെയ്യുന്നതിൽ സൗദി റിസർവുകളുടെ ശാസ്ത്രീയവും പാരിസ്ഥിതികവുമായ മൂല്യം ആഗോളതലത്തിൽ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. രാജ്യത്ത് ഈ പക്ഷികളെ കണ്ടെത്തിയത് ഒരു അസാധാരണ സംഭവമാണെന്ന് യു.എസ് പത്രമായ 'ഹെറാൾഡ് ലീഡർ' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.
വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം വംശനാശ ഭീഷണി നേരിടുന്ന ജീവികളെയും പ്രകൃതി വിഭവങ്ങളെയും റോയൽ റിസർവിൽ പ്രത്യേകം സംരക്ഷിക്കുന്നു. പ്രകൃതി വിഭവങ്ങൾ വികസിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് സംരക്ഷണം നൽകുകയും ചെയ്ത ശ്രമങ്ങളും അതോറിറ്റി പരിഗണിച്ചിരുന്നു. പരിസ്ഥിതി സംരക്ഷണവും വികസന പ്രക്രിയയിൽ പങ്കാളികളുടെ പങ്കാളിത്തവും ആവശ്യപ്പെടുന്ന സൂചകങ്ങൾ പട്ടികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പരിസ്ഥിതി സംരക്ഷണ മേഖലയിലെ സംരക്ഷിത പ്രദേശത്തിന്റെ അതോറിറ്റിയുടെ കഴിവും വികസന പാതയിൽ കൈവരിച്ച നേട്ടങ്ങളും ആഗോളതലത്തിൽ തന്നെ ഇതിനകം ശ്രദ്ധേയമായി. ജൈവവൈവിധ്യങ്ങൾ ഫലപ്രദമായ രീതിയിൽ സംരക്ഷിക്കുവാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും സുസ്ഥിരത കൈവരിക്കാനും റോയൽ റിസർവ് അതോറിറ്റിയുടെ ശ്രമങ്ങളും സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും സൗദി ചെയ്തുവരുന്ന ബഹുമുഖപദ്ധതികളും ഏറെ ഫലം കണ്ടതായി വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.