അൽഉല പ്രദേശങ്ങൾ
യാംബു: സൗദിയിലെ വിശാലമായ പ്രാചീന നഗരിയിലൊന്നാണ് അൽ ഉല നഗരത്തിന്റെ പാരിസ്ഥിതിക വിഷയങ്ങളിൽ പരസ്പര സഹകരണവും ജൈവ വൈവിധ്യസംരക്ഷണവും ലക്ഷ്യം വെച്ച് അൽ ഉല റോയൽ കമീഷൻ അതോറിറ്റിയും ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേചർ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പുവെച്ചു. പൊതുവികസനം, ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി സുസ്ഥിരത, അൽ ഉലയിലെ സമൂഹ ഇടപെടൽ എന്നിവയിൽ മികച്ച രീതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും പ്രകൃതിവിഭവ സംരക്ഷണത്തിനായുള്ള ശക്തമായ ദേശീയ ചട്ടക്കൂടിന് സംഭാവന നൽകുന്നതിലും പരസ്പര പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
അൽഉല പ്രദേശങ്ങൾ
ജൈവവൈവിധ്യ സംരക്ഷണത്തിലും സാമൂഹിക കാര്യ മാനേജ്മെന്റിലും സ്ഥാപനപരമായ വൈദഗ്ധ്യത്തിന്റെ കൈമാറ്റം, ദേശീയ വികസനത്തെ പിന്തുണക്കൽ, പ്രാദേശിക, ദേശീയ പുരോഗതിയോടുള്ള ഇരു കക്ഷികളുടെയും പ്രതിബദ്ധത പ്രതിഫലിപ്പിക്കൽ എന്നിവയെ ധാരണ പത്രം പ്രോത്സാഹിപ്പിക്കുന്നു. പ്രദേശത്തെ ബഹുമുഖമായ വികസനത്തിനും രാജ്യത്തിന്റെ പൈതൃക സംരക്ഷണത്തിനും പ്രത്യേക സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം ഫലം ചെയ്യുമെന്ന് വിലയിരുത്തുന്നു. കൂടാതെ അൽഉലയിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും സംയോജിത സുസ്ഥിരതക്കുമുള്ള വിഷൻ 2030 ലക്ഷ്യങ്ങൾ പൂർത്തിയാക്കാനും പുതിയ ധരണ പത്രം വഴി സാധിക്കുമെന്നും അധികൃതർ പ്രതീക്ഷിക്കുന്നു.
സമൃദ്ധമായ ജലവും വളക്കൂറുള്ള കൃഷിഭൂമിയും ദൈവം കനിഞ്ഞരുളിയ അൽഉല പ്രദേശം മദീന പ്രവിശ്യയിലെ വടക്കു ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. പ്രവാചകൻ മുഹമ്മദിന്റെ നഗരിയായി അറിയപ്പെടുന്ന മദീനയിൽ നിന്നും ഇവിടേക്ക് 400 കിലോ മീറ്റർ ദൂരമുണ്ട്. പുരാതന കാലത്ത് ശുദ്ധജലം സമൃദ്ധമായി ഒഴുകിയ രണ്ട് അരുവികൾ ഇവിടെ ഉണ്ടായിരുന്നെന്ന് ചരിത്രം പറയുന്നു. ഈ അരുവികളുടെ ഓരങ്ങളിൽ ഉയരം കൂടിയ ഈന്തപ്പനകൾ ധാരാളം ഉണ്ടായിരുന്നുവത്രെ. ഇത് സൂചിപ്പിച്ചാണ് ഉയരം കൂടിയത് എന്ന അർഥം കിട്ടുന്ന 'അൽ ഉല' എന്ന നാമം ഈ പ്രദേശത്തിന് ലഭിച്ചതെന്ന് അറബ് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. നഗരിയിലേക്ക് കടക്കുമ്പോൾ തന്നെ തലയെടുപ്പുള്ള പാറകളുടെ രൂപഭാവങ്ങളും വർണാഭമായ ചാരുതയും സന്ദർശകർക്ക് വിസ്മയക്കാഴ്ചയാണ് സമ്മാനിക്കുക. പ്രകൃതിയൊരുക്കിയ ശില്പ ഭംഗിയും ചുകന്ന കുന്നുകളുടെ അത്ഭുതകരമായ രൂപഭാവങ്ങളും നയനാനന്ദകരമായ ദൃശ്യവിരുന്നൊരുക്കുന്നു.
അൽഉല റോയൽ കമീഷൻ അതോറിറ്റി, ഇമാം തുർക്കി ബിൻ അബ്ദുല്ല റോയൽ നേചർ റിസർവ് ഡെവലപ്മെന്റ് അതോറിറ്റിയുമായി ധാരണ പത്രത്തിൽ ഒപ്പിടുന്നു.
അൽഉല പ്രദേശത്തിന്റെ വികസനത്തിനും ചരിത്രപ്രദേശങ്ങളുടെ നവീകരണത്തിനും 'അൽ ഉല റോയൽ കമീഷൻ അതോറിറ്റി' ബഹുമുഖമായ പദ്ധതികളാണ് ഇതിനകം നടപ്പിലാക്കിയത്. രാജ്യത്ത് സാമ്പത്തിക പരിഷ്കരണങ്ങൾക്ക് നേതൃത്വം നൽകുന്ന കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ പ്രത്യേക മേൽനോട്ടം ഇതിനുണ്ട്. മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ ആകർഷിക്കുന്നതിന് രാജ്യത്തെ ഭരണകൂടം നൽകുന്ന പരിഗണന ഏറെയാണ്. രാജ്യത്തിനകത്തു നിന്നും വിദേശത്തു നിന്നുമായി പ്രതിവർഷം പത്തു ലക്ഷത്തിലേറെ സഞ്ചാരികളെ ആകർഷിപ്പിക്കാനുള്ള ബഹുമുഖമായ പദ്ധതികളാണ് അൽഉലയിൽ അധികൃതർ ഊർജിതമാക്കിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.