പൂക്കൾ, പായൽ, കിളികൾ തുടങ്ങിയ പദങ്ങൾ അപ്രത്യക്ഷമാകുന്നു! കഴിഞ്ഞ 200 വർഷത്തിനിടെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം 60% കുറഞ്ഞുവെന്ന് പഠനം

കഴിഞ്ഞ 200 വർഷത്തിനിടെ പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം 60% കുറഞ്ഞുവെന്ന് പഠനം. ബ്രിട്ടൻ കേന്ദ്രീകരിച്ച് നടത്തിയ നേച്ചർ കണക്ടഡ്‌നെസ് വിഭാഗം പ്രൊഫസറായ റിച്ചാഡ്സന്റെ പഠനത്തിലാണ് ഈ കണ്ടെത്തൽ. 220 വർഷത്തെ വിവരശേഖരം കംപ്യൂട്ടർ മോഡലുകളുപയോഗിച്ച് പഠിച്ചാണ് റിച്ചാഡ്സൺ ഈ നിഗമനത്തിലെത്തിയത്. ഈ കുറവ് പ്രധാനമായും സംഭവിച്ചത് വ്യാവസായിക വിപ്ലവത്തിനും നഗരവൽക്കരണത്തിനും ശേഷമാണ്. മനുഷ്യൻ പ്രകൃതിയിൽനിന്ന് അകന്ന് കൂടുതൽ കൃത്രിമമായ അന്തരീക്ഷത്തിലേക്ക് മാറിയതാണ് ഇതിന് കാരണം.

പുസ്‌തകങ്ങളിൽനിന്ന് പ്രകൃതി, നദി, പുല്ല്, പൂക്കൾ, പായൽ, കിളികൾ തുടങ്ങിയ പദങ്ങളൊക്കെ അപ്രത്യക്ഷമാകുന്നുവെന്ന് റിച്ചാഡ്സൺ കണ്ടെത്തി. 1800 മുതൽ 2020 വരെയുള്ള കാലത്തിനിടെ പുസ്തകങ്ങളിൽനിന്ന് ഇത്തരം പദങ്ങൾ ഏറ്റവും കൂടുതൽ അപ്രത്യക്ഷമായത് 1990ലാണെന്നും പഠനം പറയുന്നു. ഭൂരിഭാഗം ആളുകളും നഗരങ്ങളിലും അപ്പാർട്ട്മെന്റുകളിലുമാണ് താമസിക്കുന്നത്. ഇവിടെ പ്രകൃതിയുമായി നേരിട്ട് ഇടപഴകാനുള്ള അവസരങ്ങൾ വളരെ കുറവാണ്. മൊബൈൽ ഫോണുകൾ, കമ്പ്യൂട്ടറുകൾ, ടി.വി എന്നിവയുടെ അമിത ഉപയോഗം ആളുകളെ വീടിനുള്ളിൽ ഒതുങ്ങിക്കൂടാൻ പ്രേരിപ്പിക്കുന്നു. ഇത് പുറത്തിറങ്ങി പ്രകൃതിയുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ ഇല്ലാതാക്കുന്നു. ജോലിത്തിരക്കും മറ്റ് ഉത്തരവാദിത്തങ്ങളും കാരണം ആളുകൾക്ക് പ്രകൃതിയുമായി സമയം ചെലവഴിക്കാൻ സമയം കിട്ടുന്നില്ല.

ഈ സ്ഥിതി തുടർന്നാൽ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം ഇനിയും കുറയുമെന്ന് പഠനം മുന്നറിയിപ്പുനൽകുന്നു. പ്രകൃതിയുമായുള്ള ബന്ധം കുറയുമ്പോൾ അതിനെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ആളുകൾക്ക് മനസിലാക്കാൻ സാധിക്കാതെ വരുന്നു. ഇത് മലിനീകരണം, വനനശീകരണം തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതൊഴിവാക്കാൻ ചെറുപ്രായത്തിൽത്തന്നെ കുഞ്ഞുങ്ങളെ പ്രകൃതിയുമായി ഇണങ്ങിജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നയങ്ങൾ വേണമെന്ന് പഠനം നിർദേശിക്കുന്നു. പ്രകൃതിയുമായുള്ള ബന്ധം കുറഞ്ഞത് മാനസികാരോഗ്യ പ്രശ്നങ്ങളായ വിഷാദം, ഉത്കണ്ഠ, ഏകാന്തത എന്നിവ വർധിക്കാൻ കാരണമായിട്ടുണ്ട്. പ്രകൃതിയുമായി അടുത്ത് ഇടപഴകുന്നത് മാനസിക സമ്മർദം കുറക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. 

Tags:    
News Summary - Human connection to nature has declined 60% in 200 years, study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.