അൽഖോബാർ: സൗദിയിലെ തൊഴിലാളികളിൽ ഏകദേശം 95 ശതമാനം പേർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങളുടെ പരിരക്ഷ ലഭ്യമാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ജി.എ.എസ്.ടി.എ.ടി). കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2024ലെ തൊഴിൽസ്ഥല ആരോഗ്യ സുരക്ഷ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യമുള്ളത്. റോഡ് അപകടങ്ങൾ ഒഴിവാക്കിയുള്ള കണക്ക് അനുസരിച്ച് 15 ഉം അതിന് മുകളിലും വയസുള്ള തൊഴിലാളികളിൽ ഒരു ലക്ഷം പേരിൽ 245.7 പേർക്ക് നിസ്സാരമായ തൊഴിൽസ്ഥല പരിക്കുകളും 1.1 പേർക്ക് മരണത്തിൽ കലാശിച്ച പരിക്കുകളും സംഭവിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 39 ശതമാനം പേർ തൊഴിൽസ്ഥല ആരോഗ്യ സുരക്ഷ നടപടികളിൽ പരിശീലനം നേടിയിട്ടുണ്ട്. 40.4 ശതമാനം തൊഴിലാളികൾക്ക് ജോലി സ്ഥലത്ത് ആരോഗ്യ സുരക്ഷ മാനേജ്മെന്റ് ഓഫിസ് ലഭ്യമാണ്.
32.2 ശതമാനം തൊഴിലാളികൾക്ക് അവരുടെ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന കാലാനുസൃത മെഡിക്കൽ പരിശോധനകൾ ലഭ്യമായിരുന്നു. 5.4 ശതമാനം തൊഴിലാളികൾ അപകട സാധ്യതയുള്ള യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നു. 2.1 ശതമാനം തൊഴിലാളികൾ രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നു. ഒരു ശതമാനം തൊഴിലാളികൾ ഭാരമേറിയ ലോഹങ്ങളുടെ സമ്പർക്കത്തിൽ ഏർപ്പെട്ടുവരുന്നു എന്നതാണ് കണക്ക്.
കഴിഞ്ഞ 12 മാസത്തിനിടെ തൊഴിലുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നം മാനസിക സമ്മർദം ആയിരുന്നു. ഇത് 2.1 ശതമാനം തൊഴിലാളികളെ ബാധിച്ചു. തുടർന്ന് കണ്ണും കാഴ്ചയും സംബന്ധിച്ച പ്രശ്നങ്ങൾ രണ്ട് ശതമാനം തൊഴിലാളികളിൽ കണ്ടെത്തി.
ഇതിന് പുറമെ 79.5 ശതമാനം തൊഴിലാളികൾക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ ബന്ധിത ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട് പറയുന്നു. ഈ കണക്കുകൾ 2024 ദേശീയാരോഗ്യ സർവേയുടെ ഭാഗമായി വീടുകളിലെത്തി നടത്തിയ സർവേകളിലൂടെ ശേഖരിച്ച തൊഴിലാളികളുടെ സ്വയം റിപ്പോർട്ട് ചെയ്ത ഡേറ്റ അടിസ്ഥാനമാക്കിയുള്ളതാണ്.
എന്നാൽ തൊഴിൽ പരിക്കുകളുടെ കണക്കുകൾ ദേശീയ തൊഴിൽ സുരക്ഷാ കൗൺസിൽ രജിസ്റ്റർ ഡേറ്റയും ജി.എ.എസ്.ടി.എ.ടിയുടെ 2024 ജനസംഖ്യാ കണക്കുകളും ചേർത്താണ് തയാറാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.